‘പുതുമുഖ സംവിധായകര്‍ മമ്മൂക്കയെ തിരഞ്ഞെടുക്കാനുള്ള കാരണം’ എന്തെന്ന് ‘പുഴു’വിന്റെ സംവിധായിക റത്തീന തുറന്നു പറയുന്നു
1 min read

‘പുതുമുഖ സംവിധായകര്‍ മമ്മൂക്കയെ തിരഞ്ഞെടുക്കാനുള്ള കാരണം’ എന്തെന്ന് ‘പുഴു’വിന്റെ സംവിധായിക റത്തീന തുറന്നു പറയുന്നു

മമ്മൂട്ടിയെയും പാര്‍വ്വതി തിരുവോത്തിനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴു’. പുതുമുഖ സംവിധായകരെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയ മമ്മൂട്ടി ഇപ്പോള്‍ ഇതാ റത്തീനയ്ക്ക് കൂടി അതിനുള്ള അവസരം നല്‍കിയിരിക്കുകയാണ്. മുമ്പ് റത്തീന സിനിമ മേഖലയിലെ അണിയറ പ്രവര്‍ത്തകയായി പ്രവര്‍ത്തിച്ചിരുന്നു. അതേസമയം, ഒരു വനിതാ സംവിധായികയുടെ ചിത്രത്തില്‍ ആദ്യമായി മമ്മൂട്ടി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന്‍, കുഞ്ചന്‍, കോട്ടയം രമേഷ്, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഷറഫ്, സുഹാസ്, ഹര്‍ഷാദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ഇപ്പോഴിതാ, ‘പുഴു’വെന്ന തന്റെ സിനിമയിലേക്ക് മമ്മൂട്ടിയെ നായകനായി തീരുമാനിക്കാനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തുകയാണ് സംവിധായിക റത്തീന. മമ്മൂക്കയുടെ പ്രായമൊക്കെയുള്ള ഒരാളെയായിരുന്നു തന്റെ സിനിമയില്‍ വേണ്ടിയിരുന്നത്. അത് ആലോചിക്കുമ്പോള്‍ തീര്‍ച്ചയായും മമ്മൂക്കയുടെ മുഖമാണ് തന്റെ മനസ്സിലേക്ക് കടന്നു വന്നതെന്ന് റത്തീന പറയുന്നു. എംടി വാസുദേവന്‍ സാറാണ് അതിന് ഒരു കാരണമെന്നും റത്തീന വെളിപ്പെടുത്തുന്നു. താന്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയം എഴുതാറുണ്ടായിരുന്നു. അങ്ങനെ ഒരിക്കല്‍ സമ്മാനം കിട്ടി. അത് വഴി തൃശൂരിലെ കോസ്‌മോ ബുക്ക്‌സിന്റെ മത്സരത്തിന് പോകാന്‍ അവസരം കിട്ടുകയും ചെയ്തു. അവിടെ വെച്ച് തനിക്ക് എംടി വാസുദേവന്‍ സാറുമായി നല്ലൊരു അടുപ്പം ഉണ്ടായി. അങ്ങനെയിരിക്കെ ഒരിക്കല്‍ എംടി സാറോട് ചോദിച്ചു എന്ത് കൊണ്ടാണ് എപ്പോഴും മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യുന്നത് എന്ന്. അപ്പോള്‍ എന്തെങ്കിലും ഉത്തരങ്ങള്‍ തരും, ചിലപ്പോള്‍ മിണ്ടാതിരുന്ന് ഒരു മറുപടിയും സാര്‍ തരില്ല. അത് എന്നെ ഭയങ്കരമായി സ്വാധീനിച്ചിട്ടുള്ളത് കൊണ്ടാവണം മമ്മൂക്കയെ തെരഞ്ഞെടുത്തത്,” റത്തീന വെളിപ്പെടുത്തി. അതിലുപരി ചെറുപ്പം മുതല്‍ മമ്മൂട്ടിയുടെ വലിയ ആരാധികയാണ് റത്തീന.

പുതുമുഖ സംവിധായകര്‍ക്ക് എളുപ്പത്തില്‍ സമീപിക്കാന്‍ പറ്റുന്ന വ്യക്തിയാണ് മമ്മൂക്ക. അത് കൊണ്ടായിരിക്കും മമ്മൂക്കയ്ക്ക് ഇത്രയും പുതുമുഖ സംവിധായകരുള്ളതെന്നും റത്തീന പറഞ്ഞു. ഇതും അദ്ദേഹത്തെ തെരഞ്ഞെടുക്കാനുള്ള ഒരു പ്രധാന കാരണമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ വേഫേറര്‍ ഫിലിംസ് ആണ് പുഴുവിന്റെ സഹനിര്‍മാണവും വിതരണവും ചെയ്യുന്നത്. മെയ് 13ന് ‘പുഴു’ റിലീസ് ചെയ്യും.