മലയാളത്തിലെ സകലകലാവല്ലഭന് ജന്മദിനം !! ജീവിക്കുന്ന ഇതിഹാസത്തിന്  ഏവരും ആശംസകൾ നേർന്നു
1 min read

മലയാളത്തിലെ സകലകലാവല്ലഭന് ജന്മദിനം !! ജീവിക്കുന്ന ഇതിഹാസത്തിന് ഏവരും ആശംസകൾ നേർന്നു

മലയാളത്തിന്റെ നടന വിസ്മയം വിശേഷണങ്ങൾക്ക് അതീതനായി ആയ സൂപ്പർതാരം മോഹൻലാലിന് ഇന്ന് ജന്മദിനം. കൊവിഡ് വ്യാപനത്തിൽ കടുത്ത നിയന്ത്രണങ്ങൾക്ക് നടുവിൽ ആഘോഷങ്ങൾക്ക് എല്ലാം വലിയ വിലക്ക് തന്നെ ഫാൻസ് അസോസിയേഷൻ മുൻകൂട്ടി അറിയിച്ചിരുന്നു. എങ്കിലും സോഷ്യൽ മീഡിയയിൽ മോഹൻലാലിന്റെ ജന്മദിനം ഏവരും വലിയ ആഘോഷമാക്കുകയാണ്. മമ്മൂട്ടി ഉൾപ്പെടെ മലയാളത്തിലെ എല്ലാ നടീനടന്മാരും ഈ ജീവിക്കുന്ന ഇതിഹാസത്തിന് ജന്മദിനാശംശകൾ നേർന്നുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.സംവിധായകൻ ഷാജി കൈലാസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ; “രണ്ടാം കോവിഡ് തരംഗം സജീവമായി നിൽക്കുന്ന സമയത്താണ് മോഹൻലാലിന്റെ ജന്മദിനം വരുന്നത്. ലോക്ക്ഡൗൺ തുടങ്ങുന്നതിന് മുൻപ് വാട്സാപ്പിൽ വന്ന ഒരു സന്ദേശത്തിൽ ഈ സമയത്ത് കണ്ടാസ്വദിക്കാനുള്ള 100 മോഹൻലാൽ സിനിമകളുടെ ലിസ്റ്റ് ഉണ്ടായിരുന്നു. വെറുതെ ആ ചിത്രങ്ങളുടെ പേരുകളിലൂടെ ഒന്ന് കണ്ണോടിച്ചപ്പോഴാണ് ആ മഹാനടൻ ചെയ്തു വെച്ചിരിക്കുന്ന അഭിനയവൈവിധ്യത്തിന്റെ വലിയ ശേഖരം കണ്ട് ഞെട്ടിയത്. ഒരു നടൻ എന്ന നിലയിൽ ഇനി എന്താണ് മോഹൻലാലിൽ നിന്നും പ്രതീക്ഷിക്കേണ്ടത് എന്ന സംശയം പണ്ടും ഉണ്ടായിട്ടുണ്ട്. എന്നാൽ എപ്പോഴൊക്കെ അങ്ങനെ തോന്നിയിട്ടുണ്ടോ അടുത്ത നിമിഷം പുതിയൊരു ചിത്രത്തിൽ പുതിയൊരു ഭാവവുമായി വന്ന് ഈ നടൻ നമ്മെ വിസ്മയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അവതാരങ്ങൾ പിറവിയെടുക്കുന്നത് ശുദ്ധീകരിക്കാൻ കൂടിയാണ്. നടനത്തിലൂടെ മോഹൻലാൽ ചെയ്തതും അതാണ്. ഈ നടന്റെ ഒരു ചിത്രം കണ്ട് കഴിയുമ്പോൾ ഏത് വിധത്തിലാണോ നാം നവീകരിക്കപ്പെടുന്നത് അതേ അളവിൽ ശുദ്ധീകരിക്കപ്പെടുകയും വിമലീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പ്രത്യാശയുടെ കിരണങ്ങൾക്കായി എല്ലാവരും ഉറ്റുനോക്കുന്ന ഈ മഹാമാരി കാലത്ത് ഉള്ള് തുറന്ന് ചിരിക്കാനും കരയാനും സ്നേഹിക്കാനും നൊമ്പരപ്പെടുത്താനുമൊക്കെ ഈ നടന്റെ അഭിനയമുഹൂർത്തങ്ങൾ നമ്മെ സഹായിക്കുന്നുണ്ട്. സുഹൃത്ത്, സഹപ്രവർത്തകൻ എന്ന നിലയിൽ മാത്രമല്ല ഒരു സംവിധായകൻ എന്ന നിലയിൽ കൂടി ഞാനറിഞ്ഞ മോഹൻലാൽ സ്വയം നവീകരിക്കാനുള്ള വെല്ലുവിളിയായും എനിക്ക് മുമ്പിൽ ഉയർന്ന് നിൽക്കുന്നു. ഫാൻസുകാർ ഇട്ട കമന്റ് നൂറ് ശതമാനം ശരിയാണ്. നാളെ സൂര്യനുദിക്കുന്നത് അല്പം ഇടത്തോട്ട് ചെരിഞ്ഞ്, മീശ പിരിച്ചായിരിക്കും. മോഹൻലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.”

നടൻ ദേവൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:,”നമ്മുടെ പ്രിയപ്പെട്ട മോഹൻലാലിന്റെ പിറന്നാൾ ആണ് ഇന്ന്… വർഷങ്ങൾ പഴക്കമുള്ള ബന്ധമാണ് ലാലുവുമായിട്ട് എനിക്ക്… ലാലിനെ എന്നും അത്ഭുതത്തോടെ നോക്കിക്കാണുന്ന ഒരാളാണ് ഞാൻ… ഒരു നടൻ എന്നതിനേക്കാൾ ഉപരി ഒരു ” ബ്രാൻഡ് ” ആണ് ലാൽ ഇന്ന്..ഒരു പ്രൊജക്റ്റ്‌ തന്റെ സ്വന്തം ചുമലിൽ സുരക്ഷിതമായി കൊണ്ടുപോകാൻ കഴിയുന്ന നടൻ.കാലം കൈകളിലെന്തി നടന്ന കലാകാരൻ. സമാനതകളില്ലാത്ത പ്രതിഭാസം. തൊട്ടതൊക്കെ പൊന്നാക്കുന്ന കരവിരുത്. ദിവസ്സവും ബന്ധപ്പെടുന്ന ബന്ധം എന്ന് പറയാൻ പറ്റില്ല.പക്ഷെ ദിവസ്സവും ഞാൻ ഓർക്കുന്നു ഈ നല്ല മനുഷ്യനെ.ഓരോ സിനിമയും തന്റെ ആദ്യസിനിമയാണെന്നു കരുതി അതിനെ സമീപിക്കുന്ന ഒരു പ്രതേക സ്വഭാവം ഉണ്ട് ലാലിന്. ആ വിജയ രഹസ്യം അത് തന്നെ ആണ്..ലാലിന്റെ കൂടെ കുറെ സിനിമകൾ ചെയ്യാൻ കഴിഞ്ഞു.അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുമ്പോളാണ് മോഹൻലാൽ എന്ന നടന്റെ മൂല്യം നമുക്ക് മനസ്സിലാവുന്നത്. മോഹൻലാലിനും കുടുംബത്തിനും ലാലിന്റെ പ്രിയപ്പെട്ട കൂട്ടുകാർക്കും ആശംസ്സകൾ. മോഹൻലാലിന് പിറന്നാൾ ആശംസ്സകൾ. ദേവൻ”

Leave a Reply