സ്റ്റൈലിഷ് ലുക്കിൽ മോഹൻലാൽ: ‘ശ്രീകുമാർ- മോഹൻലാൽ കൂട്ടുകെട്ടിൽ എന്തും സംഭവിക്കും’
1 min read

സ്റ്റൈലിഷ് ലുക്കിൽ മോഹൻലാൽ: ‘ശ്രീകുമാർ- മോഹൻലാൽ കൂട്ടുകെട്ടിൽ എന്തും സംഭവിക്കും’

സിനിമയെ വെല്ലുന്ന പരസ്യവുമായി മോഹൻലാലും വി എ ശ്രീകുമാറും വീണ്ടും പ്രേക്ഷകർക്ക് മുൻപിലെത്തിയിരിക്കുകയാണ്. ബിസ്ക്കറ്റിന്റെ പരസ്യത്തിനു വേണ്ടിയാണ് ഇവർ വീണ്ടുമൊന്നിച്ചത്. പരസ്യ വിഡിയോ മോഹൻലാൽ തന്റെ സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തു. എന്നാൽ ദിവസങ്ങൾക്ക് മുൻപ് ഇതിലെ ചില രം​ഗങ്ങൾ ശ്രീകുമാർ പോസ്റ്റ് ചെയ്തപ്പോൾ ഇവരുടെ പുതിയ ചിത്രമായിരിക്കുമിതെന്നാണ് പ്രേക്ഷകർ കരുതിയത്.

ഇപ്പോൾ വീഡിയോ പുറത്ത് വന്നപ്പോഴാണ് അത് ശ്രീകുമാർ ചെയ്യുന്ന ബിസ്ക്കറ്റിന്റെ പരസ്യമായിരുന്നു എന്ന് മനസിലാകുന്നത്. ക്രേസ് ബിസ്ക്കറ്റ് ബ്രാൻഡിന്റെ പരസ്യത്തിലാണ് ഇരുവരും ഒന്നിച്ചത്. പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

മോഹൻലാൽ അഭിനയിച്ച ഈ പരസ്യത്തിനു പിന്നണിയിലുള്ളവരും വമ്പന്മാരാണ്. ആരാധകരുടെ മറ്റൊരു വലിയ കാത്തിരിപ്പായ, മലൈക്കോട്ടൈ വാലിബന്റെയും ഈ പരസ്യ ചിത്രത്തിന്റെയും ഛായാഗ്രാഹകൻ മധു നീലകണ്ഠനാണ്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ആർട്ട് ഡയറക്ടർ സന്തോഷ് രാമനാണ് ഈ പരസ്യചിത്രത്തിന്റെയും ആർട്. നേരത്തെയും ഇരുവരും ഒന്നിച്ച പരസ്യ ചിത്രങ്ങൾ മോഹൻലാൽ സിനിമകൾ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരമായിരുന്നു.

ലോകപ്രശസ്തമായ ‘നാർക്കോസ്’ സീരിസിലേതിനു തുല്യമായ ഭാവ-വേഷപ്പകർച്ചയിലാണ് മോഹൻലാൽ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്. മോഹൻലാലിന്റെ സംഘത്തെ കമാൻഡോ സംഘം തടയുന്നതും ലേഡി ചീഫിനു മുന്നിലേക്ക് ഇരു കൈകളും ഉയർത്തി മോഹൻലാൽ നടന്നടുക്കുന്നതുമായിരുന്നു പരസ്യത്തിന്റെ ടീസറിലുണ്ടായിരുന്നത്. പിടിക്കപ്പെട്ട് കഴിഞ്ഞുവെന്ന് ലേ‍‍ഡി ചീഫ് പറയുന്നുമുണ്ട്.

എന്നാൽ പരസ്യം ഇതിന്റെ തുടർച്ചയാണ്. ക്രേസ് ബിസ്ക്കറ്റിന്റെ കോഫി, കാർഡമൻ എന്നീ രണ്ട് ഫ്ലേവറിലുള്ള ബിസ്ക്കറ്റുകൾ മോഹൻലാൽ പരിചയപ്പെടുത്തുകയാണ്. റിസീല് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ഈ പരസ്യം സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയി. 57 സെക്കന്റാണ് പരസ്യത്തിന്റെ സമയദൈർഘ്യം. ചിത്രീകരിച്ച രണ്ട് പരസ്യങ്ങളിൽ ആദ്യത്തേതാണ് ഇപ്പോൾ റിലീസ് ചെയ്തത്. രണ്ടാമത്തേത് പിന്നീട് റിലീസ് ചെയ്യും.