സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബുക്ക് മൈ ഷോയിൽ കുതിച്ച് വാലിബൻ; കഴിഞ്ഞ 24 മണിക്കൂറിനിടയിൽ വിറ്റ ടിക്കറ്റുകളുടെ കണക്കറിയാം…
1 min read

സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബുക്ക് മൈ ഷോയിൽ കുതിച്ച് വാലിബൻ; കഴിഞ്ഞ 24 മണിക്കൂറിനിടയിൽ വിറ്റ ടിക്കറ്റുകളുടെ കണക്കറിയാം…

ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടികെട്ടിലിറങ്ങിയ മാജിക്കൽ മൂവി മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ വലിയ തോതിലുള്ള ഡീ​ഗ്രേഡിങ്ങിന് ഇടയാക്കപ്പെട്ടു. പലരും സിനിമ കാണാതെയാണ് സമൂഹമാധ്യമങ്ങളിലൂടെ നെ​ഗറ്റീവ് പ്രചരണങ്ങൾ നടത്തിയത്. എന്നാലിപ്പോൾ റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോൾ മൗത്ത് പബ്ലിസ്റ്റിയിലൂടെ വാലിബൻ കത്തിക്കയറുകയാണ്.

മലയാള സിനിമയിൽ ഏറ്റവുമധികം ഇൻഡസ്ട്രി ഹിറ്റുകൾ സൃഷ്ടിച്ചിട്ടുള്ള അതുല്യ നടനും നവ റിയലിസ്റ്റിക് സിനിമാ ചിന്തകളിൽ നിന്ന് മാറി ചിന്തിച്ച് പ്രേക്ഷകർക്ക് വ്യത്യസ്തതയുടെ മനോഹര അനുഭവങ്ങൾ സമ്മാനിച്ച സംവിധായകനുമാണ് ഒന്നിച്ചത്. അത് വെറുതെയായില്ല എന്ന് തന്നെയാണ് ഇപ്പോഴുള്ള പ്രതികരണങ്ങൾ. കൂടുതൽ ആളുകൾ സിനിമ കണ്ടിറങ്ങിയപ്പോൾ കുറച്ച് കൂടെ റിയൽ ആയുള്ള അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്.

മോഹൻലാൽ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഒരു കഥാപാത്രമായി എത്തുന്ന മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിൽ മാജിക് സൃഷ്ടിക്കുകയായിരുന്നു. മോഹൻലാലിനെ നടനെ വിസ്മയത്തെ ഏറ്റവും ഉന്നതിയിലെത്തിക്കാൻ ലിജോയ്ക്ക് കഴിഞ്ഞു എന്ന് വേണം പറയാൻ. കൂടെ പ്രേക്ഷകന് ഏറ്റവും ആസ്വാദ്യമായ രീതിയിൽ തന്നെ മധു നീലകണ്ഠന്റെ ക്യാമറയും പ്രശാന്ത് പിള്ളയുടെ സം​ഗീതവും പ്രവർത്തിച്ചു. സഹ അഭിനേതാക്കളെല്ലാം മത്സരിച്ച് അഭിനയിക്കുയാണുണ്ടായത്.

ചിത്രത്തിന് വേഗം കുറവാണെന്നും അണിയറക്കാർ തന്നെ റിലീസിന് മുൻപ് ഉയർത്തിയ പ്രതീക്ഷകൾക്ക് വിരുദ്ധമാണെന്നുമൊക്കെ വാദമായിരുന്നു തുടക്കത്തിൽ ഉയർന്നുവന്നത്. എന്നാൽ ഓപണിംഗ് കളക്ഷനെ ഇതൊന്നും സ്വാധീനിച്ചില്ല. കേരളത്തിൽ നിന്ന് 5.85 കോടി അടക്കം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ആദ്യദിനം ചിത്രത്തിന് 12 കോടിക്ക് മുകളിൽ കളക്ഷൻ ലഭിച്ചുവെന്നാണ് ബോക്സ് ഓഫീസ് ട്രാക്കർമാർ അറിയിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ദൃശ്യമാകുന്ന മറ്റൊരു കാര്യം ആദ്യദിനം കണ്ട നെഗറ്റീവ്, സമ്മിശ്ര അഭിപ്രായങ്ങൾക്ക് ശേഷം വെള്ളിയാഴ്ചയോടെ ചിത്രത്തെക്കുറിച്ച് പോസിറ്റീവ് അഭിപ്രായങ്ങളാണ് വരുന്നത് എന്നതാണ്. ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയുടെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ ചിത്രത്തിൻറേതായി വിറ്റുപോയിരിക്കുന്നത് 41,000 ടിക്കറ്റുകളാണ്.

ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച സംഖ്യയാണിത് എന്ന് പറയേണ്ടതില്ലല്ലോ. ചിത്രത്തെ സംബന്ധിച്ച് നിർണായക ദിവസങ്ങളാണ് ഇന്നും നാളെയും. ആദ്യ വാരാന്ത്യ ദിനങ്ങളായ ശനി, ഞായർ ദിനങ്ങളിൽ ചിത്രം എത്തരത്തിൽ കളക്റ്റ് ചെയ്യും എന്നതാണ് അണിയറക്കാരും സിനിമാലോകവും ഉറ്റുനോക്കുന്നത്. സമ്മിശ്ര അഭിപ്രായങ്ങളിൽ നിന്ന് പോസിറ്റീവ് അഭിപ്രായങ്ങളിലേക്ക് ചേക്കേറിയാൽ ബോക്സ് ഓഫീസിൽ ചിത്രം വേറിട്ട ദിശയിലേക്ക് കുതിക്കാനുള്ള സാധ്യതയാണ് കാണുന്നത്.