“അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ? അങ്ങനെ പ്രതീക്ഷിച്ചിരിക്കാന്‍ പറ്റുമോ?” “മോഹന്‍ലാലിന് അവാര്‍ഡ് ലഭിക്കാത്തതില്‍ നിരാശയുണ്ട്..”
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനാണ് 67ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍, മികച്ച ചിത്രത്തിനുള്ള ദേശീയ സിനിമാ പുരസ്‌കാരം ലഭിച്ചത്. ചിത്രത്തിന് ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പ്രതികരിച്ചു. പുരസ്‌കാര പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍.
ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമുള്‍പ്പടെ മൂന്ന് അവാര്‍ഡുകളാണ് മരക്കാര്‍ സ്വന്തമാക്കിയത്. വിഎഫ്എക്‌സിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ സിദ്ധാര്‍ഥ് പ്രിയദര്‍ശനെയും മോഹന്‍ലാല്‍ അഭിനന്ദിച്ചു. “ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമയ്ക്കാണ് മരക്കാറിന് പുരസ്‌കാരം. ഈ നേട്ടത്തിനു കാരണക്കാരന്‍ ആന്റണിയാണ്. ഇങ്ങനെയൊരു ചിത്രമെടുക്കാന്‍ ധൈര്യം കാണിക്കുക, അതിനു കൂടെ നില്‍ക്കുക എന്നത് വലിയൊരു കാര്യമാണ്. വളരെ സങ്കടകരമായ കാലഘട്ടത്തിലൂടെയാണ് ഈ സിനിമ കടന്നുപോയിരുന്നത്. ഒരു വര്‍ഷത്തില്‍ കൂടുതലായി ഞങ്ങള്‍ ആ ചിത്രം ഹോള്‍ഡ് ചെയ്യുന്നു. അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യാനിരുന്നതാണ്. ഈശ്വരകടാക്ഷത്താല്‍ അത് ചെയ്യാനാകുമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.” -മോഹന്‍ലാല്‍ പറയുന്നു.
മരക്കാറിന് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന്, അങ്ങനെ പ്രതീക്ഷിച്ചിരിക്കാന്‍ പറ്റുമോ എന്നായിരുന്നു താരത്തിന്റെ മറുപടി. “മരക്കാര്‍ സിനിമ ഞാന്‍ കണ്ടിട്ടില്ല. അതൊരു വലിയ സങ്കടമാണ്. എല്ലാ ജോലികളും പൂര്‍ത്തിയാക്കി ലോക്ക് ചെയ്ത് വച്ചിരിക്കുകയാണ്. ഈ സിനിമയുടെ ചെറിയ ഭാഗമെങ്കിലും പുറത്തു വന്നാല്‍ എല്ലാ സസ്‌പെന്‍സും നഷ്ടപ്പെടും. ഞാന്‍ മാത്രമല്ല ആന്റണിയും കണ്ടിട്ടില്ല, മേയ് 13 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഡബ്ബ് ചെയ്തപ്പോള്‍ ചില ഭാഗങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ ഫൈനല്‍ ഔട്ടില്‍ ഇതൊന്നുമല്ല ആ ചിത്രം. നിങ്ങളെപ്പോലെ ഈ ചിത്രം കാണാന്‍ ഞാനും ആഗ്രഹിച്ചിരിക്കുകയാണ്.”-മോഹന്‍ലാല്‍ പറഞ്ഞു.
പുരസ്‌കാര നേട്ടത്തില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂറും പ്രതികരിച്ചു. “മരക്കാര്‍ നേട്ടം കൊയ്‌തെങ്കിലും മോഹന്‍ലാലിന് അവാര്‍ഡ് ലഭിക്കാതിരുന്നതില്‍ കുറച്ച് നിരാശയുണ്ടെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ദൃശ്യം 3 ഉണ്ടാകുമെന്നും അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മോഹന്‍ലാല്‍ സാറിനും അംഗീകാരം ലഭിക്കണമെന്ന് മനസ്സിന്റെ ഉള്ളില്‍ പ്രാര്‍ഥിച്ചിരുന്നു. ഈ നേട്ടം എല്ലാവരുടെയും പ്രയത്‌നം കൊണ്ട് കിട്ടിയ അംഗീകാരമാണ്. എനിക്കു ലഭിച്ച ഈ അംഗീകാരം ഞാന്‍ മോഹന്‍ലാല്‍ സാറിനു സമര്‍പ്പിക്കുന്നു.”