അരിച്ചിറങ്ങലും, അറപ്പുണ്ടാക്കലും, ചൊറിച്ചിൽ സൃഷ്ടിക്കലും, പുതിയ ജീവിതവും എല്ലാം ചേർന്നൊരു ‘പുഴു’ ; റത്തീനയുടെ ‘പുഴു’ ; റിവ്യൂ വായിക്കാം
1 min read

അരിച്ചിറങ്ങലും, അറപ്പുണ്ടാക്കലും, ചൊറിച്ചിൽ സൃഷ്ടിക്കലും, പുതിയ ജീവിതവും എല്ലാം ചേർന്നൊരു ‘പുഴു’ ; റത്തീനയുടെ ‘പുഴു’ ; റിവ്യൂ വായിക്കാം

‘പുഴു’ എന്ന് കേൾക്കുമ്പോൾ തന്നെ ഏതൊരു മനുഷ്യൻ്റെയും ഉള്ളിലേയ്ക്ക് കടന്നു വരുന്നത് ഒന്നുകിൽ അതിൻ്റെ രൂപം, അല്ലെങ്കിൽ അത് ശരീരത്തിലെങ്ങാനും കയറി കൂടിയാലുള്ള അവസ്ഥയാണ്.  അതുകൊണ്ട് ചെറിയ രീതിയിൽ ഭയവും, അറപ്പും തോന്നിക്കുന്ന ഒരു ജീവി കൂടിയാണിത്.  അത്തരത്തിൽ ഒരു അസ്വസ്ഥതയും, അലസതയും പ്രേക്ഷകരിൽ തോന്നിപ്പിക്കുന്ന ചിത്രമാണ് യുവ സംവിധായക രത്തീന പി.ടി സംവിധാനം ചെയ്ത പുഴു എന്ന ചിത്രം.  ഒറ്റനോട്ടത്തിൽ ചിത്രത്തെ സാവധാനം സഞ്ചരിച്ച് നീങ്ങുന്ന ത്രില്ലറെന്ന് വിശേഷിപ്പിക്കാം.  നായകൻ്റെ മാനസികാവസ്ഥയെയും, സ്വഭാവസവിശേഷതയെയും കൃത്യമായി പ്രകടമാക്കി തരുന്ന ചിത്രം കൂടിയാണ് പുഴു.  ഒരു ഫ്‌ളാറ്റില്‍ മകനൊപ്പം ജീവിക്കുന്ന ഉന്നതകുലജാതനായ പോലീസ് ഉദ്യോഗസ്ഥനാണ് കഥയിലെ നായകൻ.  ഇരുവർക്കും ഇടയിലേയ്ക്ക് കടന്നുവരുന്ന കീഴ് ജാതിയില്‍പ്പെട്ടതും, നാടകനടനുമായ ഒരുവനെ വിവാഹം ചെയ്ത നായകൻ്റെ സഹോദരിയും പിന്നീട് ഇവിടെ നടക്കുന്ന ചില അസാധാരണ സംഭവങ്ങളെയും അടിസ്ഥാനമാക്കിയാണ് കഥ സഞ്ചരിക്കുന്നത്.

പാരമ്പര്യമായി നിലനിർത്തി പോരുന്ന കുറേ രീതികളും, കുല മഹിമയ്ക്ക് അനുസൃതമായി, അടിമപ്പെട്ട് ജീവിക്കുന്ന വ്യകതിയുമാണ് കഥയിലെ നായകൻ.  സ്കൂളിൽ പഠിക്കുന്ന തൻ്റെ മകൻ ഏത് രീതിയിൽ നടക്കണം, ചിന്തിക്കണം, എന്ത് ചെയ്യണം എന്നെല്ലാം തീരുമാനിക്കുന്നത് ഇയാളാണ്.  തനിയ്‌ക്കുള്ളിലെ ഉയർന്ന ജാതീയ ബോധമാണ് ഇതിലൂടെ ഇയാൾളിൽ പ്രകടമാക്കുന്നത്.  തൻ്റെ മകൻ സഹപാഠിയുമായി ഭക്ഷണം കഴിക്കുന്നതോ, അവരിൽ നിന്നത് സ്വീകരിക്കുന്നതോ, കളിക്കുന്നതോ പോലും അയാളെ ചൊടിപ്പിക്കുന്ന സംഭവങ്ങളാണ്. ജാതിയെന്ന കാലഹരണപ്പെട്ട മാനദണ്ഡത്തെ അടിസ്ഥാനപ്പെടുത്തിയാണയാൾ ഇതിനെയെല്ലാം കണക്കാക്കുന്നത്.  അവനവനുള്ളത് മറ്റുള്ളവർക്ക് നൽകുന്നതിൽ തെറ്റില്ലെന്നും, പക്ഷേ അവര്‍ തരുന്നത് നമ്മൾ എന്തിന് സ്വീകരിക്കണം എന്ന മനോഭാവമാണ് അയാൾ സ്വീകരിക്കുന്നത്. സവർണനും, അവർണനും തമ്മിലുള്ള അന്ധരത്തെ ചൂണ്ടികാണികാണിക്കുകയാണ് ഇവിടങ്ങളിൽ.

