‘മമ്മൂക്കപോലും പറയാത്ത വാക്കുകള്‍ ദുല്‍ഖര്‍ പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു’ ; അനുഭവം പറഞ്ഞ് മനോജ് കെ ജയന്‍

ലയാള സിനിമയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് മനോജ് കെ ജയന്‍. നായകനായും വില്ലനായും സഹനടനുമായെല്ലാം സിനിമകളില്‍ ഏറെ കയ്യടി നേടിയിട്ടുണ്ട്. എന്നും വ്യത്യസ്തത പുലര്‍ത്തുന്ന കഥാപാത്രങ്ങളെയാണ് മനോജ് കെ ജയന്‍ അവതരിപ്പിക്കാറുള്ളത്. ദൂരദര്‍ശനിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതം തുടങ്ങിയത്. ‘മാമലകള്‍ക്കപ്പുറത്ത്’ എന്ന ചിത്രത്തിലൂടെയാണ് സിനിമ ജീവിതം ആരംഭിക്കുന്നത്. എന്നാല്‍ നടന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്നത് 1992ല്‍ പുറത്ത് വന്ന സര്‍ഗ്ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രത്തിലൂടെയാണ്. പിന്നീട് കൈനിറയെ ചിത്രങ്ങളായിരുന്നു താരത്തിന് ലഭിച്ചത്.

ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സല്യൂട്ടിലൂടെ ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മനോജ് കെ ജയന്‍. പോലീസ് വേഷത്തിലാണ് താരം എത്തുന്നത്. മമ്മൂക്കയോടൊപ്പമുള്ള എക്‌സ്പീരിയന്‍സും ദുല്‍ഖറിനോടൊപ്പമുള്ള എക്‌സ്പീരിയന്‍സും മനോജ് കെ ജയന്‍ അഭിമുഖത്തിലൂടെ പറയുന്നു. കഴിഞ്ഞ വര്‍ഷം മനോജ് കെ ജയന് പിറന്നാള്‍ ആശംസ നേര്‍ന്ന് ദുല്‍ഖര്‍ പങ്കുവെച്ച കുറിപ്പ് തന്റെ കണ്ണുകള്‍ നിറച്ചെന്നും മമ്മൂക്കപോലും എന്നെക്കുറിച്ച് അങ്ങനെ പറഞ്ഞില്ലെന്നും മനോജ് കെ ജയന്‍ അഭിമുഖത്തില്‍ പറയുന്നു. എനിക്കറിയാവുന്നതില്‍വെച്ച് ഏറ്റവും ക്ഷമയുള്ള വളരെ പോസിറ്റീവായ നല്ലൊരാളാണെന്നും സെറ്റിന് ജീവന്‍ നല്‍കുന്ന നിങ്ങളാണെന്നും നിങ്ങളുടെ കഥകളും തമാശകളും കേള്‍ക്കാന്‍ ഇഷ്ടമാണെന്നുമെല്ലാമായിരുന്നു ദുല്‍ഖര്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്.

മമ്മൂക്കയുടെ കൂടെ എത്രയോ സിനിമകള്‍ ചെയ്തു. ദുല്‍ഖറിന്റെ കൂടെ ഈ ഒരു സിനിമ, ദുല്‍ഖറിന്റെ ഏറ്റവും ഇഷ്ടമുള്ള ചേട്ടനായിട്ട് അല്ലെങ്കില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള അനിയനായിട്ട് ചെയ്യുമ്പോള്‍ വളരെ സന്തോഷമുള്ള കാര്യമാണെന്നും മനോജ് കെ ജയന്‍ പറയുന്നു. ദുല്‍ഖറിനെ ക്കുറിച്ച് ഞാന്‍ പ്രത്യേകം പറയേണ്ട ആവശ്യം ഇല്ല. മമ്മൂക്കയുടെ മകന്‍ എന്നതിലുപരി സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുത്ത താരമാണ് ദുല്‍ഖര്‍. ആളുകളോടുള്ള പെരുമാറ്റവും അവര്‍ക്ക് നല്‍കുന്ന ബഹമാനവും എല്ലാം നമ്മള്‍ ശരിക്കും കണ്ടു പഠിക്കേണ്ടതാണ്. അത്രയും നല്ല ജെം ആയിട്ടുള്ള ഒരാളാണ്. ഒരു കുറ്റവും പറയാന്‍ പറ്റാത്ത വ്യക്തിത്വം ഉള്ള ആളാണ് ദുല്‍ഖര്‍. ചാലു എന്നാണ് ഞങ്ങളെല്ലാവരും വിളിക്കുന്നത്.

താനും ദുല്‍ഖറുമെല്ലാം ഒരുമിച്ച് ശിവാജി സിനിമ കാണുന്ന സമയത്ത് രജനീകാന്തിനെ കണ്ടപ്പോള്‍ ഉണ്ടായിരുന്ന ആവേശത്തെക്കുറിച്ചും മനോജ് പറയുന്നു. എന്നെക്കുറിച്ച് ആരും അങ്ങനെ തുറന്ന് പറയാറില്ല. അങ്ങനെയിരിക്കുമ്പോഴായിരുന്നു ദുല്‍ഖറിന്റെ പിറന്നാള്‍ ആശംസകള്‍ പോസ്റ്റ് കാണുന്നത്. മമ്മൂക്കയോട് അത് പറഞ്ഞപ്പോള്‍ ആ അവന്‍ പറഞ്ഞല്ലോ അത് മതിയെന്നായിരുന്നു മറുപടി. എന്ത് നല്ല വാചകങ്ങളായിരുന്നു മമ്മൂക്ക ദുല്‍ഖര്‍ എഴുതിയിരിക്കുന്നത്, ഞാന്‍ ശരിക്കും ഇമോഷണല്‍ ആയിപോയെന്നെല്ലാം മമ്മൂക്കയോട് പറഞ്ഞിരുന്നു. അങ്ങനെയല്ലാം ഒരാളെക്കുറിച്ച് പറയണമെങ്കില്‍ നല്ലൊരു മനസ് വേണം. അതെല്ലാം ജീവിതത്തില്‍ കിട്ടുന്ന പുരസ്‌കാരം പോലെയാണെന്നും മനോജ് കെ ജയന്‍ കൂട്ടിച്ചേര്‍ത്തു.

മമ്മൂക്ക അങ്ങനെ പ്രകടിപ്പിക്കുന്ന ആളല്ല. പക്ഷേ നമുക്കൊരു വിഷയം വന്ന് കഴിഞ്ഞാല്‍ നമ്മളോടൊപ്പം കണ്ണുനിറയുകയും നമ്മുടെ ചെറിയ തമാശയ്ക്കുപോലും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ആളാണ് മമ്മൂക്ക. അത്രയും ചെറിയ മനസാണ് മമ്മൂട്ടിയുടെ. മമ്മൂക്കയ്ക്കുള്ളില്‍ വേറൊരു മനസില്ല. വെളിയില്‍ കാണുന്ന ആളു മാത്രമാണ്. പെട്ടെന്ന് ചിലപ്പോള്‍ അദ്ദേഹം മനസില്‍ വരുന്നതൊക്കെ പറയും. അപ്പോള്‍ നമുക്ക് ഇറിട്ടേഷന്‍ ആവും. എന്നാല്‍ പുള്ളിക്കാരന്‍ പറയുന്നത് കറക്ട് ആയിരിക്കുമെന്നും മനോജ് കെ ജയന്‍ വ്യക്തമാക്കുന്നു.

Related Posts