‘കേരളത്തിലെ പെണ്മക്കളുടെ സ്വന്തം ക്രിസ്റ്റഫര്‍’ ; മമ്മൂട്ടി ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം
1 min read

‘കേരളത്തിലെ പെണ്മക്കളുടെ സ്വന്തം ക്രിസ്റ്റഫര്‍’ ; മമ്മൂട്ടി ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം

പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടി – ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രം ഇന്ന് തിയറ്ററുകളില്‍ റിലീസ് ആയിരിക്കുകയാണ്. മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണ് ക്രിസ്റ്റഫര്‍ എന്നാണ് പ്രേക്ഷക പ്രതികരണം. പ്രതീക്ഷയ്ക്കൊത്ത് ചിത്രം ഉയര്‍ന്നു എന്നും പ്രേക്ഷകര്‍ പറയുന്നു. ഉദയ്കൃഷ്ണയുടെയും ബി ഉണ്ണികൃഷ്ണന്റെയും വമ്പന്‍ തിരിച്ചുവരവെന്നാണ് എല്ലാവരും ഒന്നടങ്കം പറയുന്നത്.

നിരവധി കുറ്റകൃത്യങ്ങളിലൂടെ, അവയോട് പ്രധാന കഥാപാത്രത്തിന്റെ പ്രതികരണങ്ങളിലൂടെ വികസിക്കുന്ന കഥാഘടനയാണ് ചിത്രത്തിന്റേത്. ആ കുറ്റകൃത്യങ്ങളുടെ പ്രത്യേകത അവയില്‍ ഭൂരിഭാഗത്തിലും ഇരയാവുന്നത് സ്ത്രീകളാണ് എന്നതാണ്. അത്തരം കേസുകളില്‍ എന്ത് വിലകൊടുത്തും നീതിയുടെ പക്ഷത്ത് നില്‍ക്കുന്നയാളാണ് മമ്മൂട്ടിയുടെ പൊലീസ് ക്രിസ്റ്റഫര്‍. നീതിന്യായവ്യവസ്ഥയോട് തന്നെ അമര്‍ഷവും സഹതാപവും തോന്നിയ ഇരട്ട ചങ്കുള്ളൊരു പോലീസ് ഉദ്യോഗസ്ഥന്‍ തോക്കിന്‍കുഴലിലൂടെ നിയമം നടപ്പിലാക്കാന്‍ ഇറങ്ങുമ്പോള്‍ അയാളുടെ നീതിയും നിയമവും അയാളുടെ ശരികള്‍ മാത്രം. വ്യത്യസ്ത പോലീസ് കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടുന്ന ക്രിസ്റ്റഫറിന് എങ്ങും മികച്ച അഭിപ്രായങ്ങളാണ്. കേരളത്തിലെ പെണ്മക്കളുടെ സ്വന്തം ക്രിസ്റ്റഫര്‍ എന്നാണ് സിനിമ കണ്ടിറങ്ങിയവര്‍ പറയുന്നത്. ഇതുപോലൊരു പോലീസ് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ പെണ്‍മക്കള്‍ക്കെല്ലാം ധൈര്യമായി രാത്രി കാലങ്ങളില്‍ പുറത്തിറങ്ങി നടക്കാമെന്നും സിനിമ കണ്ടിറങ്ങിയ അമ്മമാരാടക്കം പറയുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്നു എന്നതും ക്രിസ്റ്റഫറിന്റെ പ്രത്യേകതയാണ്. ബയോഗ്രഫി ഓഫ് എ വിജിലാന്റീ കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി, വിനയ് റായ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസിന്റേതാണ്.