വാലിബന് ഏറ്റവും അധികം ബുക്കിങ് നടന്ന ആ ജില്ല ഏത് ? ആവേശത്തോടെ ആരാധകർ 
1 min read

വാലിബന് ഏറ്റവും അധികം ബുക്കിങ് നടന്ന ആ ജില്ല ഏത് ? ആവേശത്തോടെ ആരാധകർ 

സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം തിയറ്ററുകളിൽ അദ്ഭുതം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. വാലിബൻ ജനുവരി 25നാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പ്രണയവും, വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രം തിയറ്ററുകളിലേക്ക് എത്താന്‍ വെറും നാല് ദിനങ്ങള്‍ കൂടി മാത്രം. ഒരു വര്‍ഷം മുന്‍പ് ചിത്രം പ്രഖ്യാപിച്ച വേളയില്‍ത്തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ കൗതുകമുണര്‍ത്തിയ പ്രോജക്റ്റ് റിലീസിനോടടുക്കുമ്പോള്‍ ആവേശം ഇരട്ടിപ്പിച്ചിട്ടുണ്ട്. അഡ്വാന്‍സ് ബുക്കിംഗിലും തരംഗം തീര്‍ക്കുകയാണ് ചിത്രം.

അഡ്വാന്‍സ് ബുക്കിംഗിന്‍റെ ജില്ല തിരിച്ചുള്ള കണക്ക് വാട്ട് ദി ഫസ് എന്ന അക്കൗണ്ട് പുറത്തുവിട്ടിട്ടുണ്ട്. ഇതനുസരിച്ച് ഏറ്റവുമധികം ഷോ കൗണ്ടും ബുക്കിംഗും എറണാകുളത്താണ്. 217 ഷോകളില്‍ നിന്നായി 22,102 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് തൃശൂരുമാണ്. തിരുവനന്തപുരത്ത് 192 ഷോകളും 16,426 ടിക്കറ്റുകളുമാണെങ്കില്‍ തൃശൂരില്‍ 155 ഷോകളും 13,748 ടിക്കറ്റുകളുമാണ് ഇതുവരെ വിറ്റുപോയിരിക്കുന്നത്. 25 ന് പുലര്‍ച്ചെ 6.30 നാണ് കേരളത്തില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുക. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. നന്‍പകല്‍ നേരത്ത് മയക്കത്തിന് ശേഷമുള്ള ലിജോ ചിത്രമാണ് വാലിബന്‍.

മോഹൻലാൻ നായകനാകുന്ന മലൈക്കോട്ടൈ വാലിബൻ സിനിമ ഒരു അഭ്യാസിയുടെ ജീവിതം ബുദ്ധസന്യാസികളുടെ ജീവിത പശ്ചാത്തലത്തില്‍ പറയുന്ന ഫാന്റസി ത്രില്ലര്‍ എന്നാണ് മലയാള മനോരമ വ്യക്തമാക്കിയിരിക്കുന്നു. അപൂര്‍വ അനുഭവമാണ് മലൈക്കോട്ടൈ വാലിബനെന്ന് പറയുന്ന മോഹൻലാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മാജിക്കാണ് എന്നും വ്യക്തമാക്കുന്നു. സിനിമയ്‍‍ക്ക് അപ്പുറത്തേയ്‍ക്കുള്ള ഒരു യാത്രയാണെന്നും ഇത് ആയിരക്കണിക്കിനാളുകള്‍ മണ്ണും പൊടിയും ചൂടും നിറഞ്ഞ ലൊക്കേഷനുകളില്‍ നടത്തിയ കഠിനാദ്ധ്വാനമാണെന്നും മോഹൻലാല്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള  ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.