“അവിശ്വാസികളുടെ സര്‍വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കും”: സുരേഷ് ഗോപി
1 min read

“അവിശ്വാസികളുടെ സര്‍വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കും”: സുരേഷ് ഗോപി

അവിശ്വാസികളായ ആളുകളോട് തനിക്ക് യാതൊരു സ്‌നേഹവുമില്ലെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി.  അവിശ്വാസികളുടെ സര്‍വ്വനാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നില്‍ പോയിരു താന്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നും നടന്‍ സുരേഷ് ഗോപി പറഞ്ഞു . ഭക്തിയേയും ഭക്തി സ്ഥാപനങ്ങളേയും നിന്ദിക്കുന്ന ആളുകളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. ആലുവയില്‍ ശിവരാത്രി അഘോഷത്തിനിടയില്‍ നടത്തിയ പ്രസംഗത്തിലാണ് താരത്തിന്റെ പരാമര്‍ശം. കുട്ടികള്‍ക്കിടയില്‍ സ്‌നേഹവും അച്ചടക്കവും വളര്‍ത്തിയെടുക്കാൻ വിശ്വാസം നല്ലൊരു ആയുധമാണ്. തന്റെ മതത്തെ സ്‌നേഹിക്കുന്നത് പോലെ നമുക്ക് ചുറ്റുമുള്ള മറ്റ് വിശ്വാസങ്ങളെയും താന്‍ അംഗീകരിക്കുന്നുണ്ട്, ഖുര്‍ആനേയും ബൈബിളിനേയും എല്ലാവരും മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘പ്രധാന ആവശ്യം കുട്ടികളില്‍ സ്‌നേഹം വളര്‍ത്തിയെടുക്കുക എന്നതാണ്. ഇതനു വേണ്ടി മതം എന്നത് നല്ലൊരു ആയുധമാണ്. അങ്ങനെയാണ് ഞാന്‍ ഈ മതത്തെ കണ്ടിട്ടുള്ളത്. എന്റെ മതത്തെ ഞാന്‍ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ മറ്റ് മതസ്ഥരുടെ വിശ്വാസത്തേയും ബഹുമാനിക്കാൻ സാധിക്കണം. ഖുര്‍ആനേയും ബൈബിളിനേയും എപ്പോഴും മാനിക്കണം. സ്‌നേഹവും അങ്ങനെ തന്നെയാണ്, എന്റെ ഈശ്വരന്മാരെ സ്‌നേഹിച്ച് കൊണ്ട് , ലോകത്തുള്ള വിശ്വാസികളായ എല്ലാ മനുഷ്യരെയും ഞാൻ സ്‌നേഹിക്കും. എന്നാൽ അവിശ്വാസികളോട് താൻ ഒട്ടും തന്നെ സ്‌നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ പറയും. വിശ്വാസികളുടെ അവകാശത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും താൻ പൊറുക്കില്ല. അവരുടെ സര്‍വ്വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നില്‍ നിന്ന് ഞാൻ പ്രാര്‍ത്ഥിക്കാറുണ്ട്.

അത് ഏവരും ചെയ്യണം. നമുക്കു ചുറ്റുമുള്ളവരെ ദ്രോഹിക്കാന്‍ വേണ്ടിയുള്ളതല്ല നമ്മുടെ ഭക്തിയെന്ന് പറയുന്നത്. പക്ഷെ ഭക്തിയേയും ഭക്തി സ്ഥാപനങ്ങളെയും ഭക്തി മാര്‍ഗങ്ങളെയും നിന്ദിക്കാന്‍ വരുന്ന ആളുകൾ സമാധാനത്തോടെ നല്ല ജീവിതം ജീവിക്കാന്‍ ഒരു കാരണവശാലും അനുവദിച്ചു കൂടാ. രാഷ്ട്രീയം സ്പുരിക്കുന്നത് കൊണ്ടാണ് ഞാന്‍ ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന് പറയാത്തത്. എല്ലാം എല്ലാവര്‍ക്കും മനസിലാകുന്നുണ്ട്  അതു കൊണ്ടാണ് ഞാന്‍ തുറന്നു പറയാത്തത്. പക്ഷേ വിശ്വാസി സമൂഹത്തിന്റെ പ്രദേശത്ത് പോലും ആരും കടന്ന് വന്ന്  ദ്രോഹിക്കരുത്.
ഞങ്ങള്‍ ലോകത്തിന്റെ നന്മക്ക് വേണ്ടിയാണ് പ്രാർത്ഥിക്കുന്നത് . അതിനെ ഉദ്രവിക്കാതെ അവിശ്വാസികള്‍ക്ക് അവരുടെ വഴിയെ ചുറ്റി കറങ്ങി പോകാം. ഇങ്ങോട്ടേക്ക് ആരും നുഴഞ്ഞ് കയറാന്‍ ശ്രമിക്കരുത് എന്ന് ഉച്ചത്തില്‍ വിളിച്ച് പറയേണ്ട കാലഘട്ടത്തിലാണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്’, സുരേഷ് ഗോപി പറഞ്ഞു.