വില്ലനും നായകനുമായി പൃഥ്വിയും മമ്മൂട്ടിയും; ക്ലാസ് കോമ്പോ പടം ഉടൻ ആരംഭിക്കും
1 min read

വില്ലനും നായകനുമായി പൃഥ്വിയും മമ്മൂട്ടിയും; ക്ലാസ് കോമ്പോ പടം ഉടൻ ആരംഭിക്കും

മ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചുള്ള കോമ്പോ മലയാളികൾക്ക് പരിചയമുള്ളതാണ്. 2010ൽ പുറത്തിറങ്ങിയ ‘പോക്കിരിരാജ’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. ഈ സിനിമ കഴിഞ്ഞ് നീണ്ട പതിനാല് വർഷത്തിന് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

മെയ് 15ന് സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ചിത്രത്തിൽ നായകനും വില്ലനുമായിട്ടാണ് മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നതെന്ന റിപ്പോർട്ടുകളും എത്തുന്നുണ്ട്. നവാഗതനായ ജിതിൻ കെ ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2021 പുറത്തിറങ്ങിയ ദുൽഖർ സൽമാന്റെ കുറുപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്താണ് ജിതിൻ.

അതേസമയം, പോക്കിരിരാജയിൽ സഹോദരങ്ങളായാണ് മമ്മൂട്ടിയും പൃഥ്വിയും വേഷമിട്ടത്. 2014ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മുന്നറിയിപ്പിൽ പൃഥ്വി കാമിയോ വേഷത്തിലെത്തിയെങ്കിലും ഇരുവർക്കും കോമ്പിനേഷൻ സീനുകൾ ഇല്ലായിരുന്നു. മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ദി ഗ്രേറ്റ് ഫാദറിന്റെ സഹനിർമ്മാതാവുമായിരുന്നു പൃഥ്വിരാജ്. വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജ എന്ന സിനിമ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്റർ വിജയം നേടിയ ചിത്രമായിരുന്നു.

അതേസമയം ഭ്രമയു​ഗമാണ് മമ്മൂട്ടിയുടെ ഒടുവിൽ ഇറങ്ങിയ മലയാള സിനിമ. നിലവിൽ ‘ടർബോ’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് മമ്മൂട്ടി. ‘ആടുജീവിതം’ സൂപ്പർ ഹിറ്റ് ആയതിന്റെ വിജയാഘോഷത്തിലാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ കരിയറിൽ തന്നെ ഏറ്റവും മികച്ച കഥാപാത്രമായ ആടുജീവിതത്തിലെ നജീബിനെ പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. കളക്ഷനിൽ 150 കോടി പിന്നിട്ട ചിത്രം 200 കോടിയിലേക്ക് കുതിക്കുകയാണ്.