‘എന്തൊരു സിനിമയാണിത്, ഇരുന്നിടത്ത് നിന്ന് അനങ്ങിയിട്ടില്ല’; റോഷാക്കിനെക്കുറിച്ച് മൃണാള്‍ താക്കൂര്‍
1 min read

‘എന്തൊരു സിനിമയാണിത്, ഇരുന്നിടത്ത് നിന്ന് അനങ്ങിയിട്ടില്ല’; റോഷാക്കിനെക്കുറിച്ച് മൃണാള്‍ താക്കൂര്‍

മ്മൂട്ടിയുടെ സമീപകാല കരിയറിലെ ഏറ്റവും വ്യത്യസ്തത നിറഞ്ഞ ചിത്രമായിരുന്നു ഒക്ടോബര്‍ 7 ന് തിയറ്ററുകളില്‍ എത്തിയ റോഷാക്ക്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ലൂക്ക് ആന്റണി എന്ന ഏറെ നിഗൂഢതകളുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സമീര്‍ അബ്ദുളിന്റെ രചനയില്‍ നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച മൌത്ത് പബ്ലിസിറ്റിയാണ് ആദ്യ ദിനങ്ങളില്‍ത്തന്നെ ലഭിച്ചത്. രണ്ട് ദിവസം മുമ്പ് ഒടിടിയില്‍ റിലീസ് ചെയ്ത റോഷാക്ക് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ക്ക് അര്‍ഹമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയ നിറയെ റോഷാക്ക് പോസ്റ്റുകളും റിവ്യൂകളുംകൊണ്ട് നിറയുകയാണ് വീണ്ടും. സിനിമാ ഇന്‍ഡസ്ട്രിയിലുള്ളവരും നിരവധി പേരാണ് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്‍ നായകനായത്തിയ സീതാരാമം സിനിമയിലൂടെ നായികയായെത്തിയ നടി മൃണാള്‍ താക്കുറാണ് റോഷാക്ക് സിനിമയേയും മമ്മൂട്ടിയുടെ കിടിലന്‍ പെര്‍ഫോമന്‍സിനേയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്. വളരെ ചുരുക്കം വാക്കുകളിലൂടെയാണ് താരം സിനിമ കണ്ടതിന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. ‘ഹോ.. എന്തൊരു സിനിമയാണിത്. ഇരുന്നിടത്ത് നിന്നും ഞാനൊന്ന് അനങ്ങിയതു പോലുമില്ല. ഉള്ള് തറക്കുന്ന അനുഭവമായിരുന്നു ഈ സിനിമ. മമ്മൂട്ടി സാറിനും ടീമിനും ഒരുപാട് അഭിനന്ദനങ്ങള്‍’ എന്നാണ് മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നേരത്തെ നടനും സംവിധായകനുമായ അനൂപ് മേനോന്‍ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ‘പ്രിയപ്പെട്ട മമ്മൂക്ക, ഈ മണ്ണ് ജന്മം നല്‍കിയ ഏറ്റവും മികച്ച അഭിനേതാവാണ് നിങ്ങള്‍. ഇമോഷണന്‍ രംഗങ്ങളുടെ ഇടയ്ക്ക് നല്‍കുന്ന ആ പോസ്, തികച്ചും സാധാരണമായ ക്ലോസ് അപ്പ് ഷോട്ടുകളെ അതിശയിപ്പിക്കുന്നതാക്കി തീര്‍ക്കുന്ന ആ നോട്ടങ്ങള്‍, മോഡുലേഷനിലെ കയ്യൊപ്പുകള്‍, പലതും ഒളിപ്പിക്കുന്ന അടക്കിപ്പിടിച്ച ചിരി..സ്വന്തം കരവിരുതിന്റെ മേലുള്ള സമ്പൂര്‍ണ്ണ രാജവാഴ്ചയും. കെട്ട്യോളാണെന്റെ മാലാഖ എന്ന മികച്ച ചിത്രത്തിന് ശേഷം ലോകോത്തര നിലാവാരമുള്ള സിനിമ ഒരുക്കിയ നിസാം ബഷീറിനും ഒരുപാട് അഭിനന്ദനങ്ങള്‍’ എന്നായിരുന്നു അനൂപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

‘കെട്ട്യോളാണ് എന്റെ മാലാഖ’, എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിയ മറ്റ് അഭിനേതാക്കളുടെ പ്രകടനങ്ങളും കൈയടി നേടിയിരുന്നു. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്. മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ എന്നിവയാണ് ഷൂട്ടിംങ് പൂര്‍ത്തിയായ ചിത്രങ്ങള്‍.