”പ്രേക്ഷകരെ എജ്യുക്കേറ്റ് ചെയ്യേണ്ട കാര്യമൊന്നുമില്ല, അവര്‍ നമ്മളേക്കാള്‍ അറിവുള്ളവരാണ്” ; മമ്മൂട്ടിയുടെ നിലപാടിന് പ്രേക്ഷകരുടെ കയ്യടി
മലയാള സിനിമ ഒരുപിടി മികച്ച സിനിമകള്‍കൊണ്ട് സമ്പന്നമായ ഒരു മേഖലയാണ്. അവതരണത്തിലും ആഖ്യാനത്തിലും തികച്ചും വ്യത്യസ്തമായ ഒട്ടനവധി സിനിമകളാണ് പുറത്തുവരുന്നത്. ടെക്നോളജിയുള്‍പ്പടെ വിവിധ മേഖലകളിലായി നിരവധി വേറിട്ട പരീക്ഷണങ്ങളാണ് പലരും നടത്തുന്നത്. എന്നിരുന്നാലും സിനിമയുടെ നിലവാരത്തെ ചോദ്യം ചെയ്യുന്ന ഒരുപാട് സിനിമകള്‍ വന്നിട്ടുണ്ട്. പല സിനിമകള്‍ പരാജയപ്പെടുമ്പോള്‍ അതിന്റെ അണിയറപ്രവര്‍ത്തകര്‍ അവരുടേതായ പ്രതികരണങ്ങള്‍ തരാറുമുണ്ട്. അത്തരത്തില്‍ ഈ അടുത്ത് ശ്രദ്ധിക്കപ്പെട്ട പ്രധാന പ്രതികരണങ്ങളാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തെ വിമര്‍ശിച്ചവരോട് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളും ഒടിയന് എന്ന സിനിമ പരാജയപ്പെട്ടപ്പോള്‍ സംവിധായകന് ശ്രീകുമാര്‍ മേനോന് പറഞ്ഞതും എസ്എന്‍സ്വാമി സിബിഐ 5നെ വിമര്‍ശിച്ചവരോട് പറഞ്ഞതും.
ഇവരെല്ലാം പറഞ്ഞത് പ്രേക്ഷകരുടെ ഭാഗത്തെ തെറ്റാണെന്നാണ് അവരുടെ വാക്കുകളിലൂടെ വ്യാഖാനിക്കപ്പെട്ടത്. പ്രേക്ഷകരുടെ നിലവാരത്തെ ചോദ്യം ചെയ്യുന്ന മറുപടികളായിരുന്നു ഇവരെല്ലാം നല്‍കിയത്. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്ഥമാവുകയാണ് മമ്മൂട്ടിയുടെ നിലപാട്. പ്രേക്ഷകരെ എജ്യുക്കേറ്റ് ചെയ്യേണ്ട കാര്യമൊന്നുമില്ല, ഓടിടി പ്ലാറ്റ്ഫോമുകളില്‍ നിരവധി മികച്ച ലോക സിനിമകള്‍ കാണുന്ന അവര്‍ നമ്മളെക്കാളും അറിവുള്ളവര്‍ ആണ്. കാലത്തിനനുസരിച്ച് നവീകരിക്കാനും തേച്ചു മിനുക്കാനും ആണ് നമ്മള് ശ്രമിക്കേണ്ടത് എന്നായിരുന്നു മമ്മൂട്ടി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
മമ്മൂട്ടിയുടെ ഈ വാക്കുകളെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇപ്പോഴിതാ ജിനേഷ് പിഎസ് എഴുതിയ ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ് വൈറലാവുന്നത്. തിയറ്ററില്‍ എത്തുന്നതിനു മുന്‍പ് തന്നെ സംവിധായകന് ശ്രീകുമാര്‍ മേനോന് തള്ളിമറിച്ച് ഉത്തരത്തിന് മുകളില്‍ കയറ്റി വച്ച ഒടിയന് എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ പ്രേക്ഷകരെ വിമര്‍ശിക്കുകയാണ് സംവിധായകന് ചെയ്തതെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ഒരു സിനിമയുടെ എഡിറ്റിനിങ്ങിനെ കുറിച്ചും ക്യാമറ മ്യൂസിക്ക് എന്നിവയെ കുറിച്ചും പറയാന്‍ അര്ഹതയുള്ളവരല്ല മരക്കാറിനെ വിമര്‍ശിക്കുന്നത് എന്നും സിനിമ കണ്ടവര്‍ക്കാര്‍ക്കും അത്തരം അഭിപ്രായങ്ങളോട് യോജിക്കാന്‍ കഴിയില്ല എന്നുമാണ് ചിത്രത്തെക്കുറിച്ചുള്ള വിമര്‍ശനത്തോട് മോഹന്‍ലാല്‍ പ്രതികരിച്ചത്. പക്വതയുള്ളവര്‍ക്ക് സി ബി ഐ ഫൈവ് ഇഷ്ടപ്പെട്ടു എന്നാണ് വിമര്‍ശനങ്ങളെ കുറിച്ച് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി പറഞ്ഞതെന്നും കുറിപ്പില്‍ പറയുന്നു.
കാശുകൊടുത്ത് സിനിമ കാണുന്നവര്‍ അഭിപ്രായം പറയുമ്പോള്‍ അല്ലെങ്കില്‍ വിമര്‍ശിക്കുമ്പോള്‍ പ്രേക്ഷകരുടെ പക്വതയേയും എഡിറ്റിംഗിലെ അറിവിനെയും കുറച്ചൊക്കെ പറയുന്നത് ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ പോക്രിത്തരം ആണ്. നിങ്ങള്‍ പടച്ചിറക്കുന്നത് എല്ലാം കണ്ട് മൗനം പാലിക്കാന്‍ നിങ്ങളുടെ അടിമകള്‍ ഒന്നുമല്ല പ്രേക്ഷകര്‍. പണം മുടക്കി സിനിമ കാണുന്നവര്‍ അഭിപ്രായം പറയുക തന്നെ ചെയ്യും. അവരെ കുറ്റപ്പെടുത്താനും ചാപ്പ അടിക്കാനും നോക്കാതെ സ്വയം വിലയിരുത്തലിനും സ്വയം നവീകരണത്തിനും തയ്യാറായാല്‍ കാലിക പ്രസക്തിയുള്ള മികച്ച സിനിമകള്‍ ഇനിയും സൃഷ്ടിക്കാന്‍ ഇവര്‍ക്കാവും. അല്ലെങ്കില്‍ സ്വന്തം കഴിവുകേടിന് പ്രേക്ഷകരെയും കുറ്റം പറഞ്ഞ് മാനം നോക്കി ഇരിക്കാം എന്ന് മാത്രമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഇതിനിടയില്‍ ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. കഴിഞ്ഞദിവസം മമ്മൂട്ടി പറഞ്ഞ കാര്യം. ‘പ്രേക്ഷകരെ എജ്യുക്കേറ്റ് ചെയ്യേണ്ട കാര്യമൊന്നുമില്ല, ഓടിടി പ്ലാറ്റ്ഫോമുകളില്‍ നിരവധി മികച്ച ലോക സിനിമകള്‍ കാണുന്ന അവര്‍ നമ്മളെക്കാളും അറിവുള്ളവര്‍ ആണ്. കാലത്തിനനുസരിച്ച് നവീകരിക്കാനും തേച്ചു മിനുക്കാനും ആണ് നമ്മള് ശ്രമിക്കേണ്ടതെന്ന് കുറിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.