“മമ്മൂക്കാ, നിങ്ങൾ പൊളിയാണ്”: ഭീഷ്മ പർവ്വം കണ്ട് മമ്മൂട്ടിയെ വിളിച്ചു നവ്യ നായർ പറഞ്ഞത്
1 min read

“മമ്മൂക്കാ, നിങ്ങൾ പൊളിയാണ്”: ഭീഷ്മ പർവ്വം കണ്ട് മമ്മൂട്ടിയെ വിളിച്ചു നവ്യ നായർ പറഞ്ഞത്

റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് തിയേറ്ററുകളില്‍ മൂന്നാം വാരവും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മപര്‍വ്വം. കോവിഡ് എത്തിയതിന് ശേഷമുള്ള കാലത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രം കൂടിയാണ് ഭീഷ്മപര്‍വ്വം. മാര്‍ച്ച് 3ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ 80 കോടി ക്ലബ്ബില്‍ ഇടം നേടി. കേരളത്തിന് പുറമേ വിദേശ രാജ്യങ്ങളിലടക്കം ഭീഷ്മപര്‍വ്വം വിജയകരമായി മുന്നേറുകയാണ്. മൂന്നാം വാരത്തിന്റെ അവസാനത്തിലും കാണികളുടെ എണ്ണത്തില്‍ വലിയ ഡ്രോപ്പ് അനുഭവപ്പെടാത്തതിനാല്‍ ചിത്രം അനായാസം 100 കോടി ക്ലബ്ബിലും ഇടം പിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.

ബിഗ് ബി പുറത്തിറങ്ങി പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും ഒരുമിക്കുന്നത്. ചിത്രത്തിലെ താരങ്ങളെല്ലാം തന്നെ മികച്ച അഭിനയ പ്രകടനമാണഅ കാഴ്ച്ചവെച്ചത്. സംഗീതമെല്ലാം ഓരേ പൊളിയാണെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സുഷിന്‍ ശ്യാമിന്റെ സംഗീതത്തിന് നിരവധി പേരാണ് അഭിനന്ദനങ്ങള്‍ അറിയിച്ചത്. മമ്മൂട്ടിയുടെ പ്രകടനം അതി ഗംഭീരം തന്നെയായിരുന്നു. ചിത്രം കണ്ട് നിരവധി സിനിമാ താരങ്ങള്‍ അഭിപ്രായവും അഭിനന്ദനങ്ങളും നേര്‍ന്ന് രംഗത്തെത്തിയിരുന്നു. ദുല്‍ഖര്‍ ഭീഷ്മപര്‍വ്വത്തില്‍ വാപ്പച്ചി സ്ലോമോഷനിലൊക്കെ വരുന്നത് കണ്ട് ഇമോഷ്ണല്‍ ആയിപോയെന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഭീഷ്മപര്‍വം കണ്ടതിന് ശേഷം മമ്മൂട്ടിയെ വിളിച്ചിരുന്നുവെന്നും തിയേറ്ററില്‍ ആഘോഷപൂര്‍വം സിനിമ കണ്ടെന്നും പറയുകയാണ് നവ്യ നായര്‍. ഭീഷ്മ പര്‍വ്വം കണ്ട അന്ന് വൈകുന്നേരം ഞാന്‍ മമ്മൂക്കയെ വിളിച്ചു. മമ്മൂക്കാ, നിങ്ങള്‍ പൊളിയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. അതിന് ശേഷം ഒരുപാട് വിശങ്ങള്‍ ഞങ്ങള്‍ പങ്കുവെച്ചു. എന്റെ പുതിയ ചിത്രം ഒരുത്തിയുടെ റിലീസിനെ കുറിച്ചുമൊക്കെ ചോദിച്ചിരുന്നുവെന്നും നവ്യ പറയുന്നു.

തിയേറ്ററില്‍ ഭീഷ്മ സിനിമ കാണുമ്പോള്‍ കൈ അടിച്ച് ആഘോഷമാക്കിയാണ് കണ്ടത്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ എന്റെ അടുത്തൊരു ക്യാമറയുണ്ടായിരുന്നുവെങ്കില്‍ കാണാന്‍ ഭയങ്കര കോമഡിയായിരിക്കുമെന്നും അടുത്തിരുന്ന മകന്റെ പുറം ഞാന്‍ അടിച്ചു പൊളിക്കുകയായിരുന്നു സിനിമ കണ്ട് കൊണ്ടിരുന്നപ്പോഴെന്നും നവ്യ വ്യക്തമാക്കുന്നു. മമ്മൂക്കയുടെ വാച്ചും, കാലിന്റെയും കൈയുടെയുമൊക്കെ ഷോട്ടുകള്‍ കാണിക്കുമ്പോള്‍ തിയേറ്ററില്‍ മറ്റുള്ളവരുടെ കൂടെ ഞാനും കൂവുകയും വിസിലും അടിക്കുകയുമായിരുന്നുവെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

പത്ത് വര്‍ഷത്തിന് ശേഷം സിനിമയില്‍ നിന്ന് മാറിനിന്ന നവ്യ വന്‍ തിരിച്ചുവരവിന് ഒരുങ്ങിയിരിക്കുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തില്‍ രാധാമണി എന്ന ബോട്ട് കണ്ടക്ടറുടെ വേഷത്തിലാണ് നവ്യ വന്‍ തിരിച്ചുവരവ് നടത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നവ്യയുടെ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.