മമ്മൂട്ടിക്ക് ഈ വര്‍ഷം രണ്ട് പോലീസ് സിനിമകള്‍ ; നവാഗത സംവിധായകന് കൈകൊടുത്ത് മമ്മൂട്ടി
1 min read

മമ്മൂട്ടിക്ക് ഈ വര്‍ഷം രണ്ട് പോലീസ് സിനിമകള്‍ ; നവാഗത സംവിധായകന് കൈകൊടുത്ത് മമ്മൂട്ടി

രനൂറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തില്‍ വേറിട്ട കഥാപാത്രങ്ങളാല്‍ ജനമനസുകളെ വിസ്മയിപ്പിച്ച മഹാനടനാണ് മമ്മൂട്ടി. കഥാപാത്രങ്ങളെ പൂര്‍ണമായി ഉള്‍ക്കൊണ്ട് അഭിനയിക്കുന്ന മെത്തേഡ് ആക്ടര്‍മാരില്‍ മമ്മൂട്ടിക്ക് തന്റെതെന്ന സ്ഥാനമുണ്ട്. മലയാള സിനിമയില്‍ പോലീസ് റോള്‍ ഏറ്റവും മികച്ചത് ആയി ചേരുന്ന നടന്‍ ഉണ്ടെങ്കില്‍ അത് മമ്മൂട്ടി ആണ്. കാരണം മമ്മൂട്ടി അഭിനയിച്ച ഇന്‍സ്പെക്ടര്‍ ബലറാം മുതല്‍ ഉണ്ടയിലെ മണി സാര്‍ വരെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. വന്‍ താരനിരയുമായി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇപ്പോഴിതാ ബി ഉണ്ണികൃഷ്ണന്റെ ചിത്രം കൂടാതെ മറ്റൊരു ചിത്രത്തില്‍ കൂടി മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്. വീണ്ടും ഒരു പുതുമുഖ സംവിധായകനൊപ്പമാണ് അദ്ദേഹം കൈകോര്‍ക്കുന്നത്. യുവ ഛായാഗ്രാഹകരില്‍ പ്രശസ്തനായ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാവും മമ്മൂട്ടി നായകനായി എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീര്‍ ചിത്രം റോഷോക്ക് എന്നിവക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമായിട്ടാവും റോബി-മമ്മൂട്ടി ചിത്രം എത്തുക.

റോബി വര്‍ഗീസ് രാജ് നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള ആളാണ്. സ്വതന്ത്ര ഛായാഗ്രഹകനായി അദ്ദേഹം ചെയ്ത സിനിമയായിരുന്നു മമ്മൂട്ടിയും നയന്‍താരയും ഒന്നിച്ച പുതിയ നിയമം. മമ്മൂട്ടി നായകനായി അഭിനയിച്ച ദ ഗ്രേറ്റ് ഫാദറിന്റെ ഛായാഗ്രഹണവും റോബി ആയിരുന്നു നിര്‍വഹിച്ചത്. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി. വൈകാതെ മറ്റ് വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നാണ് സൂചന.

ബി ഉ്ണ്ണികൃഷ്‌ന്റെ സിനിമയിലാണ് നിലവില്‍ മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സ്നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യന്‍ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ധിക്ക്, ജിനു എബ്രഹാം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്ക് ആണ്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.