ഇലക്ഷനായി കാത്തിരിക്കുന്ന മലയാളികൾ ‘വൺ’ കാണണം എന്ന് പറയുന്നത് എന്തുകൊണ്ട്…?? റിവ്യൂ വായിക്കാം….
1 min read

ഇലക്ഷനായി കാത്തിരിക്കുന്ന മലയാളികൾ ‘വൺ’ കാണണം എന്ന് പറയുന്നത് എന്തുകൊണ്ട്…?? റിവ്യൂ വായിക്കാം….

സിനിമാ പ്രേമികളും മമ്മൂട്ടി ആരാധകരും വളരെ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ‘വൺ’ അങ്ങനെ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. കോവിഡ് വൈറസ് തീർത്ത വലിയ പ്രതിസന്ധികളെ എല്ലാം അതിജീവിച്ചുകൊണ്ടാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ആദ്യ പ്രദർശനം കഴിഞ്ഞ ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കടക്കൽ ചന്ദ്രൻ എന്ന കർക്കശക്കാരനായ മുഖ്യമന്ത്രിയായി മമ്മൂട്ടി അവതരിച്ചപ്പോൾ അത് ആരാധകരെയും സിനിമാ ആസ്വാദകരെയും ഒരേപോലെ തൃപ്തിപ്പെടുത്തുന്ന ഒന്നായി മാറി. നാളിതുവരെയായി കണ്ടുവരുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷമാണ് വണ്ണിന് ഉള്ളതെങ്കിലും ചിത്രം വ്യത്യസ്തമായ രീതിയിൽ ആവിഷ്കരിക്കപ്പെടുന്നതും ശക്തനായ മുഖ്യമന്ത്രിയായി മമ്മൂട്ടി അവതരിക്കപ്പെടുന്നതും വളരെയേറെ പുതുമയുളളതായി അനുഭവപ്പെടുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ സമാനതകളില്ലാത്ത സംഭവവികാസങ്ങൾക്ക് അരങ്ങായി മാറിയ കേരളത്തിലെ ഇന്നേവരെയുള്ള മുഖ്യമന്ത്രിമാരുടെ നല്ല വശങ്ങളെ മാത്രം എടുത്തു കാണിക്കുന്ന കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രമാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. മമ്മൂട്ടി എന്ന സൂപ്പർ താരത്തിന്റെ എല്ലാ സ്റ്റാർഡവും കൃത്യമായി ഉപയോഗിച്ചുകൊണ്ടാണ് ചിത്രം മുന്നോട്ട് പോകുന്നത്.

മമ്മൂട്ടിയുടെ വളരെ വ്യത്യസ്തമായ ഇൻട്രോ പ്രേക്ഷകർക്ക് വളരെ മികച്ച തീയേറ്റർ അനുഭവം തന്നെ സമ്മാനിക്കുന്നു. യുക്തിരഹിതമായതോ ഉൾക്കൊള്ളാൻ കഴിയാത്തതൊ ആയ കഥാസന്ദർഭങ്ങളെ കൂട്ടിയോജിപ്പിച്ച് നായകന്റെ വരവിനായി പ്രേക്ഷകരെ കാത്തിരിപ്പിക്കുന്ന രീതിയല്ല ചിത്രത്തിനുള്ളത്. പകരം കഥാപാത്രങ്ങൾക്കൊപ്പം കടക്കൽ ചന്ദ്രൻ എന്ന പേര് കേൾക്കുമ്പോൾ പ്രേക്ഷകർക്കും മനസ്സിൽ അല്പം ഭയം ഉളവാക്കുന്ന തരത്തിൽ ആണ് മമ്മൂട്ടിയുടെ ഇൻട്രോ. വളരെ മികച്ച തീയേറ്റർ അനുഭവം തന്നെയാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ ഇൻട്രോ എന്ന് ഏവരും ഏറ്റുപറയുന്നു. അതി വൈകാരികമായ പ്രശ്നങ്ങളിലൂടെ അല്ല ചിത്രം കടന്നുപോകുന്നത്. സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും രാഷ്ട്രീയത്തിന്റെ ഉൾക്കാഴ്ചകളും ചർച്ച ചെയ്തു കൊണ്ടാണ് സിനിമ പുരോഗമിക്കുന്നത്. ജോജു ജോർജ്, മുരളി ഗോപി, മാത്യു തോമസ് തുടങ്ങിയവർ ചിത്രത്തിൽ ഗംഭീര പ്രകടനം തന്നെ കാഴ്ച വെച്ചു. കരുത്തനായ മുഖ്യമന്ത്രിയ്ക്ക് അതിശക്തനായ എതിരാളിയായി മുരളി ഗോപി പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങി. സന്തോഷ് വിശ്വനാഥന്റെ സംവിധാന മികവ് ഓരോ ഷോട്ടിലും തെളിഞ്ഞു നിൽക്കുന്നു.

