‘കണ്ണ് ചിമ്മാതെ റഫ് കട്ട് കണ്ടു, ഉഗ്രന്‍ എന്ന് പറഞ്ഞു, പക്ഷേ ആ റോള്‍ ചെയ്യാന്‍ പറ്റിയില്ല’; മമ്മൂട്ടി ചെയ്യാതെ പോയ റോളിനെക്കുറിച്ച് പടയുടെ സംവിധായകന്‍
1 min read

‘കണ്ണ് ചിമ്മാതെ റഫ് കട്ട് കണ്ടു, ഉഗ്രന്‍ എന്ന് പറഞ്ഞു, പക്ഷേ ആ റോള്‍ ചെയ്യാന്‍ പറ്റിയില്ല’; മമ്മൂട്ടി ചെയ്യാതെ പോയ റോളിനെക്കുറിച്ച് പടയുടെ സംവിധായകന്‍

തീയറ്ററുകളില്‍ തകര്‍ത്ത് ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കെ എം കമല്‍ സംവിധാനം ചെയ്ത പട എന്ന ചിത്രം. ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട റോളാണ് ചീഫ് സെക്രട്ടറിയുടേത്. നടന്‍ പ്രകാശ് രാജാണ് ഈ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഈ റോളിലേയ്ക്ക് ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു. വാര്‍ത്തകള്‍ സ്ഥിരീകരിച്ചുകൊണ്ട് പ്രസ്താവന നടത്തി രംഗത്തു വന്നിരിക്കുകയാണ് സംവിധായകന്‍ കമല്‍ തന്നെ. ഒരു അഭിമുഖത്തിലാണ് മമ്മൂട്ടിയ്ക്ക് പട സിനിമയുടെ ഭാഗമാകാന്‍ സാധിക്കാതെ പോയി എന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.

സിനിമയുടെ അവസാന ഷെഡ്യൂളിലാണ് ചീഫ് സെക്രട്ടറിയുടെ കഥാപാത്രം വരുന്നത്. ഈ വേഷം ആര് ചെയ്യണം എന്ന ചൂടന്‍ ചര്‍ച്ചകളാണ് നടന്നത്. കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്ജ് എന്നിവരുടെ കൂടെ തര്‍ക്കിക്കാനും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിപറയാനും സാധിക്കുന്ന പവ്വര്‍ഫുള്‍ ആയ ഒരാളായിരുന്നു ഈ വേഷത്തിന് ആവശ്യം. കാസ്റ്റിംഗ് ഡയറക്ടര്‍ സുധയാണ് ചര്‍ച്ചകള്‍ക്കിടയില്‍ മമ്മൂട്ടിയുടെ പേര് മുന്നോട്ട് വെച്ചതെന്നും ഡയറക്ടര്‍ കമല്‍ വെളിപ്പെടുത്തി. ഗസ്റ്റ് റോള്‍ ചെയ്യാന്‍ അദ്ദേഹത്തിന് മടിയുണ്ടാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നു എങ്കിലും മമ്മൂട്ടി തിരക്കഥയും റോളും കേള്‍ക്കട്ടെ എന്ന് പറഞ്ഞു. അങ്ങനെ മമ്മൂട്ടിയുടെ അടുത്ത് പട എന്ന സിനിമ എത്തി.

ചില റഫ് കട്ട് സീക്വന്‍സുകള്‍ കാണിച്ചു കൊടുത്തപ്പോള്‍ അദ്ദേഹം തന്നെ പ്രശംസിച്ചെന്നും മധു വെളിപ്പെടുത്തുന്നു. ഇത് തന്നെ ആവേശം കൊള്ളിച്ചിരുന്നു. പക്ഷേ, പിന്നീട് കോവിഡ് വരികയും മമ്മൂട്ടിയുടെ ലുക്കില്‍ മാറ്റം വരികയും ചെയ്തു. അതിനിടെയാണ് ഭീഷ്മ പോലുള്ള വമ്പന്‍ ചിത്രങ്ങള്‍ എത്തുന്നത്. അതിനിടയില്‍ അദ്ദേഹത്തോട് ലുക്കില്‍ കോംപ്രമൈസ് ചെയ്യാന്‍ പറയുന്നത് ശരിയല്ലെന്ന് തോന്നിയെന്നും കമല്‍ വെളിപ്പെടുത്തുന്നു. മമ്മൂട്ടി സിനിമയുടെ ഭാഗം ആയില്ലെങ്കിലും കൃത്യമായി സിനിമയെക്കുറിച്ച് വിളിച്ച് അന്വേഷിക്കുമായിരുന്നു എന്നും അക്കാര്യം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ പറഞ്ഞിട്ടുണ്ടെന്നും മധു പറയുന്നു. പ്രകാശ് രാജ് വളരെ അപ്രതീക്ഷിതമായാണ് സിനിമയിലേയ്ക്ക് എത്തിയത്. ആദ്യ കോളില്‍ തന്നെ ഈ വേഷത്തിന് അദ്ദേഹം സമ്മതം മൂളിയെന്നും കമല്‍ വ്യക്തമാക്കി.