“ഒരാൾ എയ്ഞ്ചൽ, മറ്റൊരാൾ പിശാച് ,ഒരേ സ്രഷ്ടാവ്  ” ; ബോക്‌സ് ഓഫീസിലും സമാനമായ ആഘാതം
1 min read

“ഒരാൾ എയ്ഞ്ചൽ, മറ്റൊരാൾ പിശാച് ,ഒരേ സ്രഷ്ടാവ് ” ; ബോക്‌സ് ഓഫീസിലും സമാനമായ ആഘാതം

മിഥുൻ മാനുവൽ തോമസ്, ഈ പേര് ഇന്ന് മലയാള സിനിമയ്ക്ക് ഒരു പ്രതീക്ഷയാണ്. മിനിമം ഗ്യാരന്റി ഉള്ളൊരു സിനിമയാകും അത് എന്നതാണ് ആ ആശ്വാസം. സംവിധായകനായും തിരക്കഥാകൃത്തായും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മിഥുന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ‘ഓസ്‍ലർ’ ആണ്. ഒരു മെഡിക്കല്‍ സസ്‍പെൻസ് ത്രില്ലര്‍ ചിത്രമായിട്ടാണ് ഓസ്‍ലര്‍ എത്തിയത്. ജയറാമിന് മലയാളത്തിലേക്ക് വൻ തിരിച്ചുവരവിന് കളമൊരുക്കിയ ചിത്രത്തിൽ മമ്മൂട്ടി ഉണ്ട് എന്നതും ഏറെ ശ്രദ്ധേയമാണ്. മമ്മൂട്ടിയുടെ നിര്‍ണായക അതിഥി വേഷവും ചിത്രത്തിനറെ ഹൈപ്പില്‍ പ്രകടമായിരുന്നു എന്ന് ഓസ്‍ലര്‍ കാണാൻ കാത്തിരുന്ന ആരാധകര്‍ മിക്കവരും അഭിപ്രായപ്പെടുന്നു. മികച്ച ഇൻട്രോയാണ് മമ്മൂട്ടിക്ക് ജയറാം ചിത്രത്തില് ലഭിച്ചത് എന്ന് പ്രേക്ഷകരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

ഓസ്‍ലറുമായി ബന്ധപ്പെട്ട് ചർച്ചകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ നിറയുന്നതിനിടെ ദുൽഖർ സൽമാന്റെ ഒരു കാമിയോ റോളും ശ്രദ്ധനേടുകയാണ്. മുൻപ് മിഥുൻ സംവിധാനം ചെയ്ത് സണ്ണിവെയ്ൻ നായകനായി എത്തിയ ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ ഡിക്യു അതിഥി വേഷത്തിൽ എത്തിയിരുന്നു. ഈ വേഷവും ഓസ്‍ലറിലെ മമ്മൂട്ടിയുടെ വേഷവും തമ്മിൽ കൂട്ടിച്ചേർത്താണ് ചർച്ചകൾ. മിഥുന്റെ ഫ്രെയിമിൽ അകപ്പെട്ട ദുൽഖർ എയ്ഞ്ചൽ ആയിട്ടാണ് വന്നതെങ്കിൽ മമ്മൂട്ടി ഡെവിൾ ആയിട്ടാണ് വന്നതെന്ന് ആരാധകർ പറയുന്നു. “രണ്ട് കഥാപാത്രങ്ങൾ, രണ്ട് എക്സ്ട്രീംസ്, ഒരേ സ്രഷ്ടാവ്, ബോക്‌സ് ഓഫീസിലും സമാനമായ ആഘാതം, ഒരാൾ എയ്ഞ്ചൽ, മറ്റൊരാൾ പിശാച്”, എന്നിങ്ങനെയാണ് ദുൽഖറിന്റെയും മമ്മൂട്ടിയുടെയും ഫോട്ടോകൾ പങ്കുവച്ച് ആരാധകർ കുറിക്കുന്നത്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്താണ് ജയറാം. ദുൽഖറിന്റെ സുഹൃത്താണ് സണ്ണി വെയ്നും. അതുകൊണ്ട് തന്നെ അച്ഛനും മകനും അടുത്ത സുഹൃത്തുക്കളുടെ സിനിമകളിലാണ് കാമിയോ റോളിൽ എത്തിയത് എന്നത് ശ്രദ്ധേയമാണ്.

കുട്ടികളെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ തിയേറ്ററുകളിലേക്ക് ആകർഷിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘ആൻ മരിയ കലിപ്പിലാണ്’. തന്നെ മനപൂർവ്വം സ്പോർട്സ് ട്രയൽസിൽ തോൽപ്പിച്ചുകളഞ്ഞ പിടി മാസ്റ്ററായ ഡേവിഡിനോടുള്ള ഒരു പത്തുവയസ്സുകാരിയുടെ പ്രതികാരത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ സാറ അർജ്ജുനാണ് ആൻമരിയ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പൂമ്പാറ്റ ഗിരീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സണ്ണി വെയ്നുമായിരുന്നു. അജു വര്‍ഗീസ്, സിദ്ധിഖ്,ധര്‍മജന്‍ ബോള്‍ഗാട്ടി,ലിയോണ ലിഷോയ്,സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം.