‘മമ്മൂക്ക എന്നും ഒരു അത്ഭുതമാണ്’ ആരാധന തുറന്നു പറഞ്ഞ് നിഷ സാരംഗ്
1 min read

‘മമ്മൂക്ക എന്നും ഒരു അത്ഭുതമാണ്’ ആരാധന തുറന്നു പറഞ്ഞ് നിഷ സാരംഗ്

മലയാളി പ്രേക്ഷകര്‍ക്ക് എന്നും പ്രിയങ്കരിയാണ് നിഷ സാരംഗ്. ഉപ്പും മുളകിലെ നീലു എന്ന കഥാപാത്രത്തെ ഇതിനോടകം തന്നെ മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു. സിനിമയിലും സീരിയലിലുമൊക്കെയായി നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയെങ്കിലും ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് നിഷ സാരംഗ് മലയാളികളുടെ മനം കവര്‍ന്നത്. ടെലിവിഷന്‍ സീരിയലുകള്‍ക്കു പുറമെ സിനിമയിലും സജീവമാണ് നിഷ. മൈ ബോസ്, ആമേന്‍, ഒരു ഇന്ത്യന്‍ പ്രണയകഥ, ദൃശ്യം, അയാള്‍ തുടങ്ങി നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ നടന്‍ മമ്മൂട്ടിയൊടൊപ്പമുള്ള ലൊക്കേഷന്‍ അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് നടി നിഷ സാരംഗ്. കാഴ്ച എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് മമ്മൂക്കയെ ആദ്യമായി കാണുന്നതെന്ന് താരം പറയുന്നു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുക എന്ന് പറയുന്നത് തന്നെ ഏറ്റവും സന്തോഷമുള്ള കാര്യമാണെന്നും നിഷ പരയുന്നു. ഒരുപാട് പേര്‍ ഇഷ്ടപ്പെടുന്ന ഒരു മഹാനടനാണ്, കൂടാതെ എല്ലാവരെയും കെയര്‍ ചെയ്യുന്ന ഒരു ജ്യേഷ്ടനാണ്, ഒരു അത്ഭുതമാണ് മമ്മൂക്ക എന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

മനസില്‍ നിന്ന് മായാത്ത ഒരുപാട് നല്ല നല്ല കഥാപാത്രങ്ങള്‍ മമ്മൂക്ക നമുക്ക് സമ്മാനിച്ചിട്ടുണ്ട്. വാത്സല്യം, വല്ല്യേട്ടന്‍, ഹിറ്റ്‌ലര്‍, മൃഗയ, സൂര്യമാനസം എന്നീ സിനിമകളൊക്കെ നമ്മുടെ ഹൃദയത്തില്‍ ഇപ്പോഴും സൂക്ഷിച്ച് വയ്ക്കുന്ന നല്ല ചിത്രങ്ങളാണ്. ഒരു ചേട്ടന്റെ സ്‌നേഹം, വാത്സല്യം ഒക്കെ കിട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വല്ല്യേട്ടന്‍ എന്ന സിനിമ കാണുമ്പോള്‍ ഒരു ആശ്വാസമാണ്. തന്റെ മനസ്സിലെ ഒരു വല്ല്യേട്ടന്‍ ആണ് മമ്മൂക്ക എന്നാണ് നിഷ പറയുന്നത്. തനിക്ക് ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍ ആശ്വാസവാക്കായി മമ്മൂക്ക കൂടെ ഉണ്ടായെന്നും താരം പറയുന്നു.