മരിച്ചവര്‍ അവര്‍ക്കുവേണ്ടി സംസാരിക്കാനാവില്ല’ ; മാര്‍ക്കാന്റണിയിലെ സില്‍ക്ക് സ്മിതയുടെ റോളിന് വിമര്‍ശനം
1 min read

മരിച്ചവര്‍ അവര്‍ക്കുവേണ്ടി സംസാരിക്കാനാവില്ല’ ; മാര്‍ക്കാന്റണിയിലെ സില്‍ക്ക് സ്മിതയുടെ റോളിന് വിമര്‍ശനം

മാർക്ക്  ആന്റണി വിശാലിന്റെ വന്‍ തിരിച്ചുവരവായി മാറിയിരിക്കുകയാണ്. വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ വന്ന് റിലീസ് ദിനത്തില്‍ തന്നെ വന്‍ മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് ഉദാഹരണം കൂടിയാണ് ഈ ചിത്രം. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിലെ പ്രകടനത്തിന്റെ പേരില്‍ കൈയടി നേടുന്ന മറ്റൊരാള്‍ എസ് ജെ സൂര്യയാണ്. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെട്ട ചിത്രം മികച്ച ഓപണിംഗ് കളക്ഷന്‍ നേടി തിയറ്ററുകളില്‍ തുടരുകയാണ്. വളരെ രസകരമായ ഒരു ടൈംട്രാവല്‍ ചിത്രമായിട്ടാണ് മാര്‍ക്ക് ആന്റണി പ്രദര്‍ശനത്തിന് എത്തിയത്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ മണ്‍മറഞ്ഞ നടി സില്‍ക്ക് സ്മിതയെ പുനരവതരിപ്പിച്ചത് വന്‍ ചര്‍ച്ചയായിരുന്നു എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണിതെന്നായിരുന്നു അന്നുണ്ടായിരുന്ന അഭ്യൂഹം. എന്നാല്‍ സില്‍ക്ക് സ്മിതയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ ശ്രദ്ധനേടിയ വിഷ്ണു പ്രിയാ ഗാന്ധിയാണ് സിനിമയില്‍ സില്‍ക്ക് സ്മിതയെ അവതരിപ്പിക്കുന്നത്. മേക്കപ്പിലൂടെയാണ് സില്‍ക്ക് സ്മിതയെ വീണ്ടും അവതരിപ്പിച്ചത്. ചിത്രത്തില്‍ സില്‍ക്ക് സ്മിതയെ പുനരാവിഷ്‌കരിക്കാന്‍ വലിയ തുകയാണ് ചെലവഴിച്ചതെന്നും മുന്‍പ് വിശാല്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായിരുന്നു. എന്നാലിപ്പോഴിതാ ചിത്രത്തിനെതിരെ ഒരു വിഭാഗം പ്രേക്ഷകരില്‍ നിന്ന് കാര്യമായ വിമര്‍ശനം ഉയരുന്നിരിക്കുകയാണ്. ചിത്രം രസിപ്പിച്ചുവെന്ന് അഭിപ്രായമുള്ളവര്‍ തന്നെയാണ് വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. നടി സില്‍ക്ക് സ്മിതയുടെ ചിത്രത്തിലെ അവതരണം നീതിപൂര്‍വ്വമായില്ലെന്നാണ് ഒരു കൂട്ടര്‍ ഉയര്‍ത്തുന്ന വിമര്‍ശനം.

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരമായിരുന്ന സില്‍ക്ക് സ്മിതയെ അവരായിത്തന്നെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ടൈം ലൈനിലും പാത്രാവിഷ്‌കാരത്തിലുമൊക്കെ പ്രശ്‌നങ്ങളുണ്ടെന്നാണ് വിമര്‍ശകരുടെ ആരോപണം. സിനിമയുടെ കഥ നടക്കുന്നത് 1975 ലാണ്. എന്നാല്‍ പുഷ്യരാഗം എന്ന മലയാള ചിത്രത്തിലൂടെ 1979 ലാണ് സില്‍ക്ക് സ്മിത സിനിമാ അരങ്ങേറ്റം നടത്തിയതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ഒട്ടും ആഴമില്ലാത്ത രീതിയിലുള്ള ഒരു കഥാപാത്രാവിഷ്‌കാരമാണ് സംവിധായകന്‍ നടത്തിയിരിക്കുന്നതെന്നും. സ്മിതയെ കച്ചവടവല്‍ക്കരിച്ചിരിക്കുകയാണെന്ന് പറഞ്ഞ് ഒരു വിമര്‍ശകന്‍ പങ്കുവെച്ച ഒരു കുറിപ്പും ഇപ്പോള്‍ വൈറലാവുന്നുണ്ട്. കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ :- ‘ആരും ഇക്കാര്യം ചര്‍ച്ച ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. പക്ഷേ മാര്‍ക്ക് ആന്റണിയിലെ സില്‍ക്ക് സ്മിതയുടെ രംഗം ഏറെ അസ്വാസ്ഥ്യമുളവാക്കുന്ന ഒന്നായിരുന്നു. ചിത്രീകരിച്ചത് എന്താണോ അതില്‍ നിന്ന് പല സംഭാഷണങ്ങളും മാറ്റിയിട്ടുണ്ട് എന്നത് വ്യക്തമാണ്. അപ്പോള്‍ പോലും അവ വളരെ തെറ്റായ രീതിയിലാണ്. ഒറിജിനല്‍ സംഭാഷണങ്ങള്‍ എത്തരത്തിലായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആളുകള്‍ തിയറ്ററില്‍ ഈ സീന്‍ ആഘോഷിക്കുന്നു എന്നതാണ് അതിലേറെ മോശം. മരിച്ചവര്‍ക്ക് അവര്‍ക്കുവേണ്ടി സംസാരിക്കാനാവില്ല’ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

അതേസമയം ചിത്രത്തില്‍ ലൈഗീക ചുവയുള്ള സംഭാഷണങ്ങള്‍ ഉണ്ടായിരുന്നു. ഈ സംഭാഷണങ്ങള്‍ മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ചിത്രത്തില്‍ ഈ കഥാപാത്രത്തിന് ആവശ്യത്തിന് സ്‌പേസ് കൊടുത്തില്ലെന്ന് പരിഭവിക്കുന്ന സില്‍ക്ക് ആരാധകരുമുണ്ട്.