കേന്ദ്ര സർക്കാരിന്റെ പുതിയ നിയമഭേദഗതി; കരട് ബില്ലിനെതിരെ മലയാള ചലച്ചിത്ര പ്രവർത്തകർ
1 min read

കേന്ദ്ര സർക്കാരിന്റെ പുതിയ നിയമഭേദഗതി; കരട് ബില്ലിനെതിരെ മലയാള ചലച്ചിത്ര പ്രവർത്തകർ

കേന്ദ്ര സർക്കാരിന്റെ പല നിയമനടപടികൾക്ക് എതിരെയും പരിഷ്കരണങ്ങൾക്ക് എതിരെയും മലയാളസിനിമ ലോകത്തുനിന്നും എല്ലായിപ്പോഴും ശക്തമായ എതിർപ്പുകൾ ആണ് ഉയർന്ന കേൾക്കാറുള്ളത്. പ്രത്യേകിച്ച് നരേന്ദ്ര മോദി സർക്കാരിന്റെ ചില നടപടികൾക്കെതിരെ മലയാള സിനിമാ ലോകം ഒന്നടങ്കവും ചലച്ചിത്രപ്രവർത്തകർ ഒറ്റ തിരിഞ്ഞും ശക്തമായ പ്രതികരണങ്ങൾ നാളിതുവരെയായി നടത്തിയിട്ടുണ്ട്. അവയിൽ മിക്കവയും ദേശീയതലത്തിൽ വരെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമ പരിഷ്കരണത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് സിനിമാലോകത്തുനിന്നും ഉയരുന്നത്.കേന്ദ്ര സർക്കാരിന്റെ സിനിമാറ്റോഗ്രാഫ് നിയമഭേദഗതിയുടെ കരട് ബില്ലിനെതിരെ ആണ് മലയാള ചലച്ചിത്ര പ്രവർത്തകർ ഒന്നിക്കുന്നത്. സെൻസർ ബോർഡിന്റെ പ്രദർശനനുമതി ലഭിച്ച സിനിമകൾ വേണമെങ്കിൽ വീണ്ടും തിരിച്ചു വിളിച്ച് പരിശോധിക്കാൻ കേന്ദ്രത്തിന് അധികാരം നൽകിക്കൊണ്ടാണ് സിനിമാറ്റോഗ്രാഫ് നിയമം ഭേദഗതി ചെയ്യുന്നത്. നിലവിലെ നിയമത്തിൽ ഉണ്ടായിരുന്ന ഈ വ്യവസ്ഥ രണ്ടായിരത്തിൽ കർണാടക ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. തുടർന്ന് സുപ്രീംകോടതിയിൽ വിഷയം പരിശോധിക്കുകയും കർണാടക ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരി വയ്ക്കുകയും ചെയ്തിരുന്നു.

ഭേദഗതി നിയമത്തിലൂടെ വ്യവസ്ഥ പുനസ്ഥാപിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ചലച്ചിത്ര പ്രവർത്തകരുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന ഇത്തരത്തിലുള്ള നിയമ പരിഷ്കരണങ്ങൾക്ക് മലയാള സിനിമാ സംവിധായകരുടെ കൂട്ടായ്മയായ ഫെഫ്‌ക ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. സിനിമാറ്റോഗ്രാഫ് ആക്ട് 2021 നടപ്പിലാക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണം എന്നാണ് ഫെഫ്ക ആവശ്യപ്പെടുന്നത്. തുടർന്നുള്ള ആ ദിവസങ്ങളിൽ ഈ വിഷയത്തെ സംബന്ധിച്ച് വലിയ രീതിയിലുള്ള ചർച്ചകളും ആശങ്കകളും മറ്റു ഭാഷകളിലെ ചലച്ചിത്ര മേഖലകളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ഉയർന്നു വരുമെന്ന കാര്യം ഉറപ്പാണ്. പ്രതിഷേധം ശക്തമാകുമ്പോൾ കേന്ദ്രസർക്കാർ ഏതുതരത്തിലുള്ള നടപടികളാണ് ഇനി സ്വീകരിക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്.

Leave a Reply