മലയാളികൾ ഹൃദയത്തിലേറ്റിയ അന്യഭാഷാ നടനാണ് അല്ലു അർജുൻ. തെലുങ്ക് ചിത്രങ്ങളിൽ അഭിനയിക്കുന്ന താരത്തിന് ഇന്ത്യ മുഴുവൻ ആരാധകരുണ്ട്. ‘സ്റ്റൈലിഷ് സ്റ്റാർ’ എന്ന ഓമനപ്പേരിലാണ് തെന്നിന്ത്യയിൽ താരം അറിയപ്പെടുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ആദ്യത്തെ അന്യഭാഷാ നടൻ ഒരു പക്ഷേ അല്ലു അർജുനായിരിക്കും. കോവിഡിനു ശേഷം റിലീസ് ചെയ്ത താരത്തിന്റെ പുഷ്പ എന്ന സിനിമ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു.
ഇപ്പോഴിതാ അല്ലു അർജുൻ്റെ പഴയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മഴവിൽ മനോരമ ചാനലിൽ താരം നൽകിയ അഭിമുഖത്തിൽ മലയാളത്തിൻ്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പറയുന്ന വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഗോഡ്ഫാദർ എന്ന ഹോളിവുഡ് ക്ലാസിക് സിനിമ ഇന്ത്യയിൽ റീമേക്ക് ചെയ്യുകയാണെങ്കിൽ മമ്മൂട്ടിയായിരിക്കും അതിലെ പ്രധാന കഥാപാത്രത്തിന് പെർഫെക്ട് എന്നാണ് താരം പറയുന്നത്.
ഹോളിവുഡ് സിനിമകൾ ഇന്ത്യൻ ഭാഷകളിൽ റീമേക്ക് ചെയ്യുമ്പോൾ ആരായിരിക്കും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നായിരുന്നു അവതാരകൻ്റെ ചോദ്യം. അത്തരത്തിൽ ഗോഡ്ഫാദർ എന്ന സിനിമയെ കുറിച്ചും അവതാരകൻ ചോദിച്ചു. “എനിക്ക് തോന്നുന്നു മമ്മൂട്ടി സാര്‍. മമ്മൂട്ടി സാര്‍ ആയിരിക്കും പെര്‍ഫക്ട്” എന്നാണ് അല്ലു അർജുൻ മറുപടി നൽകിയത്. ഹോളിവുഡിലെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റർ സിനിമയായിരുന്നു 1972ൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ.
നിരവധി അവാർഡുകളും ഓസ്കാർ പുരസ്കാരവും ചിത്രം നേടിയിട്ടുണ്ട്. ഇപ്പോഴും ഇന്ത്യയിലടക്കം ഗോഡ്ഫാദർ എന്ന സിനിമയ്ക്ക് നിരവധി ആരാധകരും ഉണ്ട്. ആ കഥാപാത്രത്തെ ഇന്ത്യയിൽ അവതരിപ്പിക്കാൻ കഴിവുള്ള നടൻ മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിയാണ് എന്നാണ് അല്ലു അർജുൻ പറഞ്ഞിരിക്കുന്നത്. ഇതിനോടകം തന്നെ അല്ലു അർജുൻ്റെ വാക്കുകൾ മമ്മൂട്ടി ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
മമ്മൂട്ടിയുടെ ഫാൻസ് പേജുകളിലും ഗ്രൂപ്പുകളിലും വീണ്ടും ഈ അഭിമുഖം നിറയുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ഭീഷ്മപർവ്വം എന്ന മമ്മൂട്ടിയുടെ സിനിമ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ആ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഗോഡ്ഫാദർ സിനിമയിലെ കഥാപാത്രവുമായി സാമ്യത ഉണ്ടെന്ന് പല സിനിമാ നിരൂപകരും പറഞ്ഞിരുന്നു. മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ച മമ്മൂട്ടി സിനിമ കൂടിയാണ് ഭീഷ്മപർവ്വം. ഈ അവസരത്തിൽ അല്ലു അർജുൻ്റെ വാക്കുകളും ഏറെ ശ്രദ്ധേയമാകുന്നു.