നിശബ്തതയെ കൂട്ടുപിടിച്ചുക്കൊണ്ട് ജീവിക്കുവാനാണ് അയാൾ ശ്രമിക്കുന്നത്.  അവിടെയും താൻ, തൻ്റെ രീതികൾ എന്നതിന് മാത്രമാണ് ഒരർത്ഥത്തിൽ അയാൾ പ്രാധാന്യം കൊടുക്കുന്നത്. മകനോട് അധികം സംസാരിക്കാൻ താൽപര്യം പ്രകടിപ്പിക്കാത്ത മൂഡനായ പിതാവ് തൻ്റെ ആജ്ഞകളാൽ തനിയ്ക്ക് ചുറ്റും ഒരു യജമാൻ്റെ ലോകം കെട്ടിപ്പടുക്കുവാനാണ് ശ്രമിക്കുന്നത്. ചെറിയൊരു നോട്ടം കൊണ്ടായാൾ കുറഞ്ഞ വാക്കുകളാൽ കാഴ്ചകാരനിൽ സ്നേഹമെന്ന് തോനിപ്പിക്കും വിധം മകനെ പോലും ഭീഷണിപ്പെടുത്തി അടിമയാക്കി വെക്കുവാൻ ശ്രമിക്കുന്നതും കാണാൻ സാധിക്കും.  അയാൾക്ക് ചുറ്റുമുള്ള ശബ്ദകോലാഹലങ്ങൾ പോലും ആ മനുഷ്യനെ വല്ലാതെ അസ്വസ്ഥപ്പെടുത്തുകയാണ്.  കേൾക്കാൻ ബുദ്ധിമുട്ടുള്ള ആളായതുകൊണ്ട് ജോലിക്കാരൻ ഉച്ചത്തിൽ സംസാരിക്കുന്നതും, ഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രഷര്‍ കുക്കറിന്റേത് ഉൾപ്പടെയുള്ള എല്ലാത്തരം ശബ്ദങ്ങളും അയാളെ വല്ലാതെ അലോസരപ്പെടുത്തുകയാണ്.  തൻ്റെ സഹോദരിയുടെ ഭര്‍ത്താവ് ഉച്ചത്തില്‍ സംസാരിക്കുന്ന നാടക നടനാണെന്ന കാര്യവും അയാൾക്കൊരു വിലങ്ങു തടിയായി മാറുന്നു.

മെഗാസ്റ്റാർ എന്ന ആലങ്കാരിക പദവി പൂർണമായി അഴിച്ചുവെച്ച് തനിയ്ക്ക് ഭിച്ച കഥാപാത്രത്തെ തേച്ചു മിനുക്കി പൊന്നാക്കി തീർത്ത മമ്മൂട്ടിയെന്ന നടനാണ് പുഴുവിൻ്റെ ഹൃദയമെന്ന് പറയാതെ വയ്യ.  തൻ്റെ കഥാപാത്രങ്ങളുടെ കണക്കു പട്ടികയിൽ നായകനെന്ന   സിംഹാസനത്തിലിരുന്നു കൊണ്ട് ഇത്തരമൊരു വേഷം തെരെഞ്ഞെടുത്ത അദ്ദേഹത്തിനാണ് മുഴുവൻ അഭിനന്ദങ്ങളും ആദ്യമേ അറിയിക്കേണ്ടത്.  ജാതീയ മേൽക്കോയ്മയും, കുല മഹിമയും കക്ഷത്തിൽ വെച്ച് നടക്കുന്ന, സ്വന്തം രക്തബന്ധങ്ങൾക്ക്‌ പോലും വലിയ വില കൽപ്പിക്കാത്ത പോലീസ് ഓഫീസറുടെ വേഷം മമ്മൂട്ടി മികച്ചതാക്കി മാറ്റിയിരിക്കുന്നു.  ഈ കഥാപാത്രത്തിന് യഥാർത്ഥത്തിൽ ഒരു പേരില്ല.  വേണ്ടപ്പെട്ടവരും, അടുപ്പക്കാരും കുട്ടനെന്നാണ് ഇയാളെ വിളിക്കുന്നത്.  പക്ഷേ പേരിൽ ഇതിന് മാത്രം എന്തിരിക്കുന്നു എന്ന തരത്തിലാണ് ഇയാളുടെ പല കാട്ടി കൂട്ടലുകളും.  അതീവ ദേഷ്യക്കാരനായ അച്ഛനാണെങ്കിലും തൻ്റെ മകൻ്റെ വാത്സല്യത്തിന് മുൻപിൽ പലപ്പോഴായി ഇയാൾ പരാജയപെടുന്നുണ്ട്.  തനിയ്ക്ക് ഉള്ളിൽ സ്നേഹവും, ദയയും എല്ലാം ഉണ്ടെങ്കിലും താൻ സവർണനാണെന്ന മനോഭാവമാണ് ഇയാൾ വലിയ അലങ്കാരമായി സൂക്ഷിക്കുന്നത്.

