“സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു ജോണി ” : മോഹൻലാൽ
1 min read

“സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു ജോണി ” : മോഹൻലാൽ

അന്തരിച്ച നടന്‍ കുണ്ടറ ജോണിയെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് മോഹന്‍ലാല്‍ ജോണിയെ ഓര്‍ത്തത്. വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു ജോണിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു.പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു. സിനിമകളിൽ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു, എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളിനെയാണ് എനിക്ക് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികൾ – എന്നാണ് മോഹന്‍ലാല്‍ കുറിപ്പില്‍ പറയുന്നത്.

ചലച്ചിത്ര നടൻ കുണ്ടറ ജോണി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 71 വയസ്സ് ആയിരുന്നു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് മരണം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച കുണ്ടറ ജോണി, അവസാനമായി വേഷമിട്ട ചിത്രം ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ. മോഹൻലാലിനൊപ്പം കിരീടത്തിൽ ചെയ്ത പരമേശ്വരൻ എന്ന കഥാപാത്രവും ചെങ്കോലിലെ കഥാപാത്രവും ഏറെ ശ്രദ്ധേയമായി. കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജോണി ജനിച്ചത്. പിതാവ് ജോസഫ്, അമ്മ കാതറിൻ. കൊല്ലം ഫാത്തിമ മാതാ കോളജ്, ശ്രീ നാരായണ കോളജ്എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജിൽ പഠനകാലത്ത് കൊല്ലം ജില്ലാ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു.1979ൽ അഗ്നിപർവതം എന്ന ചിത്രത്തിലൂടെ ആണ് കുണ്ടറ ജോണി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ആദ്യകാലം മുതൽ വില്ലൻ വേഷങ്ങൾ ആയിരുന്നു കുണ്ടറ ജോണിയുടെ തട്ടകം.

ഐ.വി ശശി ഒരുക്കിയ മുപ്പതോളം സിനിമകളിൽ അഭിനയിക്കാനുള്ള അവസരവും അദ്ദേഹത്തെ തേടി എത്തുകയും ചെയ്തു. കിരീടം. ചെങ്കോൽ, നാടോടി കാറ്റ്, ഗോഡ് ഫാദർ,ഓഗസ്റ്റ് 15, ഹലോ, അവൻ ചാണ്ടിയുടെ മകൻ, ഭാർവചരിതം മൂന്നാം ഖണ്ഡം, ബൽറാം v/s താരാദാസ്, ഭരത്ചന്ദ്രൻ ഐപിഎസ്, ദാദാസാഹിബ്, ക്രൈംഫൈൽ, തച്ചിലേടത്ത് ചുണ്ടൻ, സമാന്തരം, വർണപ്പകിട്ട്, ആറാം തമ്പുരാൻ, സ്ഫടികം, സാഗരം സാക്ഷി, ആനവാൽ മോതിരം, തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ ജോണി ഭാ​ഗമായി. മലയാളത്തിന് പുറമെ തമിഴ്ലും കന്നഡയിലും തെലുങ്കിലും ജോണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.