“യഥാർത്ഥ പുലികളുമായിട്ടാണ് മമ്മൂക്ക ഫൈറ്റ് ചെയ്തത്. അതൊരു വലിയ അനുഭവം ആയിരുന്നു”
മമ്മൂട്ടി എന്നാൽ മലയാളികൾക്ക് ഒരു വികാരമാണ്. മലയാള സിനിമയിലും മലയാളികളുടെ ജീവിതത്തിലും മമ്മൂട്ടിയ്ക്കുള്ള സ്വാധീനം വാക്കുകൾക്ക് അതീതമാണ്. സിനിമ സ്വപ്നം കാണുന്നവർക്കെല്ലാം ഒരു ടെസ്റ്റ് ബുക്കാണ് അദ്ദേഹത്തിന്റെ കരിയർ. സിനിമയിലേക്കെത്തുന്ന ഏതൊരു പുതുമുഖവും മാതൃകയാക്കുന്ന താരവും മമ്മൂട്ടിയാണ്. അഭിനയം കൊണ്ട് മാത്രമല്ല വ്യക്തിത്വം കൊണ്ടും പലർക്കും റോൾ മോഡലാണ് മമ്മൂട്ടി. 72 വയസ്സിലും നടൻ കാഴ്ചയിൽ പ്രായത്തേക്കാൾ ചെറുപ്പമാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ. ഓരോ വർഷവും പുത്തൻ പരീക്ഷണങ്ങളുമായാണ് മമ്മൂട്ടി എത്തുന്നത്. കഴിഞ്ഞ വർഷം റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, പുഴു അടക്കമുള്ള സിനിമകളുമായെത്തിയ നടൻ ഈ വർഷവും ഒരുപിടി വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്.
ഒരു കഥാപാത്രം ലഭിച്ചാൽ അത് എത്രത്തോളം ഗംഭീരമാക്കാൻ പറ്റുമോ അത്രത്തോളം മികച്ചതാക്കുന്ന മമ്മൂട്ടിയെ മലയാളികൾ ഇതിനോടകം കണ്ടു കഴിഞ്ഞിരിക്കുകയാണ്. അത്തരത്തിൽ മമ്മൂട്ടി അഭിനയിച്ച് ഫലിപ്പിച്ച ഒട്ടനവധി കഥാപാത്രങ്ങൾ മലയാള സിനിമയിൽ ഉണ്ട്. ഒരു മുൻനിര നടനും പകർന്നാടാനാകത്തത്ര രീതിയിൽ ആയിരുന്നു ആ കഥാപാത്രങ്ങളുടെ വ്യക്തതയും കൃത്യതയും. പൊന്തൻമാട, മൃഗയ തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണങ്ങൾ മാത്രമാണ്. സമീപകാലത്തും വ്യത്യസ്തയ്ക്ക് പുറകെ പോയ്ക്കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ മൃഗയ സിനിമയെ കുറിച്ചും വാറുണ്ണി എന്ന കഥാപാത്രത്തെ പറ്റിയും നടൻ മഹേഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സേ ഷ്യൽ മീഡിയകളിൽ ശ്രദ്ധനേടുന്നത്.
മഹേഷും മൃഗയിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. രണ്ട് പുലികളാണ് അന്ന് സിനിമയ്ക്ക് ആയി കൊണ്ടു വന്നതെന്നും യഥാർത്ഥ പുലികളുമായിട്ടാണ് മമ്മൂട്ടി ഫൈറ്റ് ചെയ്തതെന്നും മഹേഷ് പറയുന്നു. വാറുണ്ണി ആയിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പർച്ചയ്ക്ക് പിന്നിലെ മേക്കപ്പ് മാൻ സംവിധായകൻ ഐവി ശശി ആണെന്നും മഹേഷ് പറഞ്ഞു.
