”The most awaited combo L x L” ; ഇന്ത്യന്‍ സിനിമ കാത്തിരുന്ന ചലച്ചിത്രം ഷൂട്ടിംഗ് ആരംഭിക്കാന്‍ പോകുന്നു
1 min read

”The most awaited combo L x L” ; ഇന്ത്യന്‍ സിനിമ കാത്തിരുന്ന ചലച്ചിത്രം ഷൂട്ടിംഗ് ആരംഭിക്കാന്‍ പോകുന്നു

ലയാളത്തിന്റെ താരവിസ്മയം മോഹന്‍ലാലും ലിജോ ജോസും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ ആരാധകര്‍ ഏറെ ആകാംഷയിലാണ്. മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രഖ്യാപനം മുതല്‍ റിലീസാവുന്നത് വരെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യാറുണ്ട്. ഇന്ന് രാവിലെ ലിജോ ജോസും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രമായിരുന്നു സോഷ്യല്‍ മീഡിയകളില്‍ സംസാരവിഷയമായിരുന്നത്. ഇപ്പോഴിതാ പ്രൊജക്ട് സംബന്ധിച്ച ആദ്യ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ഈ ചിത്രത്തിന്റെ നിര്‍മ്മാണമെന്നാണ് സൂചന. ഈ പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ പ്രോജക്റ്റ് ആണിത്. ഈ വര്‍ഷം ജൂണില്‍ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്തതും മോഹന്‍ലാല്‍ ആയിരുന്നു. പുതിയ പ്രോജക്റ്റ് ലിജോ- മോഹന്‍ലാല്‍ ചിത്രമാണെന്ന് നേരിട്ട് പറയാതെ, എന്നാല്‍ സൂചനകളിലൂടെ പറഞ്ഞുകൊണ്ടുള്ളതാണ് ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ പുതിയ അപ്‌ഡേറ്റില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട രണ്ട് പോസ്റ്ററുകളില്‍ ഒന്നില്‍ പിരിച്ചുവെച്ച കൊമ്പന്‍ മീശയും ഒരു തോള്‍ സഞ്ചിയുമാണ് കാണാന്‍ സാധിക്കുന്നത്. പോസ്റ്ററിനൊപ്പം ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ‘പ്രതിഭയും പ്രതിഭാസവും ഒന്നാകാന്‍ തീരുമാനിച്ച നല്ല നാളേക്കായി ഞങ്ങള്‍ കൈകോര്‍ക്കുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് ബാനറിന്റെ ആദ്യ സിനിമയുമായി ഞങ്ങള്‍ എത്തുന്നു. ഇന്ത്യന്‍ സിനിമ അത്ഭുതത്തോടെ കാത്തിരിക്കുന്ന ഈ കോമ്പോ ആരാണെന്ന് ഇനി നിങ്ങള്‍ക്കും പ്രവചിക്കാം. നന്നായി കലക്കി ഒന്നാലോചിച്ച് ഉത്തരം പറയുന്നവര്‍ക്ക് ഒരു കിടിലം സര്‍പ്രൈസ് കാത്തിരിക്കുന്നു.. ഊഹാപോഹങ്ങളുടെ കെട്ടഴിക്കുമ്പോള്‍ ചിലപ്പോള്‍ നിങ്ങളുടെ ഉത്തരവും ശരിയായേക്കാം’, എന്നായിരുന്നു കുറിപ്പ്.

മോഹന്‍ലാല്‍, ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണെന്ന ഉറപ്പോടെയും ഇതിലും വലിയ തെളിവ് ആവശ്യമില്ലെന്നുമെല്ലാമാണ് പോസ്റ്ററിന് താഴെ വരുന്ന കമന്റുകള്‍. കലക്കി ആലോചിക്കാന്‍ ഒന്നുമില്ല.. The most awaited combo L x L. ലാലേട്ടന്‍ ലിജോ കൂട്ട് കെട്ട് തന്നെ. ജോണ്‍ മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഒരുങ്ങുന്ന ഈ ദൃശ്യ വിരുന്ന് വലിയ വിജയം ആയി തീരട്ടെ എന്ന് ആശംസിക്കുന്നുവെന്നും നിരവധി പേര്‍ പറയുന്നു. എന്തായാലും ആരാധകരെല്ലാം കട്ട വെയിറ്റിംങിലാണ്. യുവനിരയിലെ ശ്രദ്ധേയ സംവിധായകര്‍ക്കൊപ്പം മോഹന്‍ലാല്‍ സിനിമകള്‍ ചെയ്യുന്നത് കാണാന്‍ ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പുണ്ട്.