വളരെ വ്യത്യസ്തമായ രീതിയിൽ തന്നെയാണ് ചിത്രത്തിലെ കഥാഗതി പുരോഗമിക്കുന്നത്. വലിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് കഥയ്ക്ക് പ്രാധാന്യം കൂട്ടുന്ന രീതി അല്ല ബോബി-സഞ്ജയ് ഒരുക്കിയ തിരക്കഥയിൽ പരീക്ഷിച്ചിരിക്കുന്നത്. ജനാധിപത്യ ബോധത്തിന്റെയും അധികാരം കൈയാളുന്നവരുടെയും അതിരുകളും സാധ്യതകളും നിശ്ചയിക്കാൻ ഈ ചിത്രം ശ്രമിക്കുന്നുണ്ട്. ജനാധിപത്യ സമൂഹത്തിൽ ഒരു കൂട്ടത്തിനൊ പ്രത്യേക രീതികൾക്കൊ അല്ല തികച്ചും വ്യക്തികൾക്കാണ് പ്രാധാന്യം എന്ന് ചിത്രം പലകുറി ആവർത്തിച്ചു പറയുന്നു. കാലഹരണപ്പെട്ട പ്രജ എന്ന വിശേഷണത്തിന് അപ്പുറം പൗരൻ എന്ന ഭരണഘടന മൂല്യത്തിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ തിരിച്ചുവിടാൻ ‘വൺ’ ശ്രമിക്കുന്നതായി അനുഭവപ്പെടുന്നു. ജനാധിപത്യം ഇന്നും പരിശീലിക്കാത്ത നമ്മളുടെ സമൂഹത്തിൽ ഉണ്ടാവേണ്ട ചിന്താപരമായ വിപ്ലവത്തെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്.

മുഖ്യധാര ചിത്രങ്ങൾ പലപ്പോഴും രാഷ്ട്രീയ വാദങ്ങൾ പടച്ചുവിടുമ്പോൾ അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചിട്ടുള്ള പ്രേക്ഷക സമൂഹത്തിന് തികച്ചും അർഹമായ ഒരു ബോധവൽക്കരണം തന്നെയാണ് വൺ മുന്നോട്ടുവയ്ക്കുന്നത്. എന്താണ് ജനാധിപത്യം എന്നും അതിൽ വ്യക്തികളുടെയും പൗരന്റെയും പ്രാധാന്യം എന്താണെന്നും ഓർമ്മപ്പെടുത്തുന്ന ചിത്രം ഇലക്ഷനെ അഭിമുഖീകരിക്കാൻ പോകുന്ന കേരള സമൂഹത്തിന് ഒരു പാഠപുസ്തകം തന്നെയാണ്. അധികാരം കൈയാളുന്നതല്ല അധികാരത്തിൽ ആയിരിക്കുന്നവരെ ചോദ്യം ചെയ്യാനും യോഗ്യരല്ല എന്ന് ബോധ്യമായാൽ അധികാരികളെ താഴേക്ക് ഇറക്കാനും ജനങ്ങൾ ബോധവാന്മാരായിരിക്കണം എന്ന സന്ദേശം നൽകുന്ന ചിത്രം. തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ പ്രാധാന്യം എന്തെന്ന് മനസ്സിലാക്കിത്തരാൻ ശ്രമിക്കുന്നു. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന് വളരെ മികച്ച തിയേറ്റർ അനുഭവം തന്നെയാണ് നൽകുന്നത്. എന്തുകൊണ്ടും തിയേറ്ററിൽ തന്നെ പോയി കാണേണ്ട രാഷ്ട്രീയ ചിത്രം തന്നെയാണ് വൺ.

Leave a Reply