
“കുമ്മനടിച്ചത് ഞാനല്ല, മമ്മൂട്ടിയാണ്, സംശയമുള്ളവർക്ക് കടയുടമയോട് ചോദിക്കാം” : എം എൽ എ എൽദോസ് കുന്നപ്പിള്ളി പോസ്റ്റ് വൈറൽ
ഇന്നലെ അങ്കമാലിയിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി മെഗാസ്റ്റാർ മമ്മൂട്ടി എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന പരിഹാസങ്ങൾക്ക് നേരെ യാഥാർത്ഥ്യം എന്താണെന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് എംഎൽഎ ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. അങ്കമാലിയിലെ ഓപ്‌ഷൻസ് ടെക്‌സ്‌റ്റൈൽസിന്റെ ഉദ്‌ഘാടനത്തിന് മമ്മൂട്ടിയെയും എംഎൽഎയും ക്ഷണിച്ചിരുന്നു. എന്നാൽ ഇതിൽ കെട്ടിടത്തിന്റെ ഉദ്‌ഘാടനകൻ മമ്മുട്ടി ആയിരുന്നു. അതേസമയം ഉദ്‌ഘാടന ശേഷം മുകളിലെ ചെറിയ ഷോറൂം ഉദ്‌ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം ബഹുമാനപ്പെട്ട എം എൽ എയ്ക്കായിരുന്നു .

എംഎൽഎ ഉദ്‌ഘാടനത്തിനു തയ്യാറായി നിന്നപ്പോൾ അവിടേക്ക് കാര്യം മനസ്സിലാക്കാതെ മമ്മുട്ടി കടന്ന് വരികയും കത്രിക കയ്യിലെടുക്കുകയും ചെയ്തു. എന്നാൽ ഈ സമയം ഉദ്‌ഘാടകൻ എം എൽ എ ആണെന്ന് കടയുടമ പറയുകയും ചെയ്തിരുന്നു. ആ ബിൽഡിംഗിന്റെ ഉദ്ഘാടകൻ എംഎൽഎ ആണെന്ന് അറിഞ്ഞപ്പോൾ മമ്മൂട്ടി കത്രിക എംഎൽഎയ്ക്ക് നീട്ടി. എന്നാൽ ആ സമയം മമ്മൂട്ടിയോട് ഉദ്ഘാടനം നിർവഹിച്ചു കൊള്ളു എന്നും ഞാൻ ഒന്ന് തൊട്ട് കൊള്ളാം എന്നും പറയുകയും ചെയ്തു. ബഹുമാനാർത്ഥം കത്രിക താൻ വാങ്ങി നൽകുകയാണ് ചെയ്തത്. ഇതാണ് ഇതിലെ യഥാർത്ഥ വസ്തുത എന്നും, തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാർത്തകൾ നൽകുന്നത് ശെരിയായ നടപടിയല്ല എന്നും എംഎൽഎ സോഷ്യൽമീഡിയ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.

കൂടാതെ ഈ സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉള്ളവർ ടെക്‌സ്‌റ്റൈൽസ് ഉടമയെയോ ബന്ധപ്പെട്ടവരോടോ ചോദിക്കാവുന്നതാണ് എന്നും. ആ ഫ്ലോറിന്റെ ഉദ്‌ഘാടകൻ താനാണെന്ന് അറിയാതെയാണ് മമ്മുട്ടി കത്രിക എടുത്തത്. അതേ സമയം കത്രിക തിരിച്ചു വാങ്ങിയാൽ അദ്ദേഹത്തെ പരിഹസിക്കുന്നത് പോലെ ആകും എന്ന് കരുതിയത് കൊണ്ടാണ് അതിനു മുതിരാതിരുന്നത്. ഇക്കാര്യങ്ങൾ മനസ്സിലാക്കണമെന്ന് ലേഖകനോട് പറഞ്ഞു കൊണ്ടാണ് അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റ് അവസാനിപ്പിച്ചത്.

കുമ്മൻ അടിച്ചത് ഞാനല്ല എന്ന ഹാഷ്ടാഗോടെ ആണ് എംഎൽഎ തന്റെ സോഷ്യൽ മീഡിയ പേജിൽ ഈ പോസ്റ്റ് പബ്ലിഷ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞിരിക്കുകയാണ്. എംഎൽഎ മമ്മൂട്ടിയുടെ കൈയിൽ നിന്നും കത്രിക പിടിച്ചു വാങ്ങി ഉദ്ഘാടനം നിർവഹിക്കാൻ ശ്രമിച്ചു എന്ന രീതിയിലുള്ള ട്രോളുകൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.