മകൻ ദുൽഖറിനായി ‘സല്യൂട്ട്’ ഇട്ട് മമ്മൂട്ടി; അമ്പരപ്പോടെ ആരാധകർ
1 min read

മകൻ ദുൽഖറിനായി ‘സല്യൂട്ട്’ ഇട്ട് മമ്മൂട്ടി; അമ്പരപ്പോടെ ആരാധകർ

ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ പ്രേക്ഷകരുടെ മനം കവർന്ന ഇഷ്ട നായകനാണ് ദുൽഖർ സൽമാൻ. താര പുത്രനെന്ന പദവിയ്ക്ക് അപ്പുറത്ത് അഭിനയ മേഖലയിൽ തന്റേതായ ഇടം കണ്ടെത്താൻ ദുൽഖറിന് സാധിച്ചിരുന്നു. ഏറ്റെടുക്കുന്ന വേഷങ്ങൾ ഭംഗിയായി അവതരിപ്പിക്കുന്നതിൽ ദുൽഖർ പ്രത്യേക ശ്രദ്ധ കാണിക്കാറുണ്ട്. യൂത്തൻമാരുടെ ഇഷ്ട നായകൻ എന്ന നിലയ്ക്ക് വലിയൊരു ആരാധക കൂട്ടായ്‌മ തന്നെ താരത്തിന് ഇന്ന് കേരളത്തിലുടനീളമുണ്ട്‌.

ദുൽഖറിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സല്യൂട്ട്’. സിനിമയുടെ റിലീസ് പ്രഖ്യാപിച്ച് താരം ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് മക ൻ്റെ ഏറ്റവും പുതിയ ചിത്രത്തിൻ്റെ പോസ്റ്റർ പങ്കുവെച്ച് റിലീസ് വിശേഷങ്ങളുമായി മമ്മൂട്ടിയും രംഗത്തെത്തിയിരിക്കുന്നത്. പിതാവും, മകനും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചിത്രത്തിൻ്റെ പോസ്റ്റർ പങ്കുവെച്ച് രംഗത്തെത്തിയത് ആരാധകരിൽ വലിയ ആകാംഷയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

മുൻപും മമ്മൂട്ടി ദുൽഖറിൻ്റെ സിനിമയുടെ പോസ്റ്റർ ഇതുപോലെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. കുറുപ്പ് സിനിമയുടെ റിലീസ് പോസ്റ്ററായിരുന്നു അന്ന് താരം പങ്കുവെച്ചത്. ഇരുവരുടെയും ആരാധകർ ഈ വാർത്ത ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്‌തിരുന്നു. പോസ്റ്റർ പങ്കുവെച്ച വിശേഷം വലിയ രീതിയിൽ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയപ്പോൾ പോസ്റ്ററിന് പിന്നിലെ മറ്റൊരു സർപ്രൈസുമായി ദുൽഖർ തന്നെ പ്രത്യക്ഷപ്പെടുകയായിരുന്നു. ഉപ്പയുടെ ഫോൺ അടിച്ചു മാറ്റി താനാണ് സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്തതെന്നാണ് താരം പിന്നീട് വ്യകത്മാക്കിയത്. അതേസമയം ദുൽഖറിൻ്റെ പുതിയ ചിത്രത്തിൻ്റെ പോസ്റ്ററും മമ്മൂട്ടി പങ്കുവെച്ചെന്ന് പറയുമ്പോൾ ഇനി ഇതും ഉപ്പയുടെ ഫോൺ മകൻ അടിച്ചു മാറ്റി ഇട്ടതാണോ ? എന്ന സംശയത്തിലാണ് ആരാധകർ. സല്യൂട്ടിൻ്റെ പോസ്റ്റിന് താഴെയും ആരാധകരുടെ രസകരമായ കമെന്റുകളാൽ നിറഞ്ഞിരിക്കുകയാണ്.

ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ്വിലാണ് ‘സല്യൂട്ട്’ റിലീസ് ചെയ്യുക . ദുൽഖർ ആരാധകർ ഏറെ നാളായി ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സല്യൂട്ട്’. അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്. മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ദുൽഖർ എത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസിൻ്റെ സിനിമയിൽ ആദ്യമായിട്ടാണ് ദുൽഖർ അഭിനയിക്കുന്നത്. ബോളിവുഡ് താര സുന്ദരി ഡയാന പെന്റിയാണ് ചിത്രത്തിൽ ദുൽഖറിൻ്റെ നായിക. മാർച്ച് – 18 നാണ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം റിലീസ് ചെയ്യുന്നത്. യുവ നായകൻ്റെ മികച്ച ചിത്രമായിരിക്കും സല്യൂട്ട് എന്ന കണക്കു കൂട്ടലിലാണ് ദുൽഖർ ആരാധകർ.