മമ്മൂട്ടിയുടെ മൈക്കിളപ്പന്റെ ലാന്‍ഡ് ക്രൂസറിന് പാക്കിസ്ഥാൻ ബന്ധം?; ആ കഥ ഇങ്ങനെ
1 min read

മമ്മൂട്ടിയുടെ മൈക്കിളപ്പന്റെ ലാന്‍ഡ് ക്രൂസറിന് പാക്കിസ്ഥാൻ ബന്ധം?; ആ കഥ ഇങ്ങനെ

ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒരുമിച്ച ചിത്രം ‘ഭീഷ്മ പര്‍വം തിയറ്ററുകളില്‍ മുന്നേറുകയാണ്. സിനിമയിലെ മൈക്കിളപ്പനും പിള്ളേര്‍ക്കുമൊപ്പം ചര്‍ച്ച ചെയ്യപ്പെടുകയാണ് മമ്മൂട്ടിയുടെ കഥാപാത്രം ഉപയോഗിക്കുന്ന ലാന്‍ഡ് ക്രൂസര്‍ കാര്‍. KCF 7733 എന്ന നമ്പറുള്ള ആ കാര്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ് ഓടിക്കയറിയത്.

 

കോഴിക്കോട് സ്വദേശിയായ അശ്വിന്‍ ആണ് ഈ വാഹനത്തിന്റെ ഉടമസ്ഥന്‍. വാഹനത്തെക്കുറിച്ച് ഒരു സിനിമാക്കഥയേക്കാള്‍ വലിയ കഥയാണ് അശ്വിന് പറയാനുള്ളത്. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന വാഹനം 1983 മോഡല്‍ ലാന്‍സ് ക്രൂസറാണ്. റൈറ്റ് ഹാന്‍ഡ് ഡ്രൈവ് ആയ വാഹനം സിംഗപ്പൂരില്‍ നിന്ന് ഖത്തര്‍ വഴിയാണ് കേരളത്തില്‍ എത്തിയത്. 2006ലാണ് അശ്വിന്‍ ഈ വാഹനം സ്വന്തമാക്കിയത്. അതിനു ശേഷം KL 11 J 7733 എന്ന നമ്പറില്‍ അശ്വിന്‍ തന്നെയാണ് ഈ വാഹനം ഉപയോഗിച്ചത്. എന്നാല്‍ ഇതിനു മുമ്പ് സിനിമകള്‍ക്കൊന്നും വാഹനം കൊടുത്തിട്ടില്ല. അതേ സമയം മമ്മൂട്ടി അമല്‍ നീരദ് ചിത്രത്തിന് വാഹനം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അശ്വിന്‍ പറഞ്ഞു. മമ്മൂട്ടിയും സൗബിനുമാണ് ഈ വാഹനം ചിത്രത്തില്‍ ഓടിച്ചത്. എഞ്ചിനോ മറ്റു ഘടകങ്ങള്‍ക്കോ പണി വന്നാല്‍ നന്നാക്കാന്‍ നല്ല ബുദ്ധിമുട്ടായതു കൊണ്ട് അധികം ആര്‍ക്കും വാഹനം ഓടിക്കാന്‍ കൊടുക്കാറില്ലെന്നും അശ്വിന്‍ പറയുന്നു.

 

ഈ മോഡല്‍ വളരെ കുറച്ച് മാത്രമേ നിര്‍മിക്കപ്പെട്ടിട്ടുള്ളൂ. അതുകൊണ്ടു തന്നെ വാഹനം കേടായാല്‍ പാര്‍ട്‌സുകള്‍ കിട്ടാന്‍ വളരെ പ്രയാസമാണ്. 2012ല്‍ എഞ്ചിന്‍ പണി വന്നതിന് ശേഷം 2017ലാണ് പാര്‍ട്‌സ് എല്ലാം ലഭിച്ച് വാഹനം വീണ്ടും റണ്ണിങ്ങ് കണ്ടീഷന്‍ ആയത്. വാഹനത്തിന്റെ പണി മുഴുവന്‍ കഴിഞ്ഞിട്ടും എഞ്ചിന്റെ ഒരു ഘടകം കിട്ടാന്‍ ഏറെ ബുദ്ധിമുട്ടി. കമ്പനിയെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. ഡല്‍ഹിയില്‍ അന്വേഷിച്ചപ്പോള്‍ അവിടെയും ഇല്ല. തുടര്‍ന്ന് വാഹനത്തോടുള്ള തന്റെ താല്‍പര്യം മനസിലാക്കിയ വര്‍ക് ഷോപ്പ് ഉടമ പൊളിച്ച വാഹനത്തിലെ പാര്‍ട്‌സ് പാകിസ്ഥാനില്‍ നിന്ന് ഇവിടേക്ക് എത്തിക്കുകയായിരുന്നു.

അതേ സമയം ബോക്‌സ്ഓഫിസില്‍ മൈക്കിളപ്പന്റെ വേട്ട തുടരുകയാണ്. ‘ഭീഷ്മ പര്‍വം’ അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടിയതായി ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്തു. ലൂസിഫറിനും കുറുപ്പിനും ശേഷം മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടുന്ന മൂന്നാമത്തെ ചിത്രമാണ് ‘ഭീഷ്മ പര്‍വം’. കേരളത്തില്‍ മാത്രമല്ല ലോകം മുഴുവനും ചിത്രം തരംഗമായി കഴിഞ്ഞു.

ആദ്യ നാല് ദിവസങ്ങള്‍ കൊണ്ട് എട്ട് കോടിക്ക് മുകളില്‍ ഷെയര്‍ നേടിയെന്ന് ഫിയോക് പ്രസിഡന്റ് പറഞ്ഞിരുന്നു. കോവിഡ് പ്രതിസന്ധിക്കു ശേഷം കേരളത്തിലെ തിയറ്ററുകളില്‍ ഇത്രയധികം ആവേശം കൊണ്ടുവന്ന സിനിമ വേറെ ഇല്ലെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴും എല്ലാ തിയറ്ററിലും ഹൗസ് ഫുള്‍ ആയി തുടരുകയാണ് സിനിമ. ആദ്യ ദിനം മൂന്ന് കോടിക്ക് മുകളില്‍ ഭീഷ്മപര്‍വം നേടിയിരുന്നു. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മപര്‍വത്തിന് ഉണ്ടായിരുന്നത്.