
ശ്രീരാമൻ മാംസാഹാരിയെന്ന് പരാമർശം; ചിത്രത്തിനെതിരെ എഫ്ഐആർ, വിവാദങ്ങളിൽ കുടുങ്ങി നയൻതാരയുടെ അന്നപൂരണി
നയൻതാര പ്രധാനവേഷത്തിലെത്തിയ അന്നപൂരണി എന്ന ചിത്രത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പേരിലാണ് ഡിസംബർ ഒന്നിന് റിലീസ് ചെയ്ത ഈ ചിത്രത്തിനെതിരെ കേസെടുത്തിരിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെ 75മത് ചിത്രമാണെന്ന് പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.
ശ്രീരാമൻ വനവാസ സമയത്ത് മാംസാഹാരം കഴിക്കുന്ന ആളാണെന്ന ചിത്രത്തിലെ ഡയലോഗ് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടികാട്ടി മുംബൈയിലെ എൽടി മാർഗ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഇട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തിൽ വാല്മീകിയുടെ രാമായണത്തെ തെറ്റായി ചിത്രീകരിക്കുകയും ശ്രീരാമനെ വിമർശിക്കുകയും ചെയ്തുവെന്നും ഹിന്ദു ഐടി സെൽ നൽകിയ പരാതിയിൽ പറയുന്നു.
നെറ്റ്ഫ്ലിക്സിലാണ് അന്നപൂരണി പ്രദർശനത്തിന് എത്തിയിരിക്കുന്നത്. ചിത്രത്തിൽ ഒരു ഷെഫിന്റെ വേഷത്തിലാണ് നയൻതാര എത്തിയത്. കുട്ടിക്കാലം മുതൽ ഷെഫ് ആകാൻ കൊതിച്ച ബ്രാഹ്മണ കുടുംബത്തിലെ കഥാപാത്രമായാണ് നയൻതാര അഭിനയിക്കുന്നത്. ഷെഫ് ആകുന്നതിന് ഇടയിലും ശേഷവും ഉണ്ടായ പ്രതിസന്ധികളും അത് തരണം ചെയ്തുള്ള തിരിച്ചുവരവുമാണ് ചിത്രം പറയുന്നത്.
അതേസമയം, ‘രാജാ റാണി’ക്ക് ശേഷം നടൻ ജയ്യും നയൻതാരയും ഒന്നിച്ച ചിത്രം കൂടിയാണ് അന്നപൂരണി. സത്യരാജ്, അച്യുത് കുമാർ, കെ.എസ്. രവികുമാർ, റെഡിൻ കിങ്സ്ലി, കുമാരി സച്ചു, രേണുക, കാർത്തിക് കുമാർ, സുരേഷ് ചക്രവർത്തി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നീലേഷ് കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്.