നെയ്യാറ്റിന്‍കര ഗോപന്റെ പൂണ്ടുവിളയാട്ടം ഇനി ആമസോണിൽ; ഒടിടി റിലീസ് തിയതി പുറത്തുവിട്ടു
1 min read

നെയ്യാറ്റിന്‍കര ഗോപന്റെ പൂണ്ടുവിളയാട്ടം ഇനി ആമസോണിൽ; ഒടിടി റിലീസ് തിയതി പുറത്തുവിട്ടു

കൊവിഡ് മൂന്നാം തരംഗത്തിന് പിന്നാലെ തിയേറ്ററുകളെ ആവേശത്തിലാക്കിയ ചിത്രമായിരുന്നു മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രം. ഫെബ്രുവരി 18ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിവസങ്ങളില്‍ മികച്ച ഓപ്പണിംഗ് കളക്ഷന്‍ നേടിയിരുന്നു. എന്റര്‍ടെയ്ന്‍മെന്റ് വെബ്‌സൈറ്റ് ആയ പിങ്ക് വില്ലയുടെ കണക്ക് പ്രകാരം ആറാട്ട് കേരളത്തിലെ തിയറ്ററുകളില്‍ നിന്നു മാത്രം ആദ്യദിനം നേടിയത് ഏകദേശം 3.50 കോടിയാണ്. ആഗോള തലത്തില്‍ 2700 സ്‌ക്രീനുകളിലാണ് റിലീസ് നടന്നത്. ജിസിസി ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ റിലീസിനു പിന്നാലെ പ്രദര്‍ശനങ്ങള്‍ കൂട്ടിയ സാഹചര്യവുമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

നെയ്യാറ്റിന്‍കര ഗോപന്‍ എന്നായിരുന്നു മോഹന്‍ലാല്‍ ചെയ്ത കഥാപാത്രത്തിന്റെ പേര്. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസായും എത്തുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മാര്‍ച്ച് 20ന് ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യും. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

ബോക്‌സ് ഓഫീസില്‍ മികച്ച സക്‌സസ് റേറ്റ് ഉള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സും ശക്തിയും (എംപിഎം ഗ്രൂപ്പ്) ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രദ്ധ ശീനാഥാണ്. ഒരു ഐ.എ.എസ്. ഓഫീസറുടെ വേഷമാണ് ശ്രദ്ധ ചിത്രത്തില്‍ ചെയ്തിരിക്കുന്നത്. ബി.കെ ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു.

കെജിഎഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം. സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, റിയാസ് ഖാന്‍, ഇന്ദ്രന്‍സ്, നന്ദു, കോട്ടയം രമേശ്, കൊച്ചുപ്രേമന്‍, ശിവജി ഗുരുവായൂര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ലുക്മാന്‍, ഗരുഡ റാം, അനൂപ് ഡേവിസ്, അശ്വിന്‍, രവികുമാര്‍, പ്രഭാകര്‍, മാളവിക മേനോന്‍, നേഹ സക്‌സേന, രചന നാരായണന്‍കുട്ടി, സ്വാസിക, സീത തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാലും ഉദയകൃഷ്ണനും ഒന്നിക്കുന്ന ചിത്രമായിരുന്നു ആറാട്ട്.