പതിമൂന്ന് പേർ കൊല്ലപ്പെട്ട ​ഗുണ കേവ്സിൽ മഞ്ഞുമ്മൽ ബോയ്സിന് മുന്നേ മോഹൻലാൽ..!: ചർച്ചയായി ​​ഗുണ കേവ്സിനുള്ളിലെ മോഹൻലാൽ ചിത്രം
1 min read

പതിമൂന്ന് പേർ കൊല്ലപ്പെട്ട ​ഗുണ കേവ്സിൽ മഞ്ഞുമ്മൽ ബോയ്സിന് മുന്നേ മോഹൻലാൽ..!: ചർച്ചയായി ​​ഗുണ കേവ്സിനുള്ളിലെ മോഹൻലാൽ ചിത്രം

​ഗംഭീര ഓപ്പണിങ്ങ് കളക്ഷൻ ലഭിച്ച് കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സിനിമ. ഓപ്പണിംഗ് ദിനത്തിൽ കേരളത്തിൽ നിന്ന് മാത്രം മൂന്ന് കോടിയിലേറെ കളക്ഷൻ നേടിയ ചിത്രം ഏഴ് കോടി രൂപയാണ് ആഗോളതലത്തിൽ ബോക്‌സ് ഓഫീസിൽ നിന്നും നേടിയത്. ചിത്രത്തിന്റെ ടീസർ എത്തിയത് മുതൽ മഞ്ഞുമ്മൽ ടീം അകപ്പെട്ടു പോയ ഗുണ കേവ്‌സ് ചർച്ചകളിൽ നിറഞ്ഞിരുന്നു.

കമൽ ഹാസൻ ചിത്രം ‘ഗുണ’ ചിത്രീകരിച്ചതിന് പിന്നാലെയാണ് ഈ സ്ഥലം ഗുണ കേവ്‌സ് എന്നറിയപ്പെടാൻ തുടങ്ങിയത്. മഞ്ഞുമ്മൽ ബോയ്‌സ് തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെ ഗുണ കേവ്‌സിൽ ചിത്രീകരിച്ച മറ്റൊരു മലയാള സിനിമ കൂടി ചർച്ചകളിൽ നിറയുകയാണ്. മോഹൻലാൽ ചിത്രം ‘ശിക്കാർ’ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ശിക്കാറിലെ ക്ലൈമാക്‌സ് രംഗം ചിത്രീകരിച്ചത് ഗുണ കേവ്‌സിലാണ്. എം പദ്മകുമാറിന്റെ സംവിധാനത്തിൽ 2010ൽ റിലീസ് ചെയ്ത ചിത്രമാണ് ശിക്കാർ. മോഹൻലാൽ അവതരിപ്പിക്കുന്ന ബലരാമൻ എന്ന കഥാപാത്രത്തിന്റെ മകളെ വില്ലൻ തട്ടിക്കൊണ്ടുപോവുകയും മകളെ മോഹൻലാൽ രക്ഷിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ ക്ലൈമാക്‌സ്. ചിത്രത്തിൽ നടി അനന്യ ആയിരുന്നു മോഹൻലാലിന്റെ മകളായെത്തിയത്. ഈ രംഗങ്ങൾ ഗുണ കേവിലാണ് ചിത്രീകരിച്ചത്. ത്യാഗരാജൻ മാസ്റ്ററാണ് സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തത്. ഈ ക്ലൈമാക്‌സ് രംഗങ്ങൾ വീണ്ടും വൈറലാവുകയാണ്. റീലുകളിലും പോസ്റ്റുകളിലും ഈ രംഗം നിറയുന്നുണ്ട്.