
ഇതിഹാസങ്ങൾ ഒന്നിക്കുന്നു… സകലമാന ബോക്സ്ഓഫീസ് റെക്കോർഡുകളും ഇനി ഇവരുടെ കാൽച്ചുവട്ടിലാകും
ഇന്ത്യൻ സിനിമാലോകത്തിന് സ്വപ്നതുല്യമായ ഒരു മഹാസംഭവമാണ് നടക്കാൻ പോകുന്നത്. താര സിംഹാസനങ്ങൾ അലങ്കരിക്കുന്ന രണ്ട് ഇതിഹാസങ്ങൾ ഒന്നിക്കുന്നു എന്നതാണ് പുതിയ വിവരം. മെഗാസ്റ്റാർ മമ്മൂട്ടിയും ഉലകനായകൻ കമലഹാസനും ആണ് ഒരേ സിനിമയിൽ ഒന്നിച്ച് അഭിനയിക്കാൻ പോകുന്നത്. ആരാധകർക്ക് മാത്രമല്ല സിനിമാലോകത്തിന് ഉൾപ്പെടെ വലിയ പ്രതീക്ഷയാണ് ഈ വിവരം നൽകുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം വിക്രം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ബോക്സ് ഓഫീസ് ഇളക്കിമറിച്ച കമലഹാസൻ ഇപ്പോൾ ന്യൂജനറേഷനും പ്രിയപ്പെട്ടവനായി കഴിഞ്ഞു. അത്രയേറെ പോസിറ്റീവ് റിപ്പോർട്ടുകളാണ് വിക്രം എന്ന ചിത്രത്തിന് ലഭിച്ചത്. വിക്രത്തിന് ശേഷം കമലഹാസൻ നായകനാകുന്ന ചിത്രത്തിലാണ് മെഗാസ്റ്റാർ മമ്മൂട്ടി ഒരുമിക്കുന്നത്. വള പേച്ചു എന്ന തമിഴിലെ ഒരു പ്രമുഖ ഓൺലൈൻ മാധ്യമമാണ് ഈ വാർത്ത ഔദ്യോഗികമായി പുറത്തു വിട്ടത്.
മലയാളത്തിലെ ഹിറ്റ്മേക്കർ മഹേഷ് നാരായണനാണ് കമലഹാസൻ- മമ്മൂട്ടി ചിത്രം ഒരുക്കുന്നത്. കമലഹാസൻ മഹേഷ് നാരായണൻ ചിത്രം ഒരുങ്ങുന്നു എന്ന വാർത്ത നേരത്തെ തന്നെ പുറത്തു വന്നിരുന്നു. എന്നാൽ അതിൽ മമ്മൂട്ടിയും ഉണ്ട് എന്ന വിവരം ഇപ്പോഴാണ് പുറത്തുവിടുന്നത്. കമലഹാസനും മഹേഷ് നാരായണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കമലിന്റെ നിർമ്മാണ കമ്പനിയായ രാജ്കമൽ ഇന്റർനാഷണലാണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈ അവസാന വാരത്തോടെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. വർഷങ്ങൾക്ക് മുമ്പ് മമ്മൂട്ടിയും രജനീകാന്തും ഒന്നിച്ച മണിരത്നം ചിത്രം ദളപതി വൻ ഹിറ്റായിരുന്നു. രജനികാന്ത് മമ്മൂട്ടി കോമ്പിനേഷൻ ആരാധകർക്കിടയിൽ ഇന്നും ചർച്ചാവിഷയമാണ്. വർഷം ഒരുപാട് ആയെങ്കിലും മമ്മൂട്ടിയും കമലഹാസനും ഒന്നിച്ച് എത്തുന്നു എന്നത് ദളപതി പോലെ മികച്ച ഒരു കൂട്ടുകെട്ട് സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം. കമലഹാസനൊപ്പം മോഹൻലാൽ ഒന്നിച്ച ചിത്രം ഉന്നൈ പോൽ ഒരുവൻ ആയിരുന്നു.
400 കോടി ക്ലബ്ബിൽ ഇടം നേടി തമിഴ് സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് കമലഹാസന്റെ വിക്രം. ചിത്രത്തിന്റെ ഈ വിജയം അടുത്ത സിനിമയിലും സംഭവിച്ചാൽ ഉലകനായകന് അത് ഇരട്ടിമധുരം ആകും. കമലഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ, ചെമ്പൻ വിനോദ്, തുടങ്ങിയ താരങ്ങൾ വിക്രത്തിൽ എത്തിയിരുന്നു. എല്ലാവർക്കും മികച്ച കഥാപാത്രങ്ങളും പ്രാധാന്യവും ചിത്രത്തിൽ ഉണ്ടായിരുന്നു. എല്ലാ താരങ്ങളും ചേർന്ന് നല്ല ഒരു മാസ്സ് ആക്ഷൻ എന്റർടൈനർ ആയിരുന്നു വിക്രം. ഈ പ്രായത്തിലും കമലഹാസൻ ഒരു മാസ് പരിവേഷവുമായി എത്തിയപ്പോൾ തിയേറ്ററിനെ അത് പൂരപ്പറമ്പാക്കി. സമാനമായ പ്രതികരണം തന്നെയായിരുന്നു അമൽ നീരദ് മമ്മൂട്ടിയെ വെച്ച് ഒരുക്കിയ ഭീഷ്മ പർവ്വത്തിന് ലഭിച്ചതും. നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിച്ചപ്പോൾ മലയാളത്തിലും ഒരു മാസ്സ് ആക്ഷൻ ചിത്രം തന്നെയാണ് ലഭിച്ചത്. ഗോഡ്ഫാദർ വേഷത്തിൽ മമ്മൂട്ടി എത്തിയപ്പോൾ അദ്ദേഹത്തിന്റെ ആക്ഷനും ലുക്കും എല്ലാം ഒരുപോലെ ചർച്ചയായിരുന്നു. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ഭീഷ്മ പർവ്വം വൻ വിജയമായിരുന്നു.
ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ദേശീയ പുരസ്കാരം നേടിയ നടൻമാരുടെ പട്ടികയിൽ മുൻനിരയിലുള്ള കമലഹാസനും മമ്മൂട്ടിയും ഒന്നിക്കുമ്പോൾ അടുത്ത മെഗാഹിറ്റ് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. അടുത്തിടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാളിന് ആശംസകളുമായി കമലഹാസൻ ഒരു വീഡിയോയുമായി എത്തിയിരുന്നു. ആ ആശംസ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. എന്തായാലും പുറത്തുവന്ന വാർത്തകൾക്കനുസരിച്ച് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താര സംഗമം തന്നെയായിരിക്കും മഹേഷ് നാരായണൻ ഒരുക്കുന്ന ഈ ചിത്രമെന്ന് പ്രതീക്ഷിക്കാം.