ഓവര്‍സീസ് കളക്ഷനില്‍ മമ്മൂട്ടി എത്രാമത്?, ഒന്നാമൻ ആര്?
1 min read

ഓവര്‍സീസ് കളക്ഷനില്‍ മമ്മൂട്ടി എത്രാമത്?, ഒന്നാമൻ ആര്?

വിദേശ രാജ്യങ്ങളിലും ഇപ്പോള്‍ മലയാള സിനിമയ്‍ക്ക് വൻ സ്വീകാര്യത ലഭിക്കാറുണ്ട്. ആഗോള റിലീസായിട്ടാണ് മിക്ക മലയാള ചിത്രങ്ങളും ഇപ്പോള്‍ പ്രദര്‍ശനത്തിനെത്താറുള്ളതും. സിനിമയുടെ വിജയത്തില്‍ അത് നിര്‍ണായകമാകാറുണ്ട്. കളക്ഷനില്‍ ഒന്നാം സ്ഥാനത്തുള്ള മലയാള സിനിമ വിദേശത്തും 2018 ആണ് എന്നതാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടൊവിനൊ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ എന്നിങ്ങനെ നിരവധി യുവ താരങ്ങള്‍ പ്രധാന വേഷത്തില്‍ അണിനിരന്ന 2018 അദ്ഭുതപ്പെടുത്തുന്ന വിജയമാണ് സ്വന്തമാക്കിയത്. ആഗോളതലത്തില്‍ 2018 ആകെ 200 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. വിദേശത്ത് 2018 നേടിയത് 67.80 കോടി രൂപയാണ്. മലയാളത്തിന്റെ ക്രൗഡ് പുള്ളര്‍ മോഹൻലാലിന്റെ ചിത്രങ്ങളായ ലൂസിഫറും പുലിമുരുകനും യഥാക്രമം 50. 20 കോടിയും 38.50 കോടിയും നേടി വിദേശത്ത് കളക്ഷനില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

വിദേശത്ത് നാലാം സ്ഥാനത്താണ് മമ്മൂട്ടിയുടെ സിനിമ ഇടം നേടിയിരിക്കുന്നത്. ഭീഷ്‍മ പര്‍വം വിദേശത്ത് 36.40 കോടി രൂപയാണ് നേടിയത്. അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ദുല്‍ഖറാണ്. ദുല്‍ഖറിനെ കുറുപ്പ് നേടിയത് 32.60 കോടി രൂപയാണ്. ആറാം സ്ഥാനത്ത് നിവിൻ പോളിയാണ്. ആഗോളതലത്തില്‍ നിവിൻ പോളിയുടെ ആദ്യ 50 കോടി ക്ലബായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ സര്‍പ്രൈസ് ഹിറ്റായ പ്രേമം. പ്രേമമാണ് നിവിൻ പോളിയെ 28 കോടി നേടി വിദേശത്തും ആറാം സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. അടുത്തിടെ പ്രദര്‍ശനത്തിന് എത്തി വിസ്‍മയിപ്പിക്കുന്ന ചിത്രമായ മാറി വമ്പൻ ലാഭം നേടിയ ആര്‍ഡിഎക്സ് 27.50 കോടി രൂപയുടെ കളക്ഷനുമായി വിദേശത്ത് ഏഴാം സ്ഥാനത്തുണ്ട്.

അതേസമയം ബോക്‌സ്ഓഫീസ് കിംഗ് മമ്മൂട്ടിയാണോ മോഹന്‍ലാലാണോ എന്ന ചോദ്യം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യല്‍മീഡിയകളില്‍ ഉയരുന്നിരുന്നു. നിരവധി ഹിറ്റുകളാണ് 2023ല്‍ ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ മുന്‍നിര നായകന്‍മാര്‍ക്കൊപ്പം യുവ താരങ്ങള്‍ക്കും ഒരുപാട് ഹിറ്റുകളുണ്ട്. കാലങ്ങളായി മലയാളത്തിന്റെ നെടുംതൂണുകളായ മോഹന്‍ലാലും മമ്മൂട്ടിയുടെയും ക്രഡിറ്റിലാണ് കൂടുതല്‍ ഹിറ്റുകള്‍.

വര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ കൂടുതല്‍ ചിത്രങ്ങള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒന്നാമത് എത്തിയത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേതുമാണ്. മോഹന്‍ലാല്‍ ഒന്നാമത് എത്തിയത് 2000,2001,2003, 2013, 2016,2019 വര്‍ഷങ്ങളിലാണ്. (കായംകുളം കൊച്ചുണ്ണി 2018ല്‍ മുന്നിലാണെങ്കിലും ചിത്രത്തിലെ നായകന്‍ നിവിന്‍ പോളിയാണ്. ട്വിന്റി ട്വന്റി മള്‍ട്ടി സ്റ്റാര്‍ ചിത്രം എന്ന നിലയില്‍ മോഹന്‍ലാലിന്റേത് മാത്രമായി പരിഗണിച്ചില്ല. മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപിയും ദിലീപുമുള്ള ചിത്രമായതിനാല്‍ ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സും കണക്കിലെടുത്തിട്ടില്ല). മമ്മൂട്ടി 2004, 2005, 2007, 2009, 2010, 2022 വര്‍ഷങ്ങളില്‍ ഒന്നാമത് എത്തിയത് (ട്വന്റി 20 പരിഗണിച്ചിട്ടില്ല). മമ്മൂട്ടിയും മോഹന്‍ലാലും ആറ് വീതം വര്‍ഷങ്ങളില്‍ ഒന്നാമത് എത്തിയിരിക്കുന്നു.