“ആള് ഗുസ്തിക്കാരനാ, ചതഞ്ഞ് പോകും”: മോഹൻലാലിനെ കുറിച്ച് എം ജി ശ്രീകുമാർ
പതിറ്റാണ്ടുകളായി മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. മോഹൻലാലിന് പകരമാവാൻ മറ്റൊരു നടന്നുമില്ലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. അത്രമാത്രം വൈവിധ്യമാർന്ന കഥാപാത്രങ്ങളെയാണ് നടൻ ഇക്കാലയളവിനിടയിൽ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുള്ളത്.പ്രേക്ഷകരെ ഒരു പോലെ പൊട്ടിച്ചിരിപ്പിക്കാനും കരയിക്കാനും സാധിക്കുന്ന അസാധ്യ നടനാണ് അദ്ദേഹം. കഴിഞ്ഞ 20 വർഷത്തിലേറെയായി സൂപ്പർ സ്റ്റാറായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് നടൻ.
അതുപോലെ നടൻ മോഹൻലാലിന് വേണ്ടി ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ കാണൂ. എംജി ശ്രീകുമാർ. പ്രിയദർശന്റെ ചിത്രം സിനിമയിലൂടെ തുടങ്ങിയ ആ കൂട്ടുകെട്ട് ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു. എംജിയുടെ ശബ്ദത്തിന് മോഹൻലാൽ ചുണ്ടനക്കി സ്ക്രീനിൽ എത്തുമ്പോൾ ഏവരും അത് ആഘോഷമാക്കി. പാട്ടിൽ മാത്രമല്ല സൗഹൃദത്തിലും ഇരുവരും മുന്നിൽ തന്നെ. ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് മോഹൻലാലും എംജിയും മുൻപ് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള കാര്യമാണ്. എന്നാൽ ഈ ബന്ധം തുടങ്ങുന്നതാകട്ടെ ഒരു വഴക്കിൽ നിന്നുമാണ്. അതും കോളേജ് കാലഘട്ടത്തിൽ.
ആദ്യമായി ഞാൻ ലാലുവിനെ പരിചയപ്പെടുന്നത് ഒരു വഴക്കിലൂടെ ആണ്. ലാൽ എംജി കോളേജിലും ഞാൻ ആർട്സ് കോളേജും ആയിരുന്നു പഠിച്ചത്. അതിന് മുൻപ് വെവ്വേറെ സ്കൂളുകളിലും ആയിരുന്നു. തിരുവനന്തപുരത്ത് റോസ് ഡേ എന്നൊരു പരിപാടിയുണ്ട്. അന്ന് നമ്മൾ കാണാൻ കൊള്ളാവുന്ന പെൺകുട്ടികൾ പോകുമ്പോൾ വായി നേക്കി നിൽക്കുക എന്നതായിരുന്നു ജോലി. ലാലിന്റെ കോളേജിൽ നിന്നും ലാലുവും ബാച്ചും ഞാങ്ങളും അവിടെ ചെന്നു. അന്ന് ഒരു മത്സരവുമായി ചെറിയൊരു അടിയുടെ വക്കുവരെ എത്തി. ആ വേളയിൽ ആണ് ഞാൻ ലാലുവിനെ കാണുന്നതും സംസാരിക്കുന്നതും. ആരോ എന്നോട് വന്ന് പറഞ്ഞു വെറുതെ വഴക്കിനും വയ്യാവേലിക്കും പോകണ്ട അയാളൊരു റസിലർ ആണ് ഗുസ്തിക്കാരനാണെന്ന് പറഞ്ഞു. അന്ന് ഞാൻ വളരെ കൊഞ്ചു പോലുള്ള പയ്യനാണ്. മേലിൽ കൂടെ വെറുതെ വീണാൽ ചതഞ്ഞ് പോകും. അതുകൊണ്ട് വെറുതെ പ്രശ്നമാക്കാതെ വീട്ടിൽ പോകാൻ പറഞ്ഞു. അന്ന് ഞങ്ങൾ പരിചയപ്പെട്ടെങ്കിലും ആ ബന്ധം, സ്വന്തം ജേഷ്ഠനെക്കാൾ ഉപരി അല്ലെങ്കിൽ ഒരു സുഹൃത്തിനെക്കാൾ ഉപരി അടുപ്പത്തിലായി. ചിത്രം എന്ന സിനിമയക്ക് വേണ്ടിയാണ് ഞാൻ ആദ്യമായി ലാലുവിന് വേണ്ടി പാടുന്നത്”, എന്നാണ് മുൻപൊരു സ്വകാര്യ ചാനലിനോട് എംജി ശ്രീകുമാർ പറഞ്ഞത്.
അതേസമയം, മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രമാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിൽ ഗുസ്തിക്കാരൻ ആയിട്ടാണ് മോഹൻലാൽ എത്തുക എന്നാണ് വിവരം. അതുകൊണ്ടുതന്നെ എംജി പറഞ്ഞ ഈ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത് മുതൽ വരുന്ന ഓരോ അപ്ഡേഷനും സിനിമ പ്രേമികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളത്തിലെ പുതുതലമുറയിലെ മുൻനിര സംവിധായകരിൽ ഒരാളായ ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.