ബിലാല്‍ അപ്‌ഡേറ്റ് വൈകുന്നതിന്റെ കാരണം വ്യക്തമാക്കി മമ്മൂട്ടി 
1 min read

ബിലാല്‍ അപ്‌ഡേറ്റ് വൈകുന്നതിന്റെ കാരണം വ്യക്തമാക്കി മമ്മൂട്ടി 

കഴിഞ്ഞ കൂറേ വര്‍ഷങ്ങളായി മലയാള സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ബിലാല്‍. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സ്‌റ്റൈലിഷ് ചിത്രങ്ങളില്‍ ഒന്നായ ബി?ഗ് ബിയുടെ രണ്ടാം ഭാഗമായി പ്രഖ്യാപിച്ച സിനിമയാണിത്. അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയിലെ മിക്ക സീനുകളുടെയും പെര്‍ഫെക്ഷന്‍ ഇന്നും പ്രേക്ഷകര്‍ എടുത്ത് പറയുന്ന ഒന്നാണ്. അതുവരെ കാണാത്തൊരു രൂപത്തിലും ഭാവത്തിലുമാണ് ബിഗ് ബിയില്‍ മമ്മൂട്ടി എത്തിയത്. അതുകൊണ്ട് കൂടിയാണ് സിനിമയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ അത്രമേല്‍ ആഗ്രഹിക്കുന്നത്. 2017 ലാണ് രണ്ടാം ഭാഗം വരുമെന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത്. എന്നാല്‍ 2023 ലും മറ്റൊരു അപ്ഡേറ്റിനായുള്ള ആരാധകരുടെ കാത്തിരിപ്പ് തുടരുകയാണ്.

അമല്‍ നീരദിനോടും മമ്മൂട്ടിയോടും സാധ്യമായ എല്ലാ വേദികളിലും മാധ്യമപ്രവര്‍ത്തകരും ആരാധകരും ഈ ചോദ്യം ചോദിക്കാറുണ്ട്. ബിലാല്‍ എപ്പോള്‍ എന്ന ചോദ്യം. മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന്റെ പ്രൊമോഷണല്‍ അഭിമുഖത്തിലും ഈ ചോദ്യം മമ്മൂട്ടിയെ തേടിയെത്തി. നേരിട്ടായിരുന്നു മമ്മൂട്ടിയുടെ മറുപടി. ‘അപ്‌ഡേറ്റ് വരുമ്പോള്‍ വരും. ഇത് നമുക്ക് അങ്ങനെ വരുത്താന്‍ ഒക്കില്ലല്ലോ. വരുമ്പോള്‍ വരും എന്നല്ലാതെ.. ഞാന്‍ രാവിലെ ബിലാലുമായിട്ട് അങ്ങ് ഇറങ്ങിയാല്‍ പോരല്ലോ. അതിന്റെ പിറകില്‍ ആള്‍ക്കാര്‍ വേണ്ടേ? അവര്‍ സന്നാഹങ്ങളൊക്കെ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. കമിം?ഗ് സൂണ്‍ ആണോ എന്ന് ഞാന്‍ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. നമ്മള്‍ പിടിച്ചുവലിച്ചാല്‍ വരില്ല ഇത്. അമല്‍ നീരദ് തന്നെ വിചാരിക്കണം’, മമ്മൂട്ടി പറഞ്ഞു.

കൊവിഡ് പശ്ചാത്തലമാണ് ബിലാലിന്റെ വരവ് നീട്ടിയത്. വിദേശ ലൊക്കേഷനുകളും നിരവധി ഔട്ട്‌ഡോര്‍ സീക്വന്‍സുകളും വലിയ കാന്‍വാസുമൊക്കെയുള്ള ഈ ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ നീളുകയായിരുന്നു. പകരമാണ് ആ ഇടവേളയില്‍ ഭീഷ്മ പര്‍വ്വം എന്ന മമ്മൂട്ടി ചിത്രം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടതും അമല്‍ അതുമായി മുന്നോട്ടുപോയതും. ഈ അടുത്ത് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ബിലാലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അര്‍ജുന്‍ പങ്കുവച്ചിരുന്നു. ‘വെയ്റ്റിങ്’ എന്നായിരുന്നു ഇതിന് അടിക്കുറിപ്പ്. ബിലാലില്‍ അര്‍ജുന്‍ ദാസ് ഉണ്ടാകുമെന്നും കാസ്റ്റിങ്ങില്‍ സ്ഥിരീകരണം ആയതോടെയാണ് ഈ വിവരം അര്‍ജുന്‍ പങ്കുവച്ചതെന്നുമാണ് പ്രേക്ഷകര്‍ കണ്ടെത്തിയത്.

ബിലാലിനെ കുറിച്ച് ചര്‍ച്ചകള്‍ തുടരുന്നതിനിടെ അമല്‍ നീരദ് പങ്കുവച്ച പോസ്റ്റും വൈറലായിരുന്നു. ബിലാലിന്റെ ടൈറ്റില്‍ ഗ്രാഫിക്‌സാണ് സംവിധായകന്‍ പുറത്തുവിട്ടത്. ബിഗ് ബിയുടെ ടൈറ്റില്‍ ഗ്രാഫിക്‌സ് ചെയ്ത രാജീവ് ഗോപാല്‍ ആണ് ഈ വിഡിയോയ്ക്കു പിന്നില്‍. ”ബിഗ് ബിയുടെ ടൈറ്റില്‍ ഗ്രാഫിക്‌സ് ചെയ്ത പ്രിയപ്പെട്ട രാജീവ് ഗോപാല്‍. വളരെ നന്ദി, ഞാന്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരില്‍ ഒരാളാണ് രാജീവ് ഗോപാല്‍”. ഗ്രാഫിക്സ് വിഡിയോയ്‌ക്കൊപ്പം അമല്‍ കുറിച്ചത്. അതേസമയം കുഞ്ചാക്കോ ബോബനെ നായകനാക്കിയാണ് അമല്‍ നീരദിന്റെ പുതിയ ചിത്രം.