രണ്ട് വാചകത്തില്‍ ‘ചാവേര്‍’ റിവ്യൂവുമായി ലിജോ ജോസ് പെല്ലിശ്ശേരി
1 min read

രണ്ട് വാചകത്തില്‍ ‘ചാവേര്‍’ റിവ്യൂവുമായി ലിജോ ജോസ് പെല്ലിശ്ശേരി

മലയാളത്തിലെ യുവനിര സംവിധായകരില്‍ തനതായ ശൈലി കൊണ്ട് ശ്രദ്ധ നേടിയ ആളാണ് ടിനു പാപ്പച്ചന്‍. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടിനു സംവിധാനം ചെയ്ത ചിത്രം ഇപ്പോള്‍ തിയറ്ററുകളിലുണ്ട്. കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ ആണ് ആ ചിത്രം. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോയ് മാത്യുവാണ്. ഒരു പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ നിഗൂഢതകളും ഉദ്വേഗജനകമായ കഥാമുഹൂര്‍ത്തങ്ങളും ത്രില്ലും സസ്‌പെന്‍സുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, അരുണ്‍ നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.

എന്നാല്‍ തന്റെ ആദ്യ രണ്ട് ചിത്രങ്ങളില്‍ നിന്നും വേറിട്ട ശൈലിയിലാണ് ടിനു ചാവേര്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് തന്നെ ഇതൊരു അപ്രതീക്ഷിത അനുഭവമായിരുന്നു. വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. വന്‍ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ലെന്നാണ് ഒരുവിഭാഗത്തിന്റെ പ്രതികരണം. മനഃപൂര്‍വ്വമായ ഡീഗ്രേഡിംഗ് നടക്കുന്നുവെന്നും പറയപ്പെടുന്നു. അതേസമയം ചിത്രം ഇഷ്ടപ്പെടുന്നവരും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങളുമായി എത്തുന്നുണ്ട്. ഇപ്പോഴിതാ ടിനുവിന്റെ ചിത്രത്തെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഗുരു കൂടിയായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സോഷ്യല്‍ മീഡിയയിലൂടെയാണ് ലിജോയുടെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ലിജോയുടെ കുറിപ്പ്

 

നിരപരാധിയുടെ ജീവനെടുത്ത ശേഷം ജീപ്പിനകത്തോടി കയറിയ സംഘത്തില്‍ നമ്മളുമുണ്ട്. അതിവേഗത്തില്‍ പായുന്ന ഒരു മോട്ടോര്‍ വാഹനത്തിനകത്തിരുന്ന് ബോംബ് സ്‌ഫോടനത്തിന്റെ മുഴക്കവും ഇരുട്ടും ചതിയും മരണവീടിന്റെ അലറിക്കരച്ചിലും ആള്‍ക്കൂട്ടത്തിന്റെ ഇരമ്പവും കടന്ന് മൂടല്‍ മഞ്ഞിലെ ചുവപ്പിനകത്തെ കട്ടച്ചോരയില്‍ വെടിയേറ്റ് വീണവരുടെ ജഡങ്ങള്‍ക്കിടയിലെ ഇരയും വേട്ടക്കാരനും നമ്മുടെ മുന്നില്‍ കെട്ടുപിണഞ്ഞു കിടന്നു.

 

കാവ്യ ഫിലിം കമ്പനി, അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, അരുണ്‍ നാരായണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ ചാക്കോച്ചനൊപ്പം മനോജ് കെ യു, അര്‍ജുന്‍ അശോകന്‍, സംഗീത, സജിന്‍ ഗോപു, അനുരൂപ് എന്നിങ്ങനെ നിരവധി താരങ്ങള്‍ മികവാര്‍ന്ന പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. കണ്ണൂരിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിംഗും പശ്ചാത്തല സംഗീതവും ഗാനങ്ങളും ചാവേറിനെ ഏറെ മനോഹരമാക്കുന്നുണ്ട്.