‘ ബറോസ് ‘ തനിക്ക് കിട്ടിയ പുരസ്കാരം; മോഹൻലാൽ പാൻ വേൾഡ് ചിത്രത്തിന്റെ സംവിധായകനെന്ന് കോമൾ ശർമ്മ
പ്രഖ്യാപനം തൊട്ട് ചിത്രത്തിന്റെ ഓരോ അപ്ഡേഷൻസ് പുറത്ത് വരുമ്പോഴും ഏറെ ചർച്ചയാകുന്ന സിനിമയാണ് ബറോസ്. മഹാനടൻ മോഹൻലാൽ സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകത തന്നെയാണ് ഈ ചിത്രത്തിന് അത്രയും പ്രാധാന്യം നൽകുന്ന ഘടകം. സന്തോഷ് ശിവൻ അടക്കം സിനിമാലോകത്തെ പ്രമുഖർ ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നു എന്നതും വളരെയധികം പ്രതീക്ഷ തരുന്ന ഒന്നാണ്. നടനെന്ന മോഹൻലാലിനെ വർഷങ്ങളായി മലയാളികൾക്ക് അറിയാവുന്നതാണ്. ആദ്യമായി സംവിധായകനെന്ന മോഹൻലാലിനെ പരിചയപ്പെടാൻ ഒരുങ്ങുമ്പോൾ വളരെയധികം ആകാംക്ഷയിലാണ് പ്രേക്ഷകർ.
ഇപ്പോൾ സംവിധായകനായ മോഹൻലാലിനൊപ്പമുള്ള ചിത്രീകരണ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കോമൾ ശർമ്മ. ഈ സിനിമയിലേക്ക് തന്നെ തെരഞ്ഞെടുത്തത് ഒരു വലിയ പുരസ്കാരം ലഭിച്ചതിന് തുല്യമാണെന്ന് കോമൾ ശർമ്മ പറയുന്നു. മുൻനിര താരങ്ങളായാലും പുതുമുഖങ്ങളായാലും കുട്ടികളായാലും മോഹൻലാൽ സെറ്റിൽ എല്ലാ അഭിനേതാക്കൾക്കും ഒരേപോലെ പ്രാധാന്യം നൽകുമെന്നും എല്ലാവർക്കും വളരെ ക്ഷമയോടെ സീനുകൾ പറഞ്ഞുകൊടുക്കുമെന്നും കോമൾ ശർമ പറഞ്ഞു. നിസാരമായി ഒരു കൊമേഴ്സ്യൽ എന്റർടെയ്നർ ചെയ്യാമായിരുന്നിട്ട് കൂടി അതൊന്നും ചെയ്യാതെ മോഹൻലാൽ കുട്ടികൾക്ക് താത്പര്യം തോന്നുന്ന സിനിമയാണ് ഒരുക്കിയത്.
സംവിധാനമികവും ചിത്രത്തിലെ മറ്റ് എല്ലാ ഭാഗവും നോക്കിയാൽ ‘ബറോസ്’ ഒരു പാൻ ഇന്ത്യൻ സിനിമയല്ല മറിച്ച് ഒരു പാൻ വേൾഡ് സിനിമയാണെന്നും കോമൾ പറഞ്ഞു. മാത്രമല്ല നിരവധി അന്തർദേശീയ ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ടെന്നും കോമൾ ശർമ്മ കൂട്ടിച്ചേർത്തു. ആദ്യ ഇന്ത്യൻ 3 ഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായാകനായ ജിജോയുടെ കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ബറോസ്’. മോഹൻലാൽ തന്നെയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. തല മൊട്ടയടിച്ച് താടി വളര്‍ത്തി വ്യത്യസ്തമായ ഗെറ്റപ്പില്‍ വെസ്റ്റേണ്‍ ശൈലിയിലാണ് മോഹൻലാൽ എത്തുന്നത്.
ഈ ഫോട്ടോ ഏറെ വൈറലായിരുന്നു. വാസ്കോ ഡ ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ആ നിധി ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. അങ്ങനെ ഒരുദിവസം ഗാമയുടെ പിന്തുടര്ച്ചക്കാരന് എന്ന് പറഞ്ഞ് ഒരു കുട്ടി വരുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. ഏതായാലും മോഹൻലാലിന്റെ ബറോസിനായി ആരാധകരും സിനിമാ ലോകവും ഒരുപോലെ കാത്തിരിപ്പിലാണ്.