“അതില്ലെങ്കിൽ നമ്മള്‍ പഴഞ്ചനായിപ്പോവും, ഗ്ലിസറിൻ ഇട്ട് അഭിനയിച്ചിട്ട് 25 വർഷം”:  മമ്മൂട്ടി
1 min read

“അതില്ലെങ്കിൽ നമ്മള്‍ പഴഞ്ചനായിപ്പോവും, ഗ്ലിസറിൻ ഇട്ട് അഭിനയിച്ചിട്ട് 25 വർഷം”: മമ്മൂട്ടി

അഭിനയത്തിൽ 52 വർഷം പൂർത്തിയാക്കുകയാണ് മമ്മൂട്ടിയെന്ന പകരക്കാരനില്ലാത്ത ഇതിഹാസം. അരനൂറ്റാണ്ട് കാലം മലയാള സിനിമ ഭരിച്ച നടൻ മമ്മൂട്ടി. 72 വയസ് തികഞ്ഞിട്ടും പഴയ മോടിയും അഴകും ചെറുപ്പവും നിലനിൽക്കുന്ന താരത്തോട് അസൂയയാണെന്ന് പൊതുവേദിയിൽ സൂപ്പർതാരങ്ങളടക്കം പറഞ്ഞിട്ടുണ്ട്. ഇത്തവണത്തെ 53-ാമത് ചലച്ചിത്ര പുരസ്കാരത്തോട് കൂടി ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള പുരസ്കാരം നേടിയ നടനെന്ന നേട്ടവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. ഇന്നും സിനിമയോടുള്ള അഭിനിവേശം വിട്ടുമാറാത്ത ഒരു പുതുമുഖ നടന്റെ ചുറുചുറുക്കോടെയാണ് ഓരോ സിനിമയേയും മമ്മൂട്ടി സമീപിക്കുന്നത് . സത്യൻ മാഷിന്റെ അവസാന സിനിമയായ “അനുഭവങ്ങൾ പാളിച്ചകൾ” എന്ന ചിത്രത്തിൽ മിനിറ്റുകൾ മാത്രമുള്ള ഒരു ചെറിയ സീനിലാണ് ആദ്യമായി എത്തിയത്.

1971 ഓഗസ്റ്റ് 6 ന് കെ.എസ്.സേതുമാധവൻ ചിത്രത്തിലൂടെ മലയാള സിനിമയുടെ പടിവാതിലിൽ കാലെടുത്തു വെയ്‌ക്കുമ്പോൾ മലയാളത്തിന്റെ മഹാനടനിലേയ്‌ക്ക്, ഭാരതത്തിന്റെ എണ്ണംപറഞ്ഞ അതുല്യ പ്രതിഭകളുടെ നിരയിലേയ്‌ക്ക് ഉയരുമെന്ന് അന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം ആ നടനെ മലയാള സിനിമയുടെ അമരക്കാരനാക്കി മാറ്റുകയായിരുന്നു. തന്നിലെ നടനെ ഉരച്ച് മിനുക്കി തെളിമയോടെ കൊണ്ടു പോകുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു നടനില്ല. ഋതുഭേദങ്ങളുടെ രാജകുമാരനായി മലയാളികളുടെ ആ മഹാനടൻ ഇന്നും തലയുയർത്തി നിൽക്കുകയാണ്. പിന്നീടിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകളിൽ മമ്മൂട്ടി അഭിനയിച്ചു.

ഓരോ ദിവസവും സ്വയം പുതുക്കി കൊണ്ടിരിക്കുന്ന നടന്റേതായി സമീപകാലത്ത് ഇറങ്ങിയത് ഓരോ സിനിമാസ്വാദകനെയും അമ്പരപ്പിക്കുന്ന പ്രകടനവും കഥാപാത്രങ്ങളും ആണ്. ഇനി വരാനിരിക്കുന്നത് അതിനെക്കാൾ വലിയ കഥാപാത്രങ്ങളെന്നാണ് അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാകുന്നത്. ഇപ്പോഴിതാ സ്വയം നമ്മൾ അപ്ഡേറ്റ് ആയില്ലെങ്കിൽ പഴഞ്ചനായി പോകുമെന്ന് പറയുകയാണ് മമ്മൂട്ടി. പുതിയ തലമുറകളിൽ നിന്നും ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“പഠിക്കുക, എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പഠിക്കും. നമുക്ക് പുതിയ തലമുറയിൽ നിന്നും കിട്ടുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അറിയേണ്ട കാര്യങ്ങള്‍, പ്രവൃത്തികള്‍, എന്നിവ നമ്മുടെ കയ്യിൽ നിന്നും മറ്റൊരാൾ പഠിക്കുന്നത് പോലെ അവരിൽ നിന്നും നമുക്കും പഠിക്കാം. നമുക്ക് ഇത്ര എക്സ്പീരിയൻസ് ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഈ കാലഘട്ടത്തിൽ ജീവിക്കുന്നത് നമ്മളെ പോലുള്ളവരല്ല. അതായത് നമ്മുടെ തുടക്ക കാലത്ത് ഉണ്ടായിരുന്നവരല്ല ഇവർ. അപ്പോള്‍ ഇവരെ പോലെയാകണം നമ്മള്‍, അത് എവിടെപ്പോയി പഠിക്കണം. അത് ഇവരില്‍ നിന്നു തന്നെ പഠിക്കണം. നമ്മള്‍ അപ്‌ഡേറ്റഡ് ആയില്ലെങ്കിൽ പഴഞ്ചനായിപ്പോകും. പുതിയ ആളുകളെ കണ്ടു നോക്കിയിട്ടാണ് നമ്മള്‍ പുതുക്കുന്നത്. അവർ നമ്മളെ കണ്ട് പഠിച്ചോട്ടെ അതിൽ വിരോധം ഒന്നുമില്ല. അതെല്ലാം പാഠങ്ങളാണ്. നമ്മൾ ചെയ്ത് വച്ചു കഴിഞ്ഞതാണ് അവർ പഠിക്കുന്നത്. അങ്ങനെയല്ല വേണ്ടത്. അവരെ നോക്കി തന്നെ നമ്മൾ പഠിക്കണം”, എന്നാണ് മമ്മൂട്ടി പറഞ്ഞത്. നമ്മൾ കഥാപാത്രങ്ങൾ അവതരിപ്പിക്കുമ്പോൾ സാധാരണക്കാർക്ക് ഉണ്ടാകുന്ന അതേ വ്യത്യാസങ്ങൾ ശരീരത്തിലും സംഭവിക്കും. ബിപി ഒക്കെ കൂടും. ദേഷ്യപ്പെടുമ്പോൾ വിയർക്കും. ഞാനൊരു ഗ്ലിസറിൻ ഉപയോഗിച്ച് അഭിനയിച്ചിട്ട് 25 കൊല്ലം ആയി. ആവശ്യം ഇല്ല”, എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.