”കാഴ്ചക്കാരും അസ്വസ്ഥരാകുന്നുണ്ട്, അതിനുള്ള പ്രധാന കാരണം മമ്മൂട്ടി എന്ന നടനാണ് ” ; പുഴു കണ്ട പ്രേക്ഷകന്റെ അഭിപ്രായം
ഭീഷ്മപര്‍വത്തിനും സിബിഐ 5യ്ക്കും ശേഷം സിനിമാ പ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രം ‘പുഴു’ കഴിഞ്ഞ ദിവസം രാത്രിയാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തത്. നവാഗതയായ റത്തീനയാണ് പുഴു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ട, വരത്തന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയരായ ഹര്‍ഷാദ്, സുഹാസ്, ഷറഫു എന്നിവരാണ് തിരക്കഥ. പെര്‍ഫോമന്‍സില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് മമ്മൂട്ടി കാഴ്ച്ചവെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ടീസറും ട്രെയിലറും പുറത്തുവന്നപ്പോള്‍ തന്നെ സിനിമയില്‍ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാകും മമ്മൂട്ടി ചെയ്യുന്നത് എന്ന വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നു. അതെല്ലാം ശരിവക്കുന്ന രീതിയിലുള്ള അസാമാന്യ പ്രകടനം തന്നെയാണ് മമ്മൂട്ടി കാഴ്ച്ചവെച്ചിരിക്കുന്നത്.
മമ്മൂട്ടി മുഴുനീള നെഗറ്റീവ് വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. റിട്ടയേര്‍ഡ് ഐപിഎസ് ഉദ്യോഗസ്ഥനെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. അയാളുടെ മകനിലൂടെയും, ജീവിതത്തിലെ കാഴ്ചപ്പാടുകളിലൂടെയും സഞ്ചരിക്കുന്ന ഡ്രാമ വിഭാഗത്തില്‍ പ്പെടുന്ന ചിത്രമാണ് പുഴു. മമ്മൂട്ടിയുടെ സഹോദരിയുടെ വേഷമാണ് പാര്‍വതി തിരുവോത്ത് ചിത്രത്തില്‍ ചെയ്യുന്നത്. സിനിമ കണ്ടതിന് ശേഷം നിരവധി പേരാണ് ചിത്രത്തെ ക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്യുന്നത്. നിതിന്‍ വിഎന്‍ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഗംഭീരമാണ് പുഴുവെന്നെഴുതിയാണ് കുറിപ്പ് തുടങ്ങുന്നത്. സവര്‍ണബോധം പേറി ജനിക്കുന്ന മനുഷ്യരുടെ കഥ പറയാന്‍ തൃപ്പൂണിത്തുറയെ തിരഞ്ഞെടുത്തതില്‍ തൊട്ട് സിനിമയുടെ രാഷ്ട്രീയം തുടങ്ങുന്നുവെന്നും കുറിപ്പില്‍ നിതില്‍ പറയുന്നു. ജാതിബോധം ഒരിക്കലും മാറാത്ത മനുഷ്യരിലേക്കാണ് പുഴു അരിച്ചിറങ്ങുന്നത്. സിനിമ അതേ വേഗത്തെ ഉള്‍ക്കൊള്ളുമ്പോള്‍ കാഴ്ചക്കാരും അസ്വസ്ഥരാകുന്നുണ്ട്. അതിനുള്ള പ്രധാന കാരണം മമ്മൂട്ടി എന്ന നടനാണ്. മമ്മൂട്ടി എന്ന നടനെ കൃത്യമായി ഉപയോഗിച്ച സിനിമ. ഗംഭീര പ്രകടനമാണെന്നും പാര്‍വതിയും അപ്പുണ്ണി ശശിയുമെല്ലാം അവരുടെ വേഷം ഗംഭീരമാക്കിയിരിക്കുന്നുവെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
ആക്ഷന്‍ സീക്വന്‍സുകളോ മാസ് ഡയലോഗുകളോ ഇല്ലാതെ മമ്മൂട്ടിയെന്ന നടന്റെ പച്ചയായ അഭിനയം പ്രേക്ഷകരിലേക്ക് എത്തിയ സിനിമകളിലൊന്ന് കൂടിയാണ് പുഴു. ആദ്യമായി മമ്മൂട്ടി ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.