ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് മെഗാമാസ് എന്‍ട്രി നടത്തി മമ്മൂട്ടി ; പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആരംഭിച്ചു
1 min read

ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് മെഗാമാസ് എന്‍ട്രി നടത്തി മമ്മൂട്ടി ; പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആരംഭിച്ചു

മോഹന്‍ലാല്‍ നായകനായെത്തിയ ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജൂലൈ 10നായിരുന്നു ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടന്നത്. പൂയംകുട്ടിയിലാണ് ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വണ്ടിപെരിയാറും ചിത്രത്തിന്റെ ലൊക്കേഷനാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മമ്മൂട്ടി ചിത്രീകരണത്തിനായി ലൊക്കേഷനില്‍ എത്തിയതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് വൈറലാവുന്നത്.

ചിത്രത്തില്‍ പോലീസുകാരനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. പോലീസ് വേഷത്തിലെത്തുന്നുവെന്നത്‌കൊണ്ട് തന്നെ ആരാധകര്‍ വന്‍ ആകാംഷയോടെയാണ് ചിത്രത്തെ നോക്കിക്കാണുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലാവാറുമുണ്ട്. ഈ ചിത്രം നിര്‍മിക്കുന്ന ആര്‍.ഡി ഇല്ലുമിനേഷന്‍ കഴിഞ്ഞദിവസം ഹെലിക്യാമില്‍ ലൊക്കേഷന്‍ വീഡിയോ എടുത്തതും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. നിമിഷനേരംകൊണ്ടാണ് വീഡിയോ വൈറലായത്. മമ്മൂട്ടി തന്റെ റെയ്ഞ്ച് റോവറില്‍ വന്നിറങ്ങുന്ന ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ഇതുവരെ പേരിടാത്ത ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി തമിഴില്‍ നിന്നുള്ള സൂപ്പര്‍ താരം വിനയ് റായ് ആണ് അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരിന്നു. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം എന്നീ താരങ്ങളോടൊപ്പം മുപ്പത്തിയഞ്ച് പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്ക് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്. എഡിറ്റിങ് മനോജ്, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍വര്‍മ, ചമയം ജിതേഷ് പൊയ്യ, നിര്‍മാണ നിര്‍വഹണം അരോമ മോഹന്‍. മമ്മൂട്ടിയുടേതായി ഇനി പുറത്തവരാനിരിക്കുന്ന ചിത്രങ്ങള്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക് എന്നിവയാണ്.