എന്തുകൊണ്ട് ഒരു നനഞ്ഞ പടക്കത്തിന്റെ ആരവം പോലും ഇന്നലെ സംഭവിച്ചില്ല? : മോഹൻലാലിന്റെ ജന്മദിനം വലിയ ജനപ്രീതി സൃഷ്ടിക്കാതിരുന്നതിനെ ചൊല്ലി പ്രേക്ഷകന്റെ കുറിപ്പ്
മലയാളത്തിന്റെ അഭിമാനതാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടേയും ആരാധകര്‍ തമ്മില്‍ പോര്‍വിളികളും മത്സരബുദ്ധിയുമെല്ലാം ഇന്നും മുറുകാറുണ്ട്. താര ജീവിതത്തില്‍ ആരാധകര്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ഓരോ താരത്തേയും വളര്‍ത്തുന്നത് അവരുടെ ആരാധകരായിരിക്കും. ആരാധകരെ തൃപ്തിപ്പെടുത്താനായി മാത്രം സിനിമകള്‍ എടുക്കുക വരെ ചെയ്യാറുണ്ട് താരങ്ങള്‍. എന്നാല്‍ കുറച്ച് നാളുകളായി മോഹന്‍ലാല്‍ സിനിമകള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്ര വരുന്നില്ലെന്നും അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനം പോലും ആഘോഷമാക്കിയില്ലെന്നും പറയുകയാണ് ബിലാല്‍ ഡേവിഡ് എന്ന മമ്മൂട്ടി ഫാന്‍. ഫെയ്സ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ബോക്സ് ഓഫിസ് വിജയങ്ങളുടെ അകമ്പടിയില്ലെങ്കില്‍ മോഹന്‍ലാല്‍ എന്ന വ്യക്തിക്ക് യാധൊരുവിധ പരിഗണയുമില്ലെന്നു ഫാന്‍സും സാധാരണ ജനങ്ങളും ഇന്നലത്തെ അദ്ദേഹത്തിന്റെ ജന്മം ദിനത്തോടെ തെളിയിച്ചിരിക്കുകയാണ്. ഇന്നലെ വന്ന യുവതാരങ്ങളുടെ ജന്മദിനം പോലും ഇതിലും കെങ്കേമമായി സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുമ്പോള്‍ എന്തുകൊണ്ട് ഒരു നനഞ്ഞ പടക്കത്തിന്റെ ആരവം പോലും ഇന്നലെ സംഭവിച്ചില്ല എന്ന് ചിന്തിക്കുമ്പോള്‍ നമുക്ക് ഒരുകാര്യം ഉറപ്പിക്കാം. ബോക്സ് ഓഫിസ് വിജയങ്ങള്‍ ഇല്ലെങ്കില്‍ സ്വന്തം ആരാധകര്‍ക്ക് പോലും അങ്ങേരെ വേണ്ട എന്നും കുറിപ്പില്‍ പറയുന്നു.
ഇവിടെയാണ് മമ്മൂട്ടിയെന്ന വ്യക്തിയുടെ പ്രിവിലേജ് നമ്മള് മനസ്സിലാക്കേണ്ടത്. അദ്ദേഹത്തിന്റെ ഓരോ ബെര്‍ത്ത്ഡേക്കും സാധാരണക്കാര്‍ മുതല്‍ ആരാധകര്‍ വരെ അദ്ദേഹത്തിന്റെ വസതിക്ക് മുന്പില് മഴയെ പോലും വക വയ്ക്കാതെ പാതിരാത്രിക്ക് വരെ വട്ടമിട്ടു പറക്കുന്നുണ്ടെങ്കില്‍ ഒരു നടനപ്പുറം മമ്മൂട്ടിയെന്ന വെക്തി കേരളീയര്‍ക്ക് ആരാണെന്നുള്ളതിനുള്ള ഏറ്റവും വലിയ ഉത്തമ ഉദാഹരണമാണെന്നും കുറിപ്പില്‍ അദ്ദേഹം വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെയാണ് രാഷ്ട്രീയ സാമുദായിക സാംസ്കാരിക മേഖലകളില്‍ ഉള്ളവര്‍ പോലും അദ്ദേഹത്തെ ഒരുപോലെ ചേര്‍ത്തു പിടിക്കുന്നതും ഗുരു തുല്യനായി കാണുന്നതും. പ്രായഭേദമന്യേ മമ്മൂക്ക എന്ന വിളി മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ് വികാരമാണെന്ന് കുറിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ മമ്മൂട്ടി സമീപകാലത്ത് പുലര്‍ത്തുന്ന പരീക്ഷണങ്ങളുടെ ഉദാഹരണങ്ങളാണ് ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ ലൈനപ്പ്. ഭീഷ്മപര്‍വ്വത്തിനും സിബിഐ 5നും ശേഷമെത്തുന്ന മമ്മൂട്ടി ചിത്രമായ പുഴു മറ്റു പല കാരണങ്ങളാലും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഒരു നവാഗത സംവിധായകയോടൊപ്പം ഇത് ആദ്യമായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ ആദ്യ ഡയറക്ട് ഒടിടി റിലീസ് കൂടിയായ പുഴുവിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.