
ഇന്ത്യൻ ഓഡിയൻസ് കൈവിട്ട ആമീർ ഖാനെ ഇന്റർനാഷണൽ ഓഡിയൻസ് പൊക്കിയെടുത്തു! ലാൽ സിംഗ് ചദ്ധയ്ക്ക് 7.5മില്യൺ ഡോളർ നേട്ടം
ഏതൊരു ആമീർഖാൻ ചിത്രവും തിയേറ്ററിൽ എത്തുമ്പോൾ ആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. എന്നാൽ പ്രതീക്ഷകൾ മുഴുവൻ കാറ്റിൽപ്പറത്തിക്കൊണ്ട് ആമീർ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ലാൽ സിംഗ് ചദ്ധ തീയേറ്ററിൽ തകർന്നടിയുന്ന കാഴ്ചയാണ് നാം കണ്ടത്. ആരാധകരെ ഒന്നടങ്കം വിസ്മയിപ്പിക്കാൻ എത്തുന്ന ചിത്രം ആയിരിക്കും ഇത് എന്ന് പ്രതീക്ഷിച്ചെങ്കിലും ഇന്ത്യൻ ബോക്സ് ഓഫീസിൽ സിനിമയൊരു പരാജയം ആവുകയായിരുന്നു. അൻപത് കോടിയോളം രൂപ ദിവസങ്ങൾ പിന്നിട്ടതിന് ശേഷം മാത്രമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ സിനിമ ഒരു പരാജയമായിരുന്നു എങ്കിലും പുറത്ത് വമ്പൻ കളക്ഷൻ റെക്കോർഡുകൾ നേടി സിനിമ കുതിച്ചു കൊണ്ടിരിക്കുകയാണ്.

നിലവിൽ ഇന്റർനാഷണൽ ബോക്സ് ഓഫീസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ വാരിയ ബോളിവുഡ് സിനിമ എന്ന ഖ്യാതി ലാൽ സിംഗ് ചദ്ധയ്ക്ക് ആണ്. ആലിയ ഭട്ട് നായികയായി എത്തിയ ഗംഗുഭായി കത്യവാടിയുടെ റെക്കോർഡ് തകർത്തു കൊണ്ടാണ് ലാൽ സിംഗ് ചദ്ധ മുന്നിലേക്ക് എത്തിയത്. റിലീസ് ചെയ്ത ഒരാഴ്ചക്കുള്ളിൽ 50 കോടിയോളം രൂപയാണ് ചിത്രം നേടിയെടുത്തത്. ഗംഗുഭായി എന്ന സിനിമ 7.47 മില്യൺ രൂപയാണ് ഇന്റർനാഷണൽ ബോക്സോഫീസിൽ നിന്നും കലക്ഷൻ നേടിയത്. ഇതിന് താഴെയായി ഭൂൽ ഭുലയ്യ, കാശ്മീർ ഫയൽസ് തുടങ്ങിയ ചിത്രങ്ങളാണ് നിൽക്കുന്നത്.

ടോം ഹാങ്ക്സ് 1999ൽ അഭിനയിച്ച അമേരിക്കൻ ചലച്ചിത്രമായ ഫോറസ്റ്റ് ഗമ്പ് എന്ന ചിത്രത്തിന്റെ റീമേക്ക് ആയാണ് ലാൽ സിംഗ് ചദ്ധ എന്ന ചിത്രം നിർമ്മിച്ചത്. 2018 ഫോറസ്റ്റ് ഗമ്പ് എന്ന ചിത്രത്തിന്റെ റീമേക്ക് അവകാശം ആമീർഖാൻ നേടിയെടുക്കുക ആയിരുന്നു. ഇന്ത്യയുടെ വ്യത്യസ്ത സ്ഥലങ്ങളിൽ വെച്ച് ചിത്രീകരണം പൂർത്തീകരിച്ച് സിനിമയുടെ ട്രെയിലർ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ സിനിമ ഒരു പരാജയം ആവുകയായിരുന്നു. കരീന കപൂർ നായികയായെത്തിയ ചിത്രത്തിൽ ഷാരൂഖ് ഖാനും അതിഥി വേഷത്തിൽ എത്തിയിരുന്നു. ആമിർഖാന്റെ സിനിമയായ സീക്രട്ട് സൂപ്പർ സ്റ്റാർ എന്ന ചിത്രത്തിന്റെ സംവിധായകനായ അദ്വൈത് ചന്ദ്രൻ ആയിരുന്നു സിനിമയുടെ സംവിധായകൻ. ഇന്ത്യയിലെ സിനിമാ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ കഴിഞ്ഞില്ല എന്നതായിരുന്നു സിനിമയുടെ പരാജയം.