മഹേഷിന്റെ വാക്കുകൾ
അന്ന് ഏറ്റവും വലിയ പ്രൊഡക്ഷൻ സിനിമ ആയിരുന്നു മൃഗയ. ആദ്യമായിട്ടാണ് ഞാൻ രണ്ട് യൂണിറ്റ് കാണുന്നത്. ഏതാണ്ട് പത്ത് ഇരുന്നൂറോളം ആൾക്കാർ. അതുപോലെ തന്നെ എക്സ്ട്രാ ആർട്ടിസ്റ്റുകൾ. ഒരു ഗ്രാമം മൊത്തം പാലക്കാട് ക്രിയേറ്റ് ചെയ്തിരിക്കുകയാണ്. പുലി, പട്ടി അങ്ങനെ ഉള്ള മൃഗങ്ങളും. രണ്ട് പുലികളാണ് സിനിമയിൽ ഉണ്ടായിരുന്നത്. ഒന്ന് കണ്ണ് കണ്ടൂടാത്തതും മറ്റൊന്ന് കണ്ണ് കാണാവുന്ന പുലിയും. അന്നൊന്നും ഈ ഗ്രാഫിക്സ് ഒന്നുമില്ലല്ലോ. യഥാർത്ഥ പുലികളുമായിട്ടാണ് മമ്മൂക്ക ഫൈറ്റ് ചെയ്തത്. അതൊരു വലിയ അനുഭവം ആയിരുന്നു. ഭീമൻ രഘു ചേട്ടനൊക്കെ ആദ്യമായി വളരെ നല്ലൊരു കഥാപാത്രം ചെയ്തത് അതിലാണെന്ന് തോന്നുന്നു(പേപ്പട്ടി കടിച്ച് മരിച്ചു പോകുന്നതൊക്കെ).
1981ലെ ഓണം മൃഗയ ലൊക്കേഷനിൽ ആയിരുന്നെന്ന് തോന്നുന്നു. അന്ന് മമ്മൂക്കയുടെ പടം ആണെന്നറിഞ്ഞ് ഒട്ടനവധി പേർ വണ്ടി പിടിച്ചൊക്കെ ലൊക്കേഷനിൽ എത്തിയിരുന്നു. അദ്ദേഹം സദ്യയൊക്കെ ഉണ്ട്, മൃഗയിലെ വേഷത്തിൽ ഒരു പായ പോലും ഇല്ലാതെ നിലത്ത് കിടന്ന് ഉറങ്ങുന്നുണ്ട്. ഒരു മനുഷ്യൻ തിരിച്ചറിഞ്ഞില്ല എന്നതാണ് വാസ്തവം. മമ്മൂക്കയെ ആ വേഷത്തിലേക്ക്(വാറുണ്ണി) മാറ്റാൻ ആദ്യം മേക്കപ്പ് ചെയ്തതൊന്നും ശശി ചേട്ടന് ഇഷ്ടപ്പെട്ടില്ല. ഒടുവിൽ അദ്ദേഹം തന്നെ മമ്മൂക്കയ്ക്ക് മേക്കപ്പ് ചെയ്തു. പിന്നീടാണ് മേക്കപ്പ് മാൻമാർ അതേറ്റെടുത്തത്. പൊത്തൻമാടയിലും ഇതേപോലൊരു സംഭവം തന്നെ ആയിരുന്നു. ശരിക്കും ഒരു കഥാപാത്രം ഗംഭീരമാക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്യുന്ന വേറൊരാളെ കാണാൻ സാധിക്കില്ല. അദ്ദേഹത്തിന്റെ ആദ്യകാല സിനിമകൾ എടുത്താൽ അക്കാര്യം അറിയാൻ സാധിക്കും. ഓരോ സിനിമ കഴിയുമ്പോഴും ഇപ്പോഴും അദ്ദേഹം പഠിച്ച് കൊണ്ടിരിക്കയാണ്. ഇവരൊക്കെ ഇപ്പോൾ യൂണിവേഴ്സിറ്റി ആയി മാറി. അവരിൽ നിന്നും എല്ലാവരും പഠിക്കേണ്ടിയിരിക്കുന്നു. അടുത്തിടെ വാട്സാപ്പിൽ ഒരുപടം വന്നു മമ്മൂക്ക, സുധീഷ്, ബൈജു, ഞാൻ. അതിൽ മമ്മൂക്ക അന്നും ഇന്നും വളരെ ചെറുപ്പം. ഞങ്ങൾ മൂന്ന് പേരും കിളവന്മാർ.