”മലൈക്കോട്ടൈ വാലിബന്‍”….. മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ടൈറ്റില്‍
1 min read

”മലൈക്കോട്ടൈ വാലിബന്‍”….. മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ടൈറ്റില്‍

പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന സിനിമ. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. എന്തായിരിക്കും സിനിമയുടെ പേര്, കഥയെന്തായിരിക്കും, മോഹന്‍ലാലിനൊപ്പം മറ്റു താരങ്ങളാരൊക്കെയായിരിക്കും, മോഹന്‍ലാലിന്റെ ലുക്ക് എങ്ങനെയായിരിക്കും തുടങ്ങി ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളുമായിരുന്നു സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. ഇപ്പോഴിതാ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ്. ‘മലൈക്കോട്ടൈ വാലിബന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും നിര്‍മാതാക്കളും കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിടുമെന്ന് അറിയിച്ചിരുന്നു. പിന്നാലെ ടൈറ്റിലിന്റെ ചെറിയ ചെറിയ ഭാഗങ്ങള്‍ പസില്‍ പോലെ ഇവര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കാനും തുടങ്ങിയിരുന്നു. ഈ പേരുകളില്‍ വന്ന ഭാഗങ്ങള്‍ കൃത്യമായി യോജിപ്പിച്ച ചിലര്‍ക്കാ കാണാന്‍ കഴിഞ്ഞത് അതില്‍ ചിത്രത്തിന്റെ പേരിന്റെ ഭാഗം മിസിംഗ് ആണെന്നായിരുന്നു. ടൈറ്റില്‍ പുറത്തുവിടുന്നതിന്റെ ഭാഗമായി ടൈറ്റില്‍ തയ്യാറാക്കുന്നതിന്റെ വീഡിയോ മോഹന്‍ലാല്‍ പങ്കുവച്ചിരുന്നു. ‘മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സിനിമ’ എന്ന ഭാഗവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ ഇതായിരിക്കുമെന്ന് പ്രഡിക്റ്റ് ചെയ്തത്.

അതേസമയം, മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് 27-ാമത് ഐഎഫ്എഫ്‌കെ വേദിയില്‍ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ചിത്രം നിര്‍മിക്കുന്നത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ഇത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ നായികയായി എത്തുന്നത് രാധിക ആപ്‌തെയാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഇനിയും പുറത്തുവിട്ടിട്ടില്ല. ആദ്യമായി മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് ഒരുക്കുന്ന ചിത്രമെന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ചിത്രം പീരിയോഡിക് ഡ്രാമയാണെന്നും മോഹന്‍ലാല്‍ ഒരു ഗുസ്തിതാരമായിയെത്തുമെന്നുള്ള സ്ഥരീകരിക്കാത്ത റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ നിലനില്‍ക്കുന്നുണ്ട്.