‘പുന്നാര കാട്ടിലെ പൂവനത്തിൽ…’; സോഷ്യൽ മീഡിയ തിരഞ്ഞ ആ നടനും നടിയും ഇവരാണ്!
1 min read

‘പുന്നാര കാട്ടിലെ പൂവനത്തിൽ…’; സോഷ്യൽ മീഡിയ തിരഞ്ഞ ആ നടനും നടിയും ഇവരാണ്!

മലയാള സിനിമാലോകത്തെ ശ്രദ്ധേയനായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ വിശേഷങ്ങള്‍ ഓരോ ദിവസവും സോഷ്യൽമീഡിയയിൽ ഒട്ടേറെയാണ്. സിനിമയുടെ ഒഫീഷ്യൽ ടീസറിന് പിന്നാലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘പുന്നാര കാട്ടിലെ പൂവനത്തിൽ…’ എന്ന ഗാനം വന്നതുമുതൽ എല്ലാവരും ആ ഗാനരംഗത്തിൽ അഭിനയിച്ച നടനേയും നടിയേയും തിരഞ്ഞുകൊണ്ടിരിക്കുകയാണ്.

ഗാന രംഗത്ത് അഭിനയിച്ചിരിക്കുന്ന നടി ഒരു കൊൽക്കത്ത സുന്ദരിയാണ്. ബംഗാളി നടിയും മോഡലുമായ കഥ നന്ദി ആണ് ഈ ഗാന രംഗത്തിൽ പ്രത്യക്ഷപെട്ടിരിക്കുന്നത്. ഷോർട്ട് ഫിലിമുകളിലും സീരിസുകളിലുമെല്ലാം അഭിനയിച്ചിട്ടുള്ള കഥ മോഡലിംഗ് രംഗത്തും മിന്നും താരമാണ്. പിസാച് കഹിനി: ദ് സ്റ്റോറി ഓഫ് വാംപയർ എന്ന് ഷോർട്ട് ഫിലിമിലെ അഭിനയത്തിലൂടെയും കഥ നന്ദി മുൻപ് ശ്രദ്ധ നേടിയിട്ടുള്ളയാളാണ്. 2020 ലാണ് കഥ നന്ദി അഭിനയരം​ഗത്തേക്ക് എത്തിയത്. താരത്തിന്‍റെ ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. തലൈക്കൂത്തൽ എന്ന ചിത്രമാണ് കഥ നന്ദിയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. തമിഴിലെ താരത്തിന്‍റെ ആദ്യ ചിത്രം കൂടിയായിരുന്നു തലൈക്കൂത്തൽ.

ഇനി കഥ നന്ദിയുടെ ജോഡിയായി ഗാനരംഗത്തിൽ പ്രത്യേക്ഷപ്പെട്ടിരിക്കുന്നത് മനോജ് മോസസ് എന്ന നടനാണ്. ഒരു കോറിയോഗ്രാഫറാണ് താരം. ഡാൻസ് വെഴ്സസ് ഡാൻസ് സീസൺ 2 വിന്നറായിരുന്നു മനോജ്. ഡാൻസ് കർണാടക ഡാൻസ് ഫൈനലിസ്റ്റുമായിരുന്നു താരം. അമൃത ടിവി കെഡിഎൽ റണ്ണറപ്പും ആയിരുന്നു. ചിത്രത്തിൽ ഇരുവര്‍ക്കും സുപ്രധാന വേഷങ്ങളാണ് ഉള്ളതെന്നാണ് ഗാനരംഗം നൽകുന്ന സൂചനകള്‍.

മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ് സേഠ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍, സഞ്ജന ചന്ദ്രൻ തുടങ്ങി നിരവധിപേരാണ് സിനിമയിൽ അഭിനയിക്കുന്നത്. ആയിരത്തി അഞ്ഞൂറോളം ജൂനിയർ ആർടിസ്റ്റുകളും സിനിമയിൽ അണിനിരന്നിട്ടുണ്ട്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം അനൂപിന്‍റെ മാക്സ് ലാബ് സിനിമാസ്, കൊച്ചുമോന്‍റെ സെഞ്ച്വറി ഫിലിംസ് എന്നിവരും ‘മലൈക്കോട്ടൈ വാലിബ‘ന്‍റെ നിര്‍മ്മാണ പങ്കാളികളാണ്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ, എംസി ഫിലിപ്പ് ജേക്കബ് ബാബു എന്നിവരാണ് നിർമ്മാതാക്കള്‍.