കൊച്ചിയെ ഇളക്കിമറിച്ച് താര രാജാവ് മോഹൻലാൽ; IFFK കൊച്ചി ഉദ്ഘടനം ഗംഭീരമാക്കി
1 min read

കൊച്ചിയെ ഇളക്കിമറിച്ച് താര രാജാവ് മോഹൻലാൽ; IFFK കൊച്ചി ഉദ്ഘടനം ഗംഭീരമാക്കി

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍ ഒന്നു മുതല്‍ അഞ്ച് വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമായി. ഇനി അഞ്ച് നാള്‍ മലയാളം മുതല്‍ ലോകം വരെ നീളുന്ന സിനിമാക്കാലമാണ് കൊച്ചിക്കാര്‍ക്ക്. സരിത തിയേറ്ററില്‍വെച്ച് മലയാളികളുടെ താര രാജാവ് മോഹന്‍ലാല്‍ ആണ് മേള ഉദ്ഘാടനം ചെയ്തത്. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയായ ഐ.എഫ്.എഫ്.കെ.യുടെ പ്രാദേശിക പതിപ്പാണ് കൊച്ചിയില്‍ നടത്തുന്നത്. ഐ.എഫ്.എഫ്.കെ.യില്‍ പ്രദര്‍ശിപ്പിച്ച 68 സിനിമകള്‍ കൊച്ചിയിലെ മേളയിലും ഉണ്ടാകും.

മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ രഞ്ജിത്തിനെ പോലുള്ളവര്‍ക്ക് കഴിയുമെന്നും ആ വിശ്വാസം തനിക്കുണ്ടെന്നും മോഹന്‍ലാല്‍ മേള ഉദ്ഘാടനം ചെയ്ത് പറയുകയുണ്ടായി. ലോകത്തിലെ മറ്റു ജനവിഭാഗങ്ങളുടെ സംസ്‌കാരത്തെ കുറിച്ചും ജീവിതരീതിയെ കുറിച്ചും അറിവ് പകര്‍ന്നു നല്‍കുന്നതില്‍ ചലച്ചിത്രമേളകള്‍ വലിയൊരു പങ്കുവഹിക്കുന്നുണ്ട്. വയാനയിലൂടെ മനസിലാക്കുന്നതിനേക്കാള്‍ വേഗത്തില്‍ സമകാലിക ലോകത്തിന്റെ നേര്‍ചിത്രം വരച്ചുകാണിക്കാന്‍ സിനിമയ്ക്ക് കഴിയും. നല്ല സിനിമകള്‍ തിയേറ്ററിലെ ബിഗ് സ്‌ക്രീനില്‍ തന്നെ കാണാന്‍ കൂടിയുള്ള അവസരമാണ് ഇതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

തിരുവനന്തപുരത്തെ ചലച്ചിത്രം മേളയില്‍ എത്തിപ്പെടാന്‍ സാധിക്കാത്ത ഒരുപാട് സിനിമാ പ്രേമികള്‍ ഉണ്ട്. അവര്‍ക്ക് ഈ മേള നല്ലൊരു ആശ്വാസമാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക സിനിമയിലെ പുതിയ മാറ്റങ്ങള്‍ക്കനുസരിച്ച് നമ്മുടെ സിനിമകളെ നവീകരിക്കാന്‍ ചലച്ചിത്രകാരന്മാര്‍ക്ക് ഐ.എഫ്.എഫ്.കെ ഒരു പ്രചോദനമാണ്. സിനിമയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന വലിയൊരു ദൗത്യമായാണ് ഈ ചലച്ചിത്രം മേളയെ നോക്കി കാണുന്നതെന്നും ചലച്ചിത്ര അക്കാദമിയുടെ സാരഥിയായ രഞ്ജിത്തിനും മറ്റംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇതിലും വലിയ കാര്യങ്ങള്‍ മലയാള സിനിമയ്ക്ക് വേണ്ടി ചെയ്യാന്‍ കഴിയുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആയിരുന്നു അധ്യക്ഷന്‍ ആയിരുന്നത്. സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്നില്‍ക്കണ്ട് ഹേമ കമ്മിഷന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി എന്നിവയുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുകയാണെന്നും ഇതിന്റെ പ്രാഥമിക രൂപമായെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി. ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, എറണാകുളം എംഎല്‍എ ടി.ജെ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.