പുഴുവിൽ മികച്ചതെന്ന് തോന്നിയ മറ്റൊരു കഥാപാത്രം അപ്പുണ്ണി ശശി അവതരിപ്പിച്ച ‘കുട്ടപ്പന്‍’ എന്ന നാടകനടനെയാണ്.  ഇരുണ്ടിരിക്കുന്ന കുട്ടപ്പൻ ഭാര്യാസഹോദരനായ നായകനിൽ വെറുപ്പ് സൃഷ്ടിക്കുന്നതിന് കാരണക്കാരനാകുന്നു.  തനിയ്ക്ക് നേരേ അയിത്തം കൽപ്പിക്കുന്ന തൻ്റെ ഭാര്യയുടെ വീടിന് അകത്തേയ്ക്ക് ആത്മാഭിമാനത്തോടേ കടന്നു ചെല്ലുകയാണ് കുട്ടപ്പൻ. ഭാര്യഗൃഹത്തിൽ തങ്ങളെ ആർക്കും ഇഷ്ടമില്ലെന്ന് മനസിലാക്കുന്ന കുട്ടപ്പന്‍ ഭാര്യയുടെ കൈ പിടിച്ച് ധൈര്യത്തോടെ തല ഉയര്‍ത്തിപ്പിടിച്ചുക്കൊണ്ട് ഇറങ്ങിപോരുകയാണ്.  ‘അപ്പുണ്ണി ശശി’ എന്ന നടൻ തൻ്റെ സിനിമ ജീവിതത്തിൽ തന്നെ ഇത്രയും മനോഹരമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടാകില്ല എന്നു മാത്രമല്ല മലയാള സിനിമയിൽ തന്റേതായ വിലാസം സൃഷ്ടിക്കാൻ അദ്ദേഹത്തിന് എന്നും ഒരു മുതൽ കൂട്ടായിരിക്കും ഈ കുട്ടപ്പനെന്ന കഥാപാത്രം.

‘പുഴു’ – വിൽ കുട്ടപ്പൻ്റെ ഭാര്യയായി എത്തുന്ന പാര്‍വതിയും, മാസ്റ്റര്‍ വാസുദേവും രമേഷ്‌കോട്ടയവും ഇന്ദ്രന്‍സും കുഞ്ചനുമെല്ലാം വളരെ മികച്ച അഭിനയം കാഴ്ചവെച്ചവരാണ്. തേനി ഈശ്വറിൻ്റെ ക്യാമറയും, ജേക്‌സ് ബിജോയിയുടെ പശ്ചാത്തലസംഗീതവും സിനിമയിലെ നിശബ്ദമായ സാഹചര്യങ്ങളെ പോലും ഉണർവുള്ളതാക്കി മാറ്റുന്നു.  തന്നിലെ നടനെ തേച്ചു മിനുക്കി പാകപ്പെടുത്തിയെടുത്താൽ മികച്ച കഥാപാത്രങ്ങളെ ഇനിയും ലഭിക്കുമെന്ന് മമ്മൂട്ടി ഉറപ്പു നൽകുമ്പോൾ ആ ഉറപ്പിനെ ഒന്നുകൂടെ ശക്തിപ്പെടുത്തും വിധത്തിലാണ് പുഴുവിലെ അദ്ദേഹത്തിൻ്റെ അഭിനയം.  അഭിനയിച്ച് മതിവരാതെ പുതിയ കഥാപാത്രങ്ങളെ കൂടുതൽ വ്യത്യസ്തതയോടു കൂടെ തന്നിലേയ്ക്ക് അടുപ്പിക്കുവാൻ ഒരു പുഴു അരിച്ച് ഇറങ്ങും പോലെ അയാൾ നമ്മളിലൂടെ സഞ്ചരിക്കുകയാണ്.