‘വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’; ന്നാ താന്‍ കേസ് കൊട് പോസ്റ്ററിലെ ക്യാപ്ഷന്‍ വിവാദത്തില്‍
1 min read

‘വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’; ന്നാ താന്‍ കേസ് കൊട് പോസ്റ്ററിലെ ക്യാപ്ഷന്‍ വിവാദത്തില്‍

നകം, കാമിനി, കലഹം എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ചിത്രത്തിലെ യേശുദാസ് – ഓ. എന്‍. വി. കുറുപ്പ് കൂട്ടുകെട്ടില്‍ ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ നിത്യഹരിത ഗാനം ‘ദേവദൂതര്‍ പാടി’യുടെ റീമിക്‌സ് പതിപ്പും കുഞ്ചാക്കോയുടെ വേറിട്ട ഡാന്‍സുമെല്ലാം വൈറലായിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരുമായി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു ഗാനം. നിയമ പ്രശ്‌നങ്ങള്‍ ചുറ്റിപറ്റി കോടതിയില്‍ ഒരു കള്ളനും മന്ത്രിയും തമ്മില്‍ നടക്കുന്ന കോടതി വിചാരണയുടെ പശ്ചാത്തലത്തില്‍ ആണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ആക്ഷേപഹാസ്യ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്ററിലെ ക്യാപ്ഷന്‍ വിവാദത്തിലായിരിക്കുകയാണ്. വ്യാഴാഴ്ച ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് പുറത്ത് വന്ന പോസ്റ്ററിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ‘തിയേറ്റുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നാണ് പോസ്റ്ററിലെ ക്യാപ്ഷന്‍. ഫേസ്ബുക്ക് പോസ്റ്റിന് താഴെയും ട്രോളുകളും വിമര്‍ശനങ്ങളും നിറയുകയാണ്. ‘കുഴി അടച്ചിട്ട് വരാം അപ്പോഴേക്കും പടം ടെലഗ്രാമില്‍ കിട്ടുമല്ലോ, അവസാനനിമിഷം കലം ഉടച്ചു കളഞ്ഞല്ലോ അണ്ണാ, ആരുടെ ബുദ്ധിയാണെങ്കിലും അവന്‍ നിങ്ങളുടെ ശത്രുവാണ്. ഇനി വരുന്നത് അനുഭവിച്ചോ, ഇതു വരെ എല്ലാം ഒക്കെ ആയിരുന്നു അവസാനം ഇതിന്റ ആവിശ്യം ഉണ്ടായിരുന്നോ’ എന്നായിരുന്നു ഒരു പോസ്റ്റ്.

പോസ്റ്റിനെതിരെ ഇടത് പ്രൊഫൈലുകളില്‍ നിന്നും വിമര്‍ശനമുയരുന്നുണ്ട്. ‘മഴയല്ലേ, ഞങ്ങടെ നാട്ടിലൊക്കെ കുഴിയും ഉണ്ട്. എന്നാപ്പിന്നെ റോഡ് നന്നാക്കിയിട്ട് വീട്ടില്‍ ഇരുന്നു ഒ.ടി.ടിയില്‍ കണ്ടാലോ ചാക്കോച്ഛന്റെ പടം’ എന്നാണ് മുഹമ്മദ് ഷാഫി പോസ്റ്റ് ഷെയര്‍ ചെയ്ത് കുറിച്ചത്. പ്രേം കുമാര്‍ പങ്കുവെച്ച് കുറിപ്പിങ്ങനെ : ‘ബിരിയാണിച്ചെമ്പില്‍ പിണറായി സ്വര്‍ണം കടത്തി എന്നപോലെ, സി.പി.ഐ.എം. തീരുമാനിച്ചിട്ട് എല്ലാ പെണ്‍കുട്ടികളെയും പാന്റിടീക്കുന്നു എന്നപോലെ, സില്‍വര്‍ലൈന്‍ എന്നാല്‍ റെയില്‍വേ അറിയാതെ എല്‍.ഡി.എഫ് നടത്തും പരിപാടിയാണെന്ന പോലെ, കൃത്യമായ ലക്ഷ്യങ്ങളോടെ, വൃത്തിയായി കാര്യങ്ങള്‍ ചെയ്യാന്‍ നോക്കുന്നവരെ അധിക്ഷേപിക്കാന്‍ ചിലര്‍ കഥയെഴുതി, വേറെ ചിലര്‍ സംവിധാനം ചെയ്ത്, മാപ്രകള്‍ വിതരണം നടത്തുന്ന ജനവിരുദ്ധ ക്യാമ്പയിനാണ് കേരളം മുഴുവന്‍ റോട്ടില്‍ കുഴികളാണെന്നത്.

ഇങ്ങനെയൊരു പരസ്യവാചകമെഴുതുന്നതിലൂടെ ഞങ്ങളും ആ ജനവിരുദ്ധമുന്നണിയിലാണെന്ന് ഉളുപ്പില്ലാതെ പറയുകയാണ് ഈ സിനിമാവിതരണക്കാര്‍. വഴിയില്‍ കുഴിയുണ്ട് എന്നുറപ്പാണല്ലേ; ചിലയിടത്ത് ഉണ്ടാവാം എന്ന് പോലുമല്ലല്ലോ. ഇന്ന് തന്നെ ഈ പടം കാണാന്‍ തീരുമാനിച്ചിരുന്നതാണ്. ഇന്നിനി കാണുന്നില്ലെന്ന് വെച്ചു. ഇനിയെന്തായാലും എത്ര കുഴിയുണ്ടെന്നറിഞ്ഞിട്ടാവാം. ആര്‍ക്കും വന്ന് കൊട്ടാനുള്ള ചെണ്ടയാവരുത് ജനങ്ങള്‍ തെരഞ്ഞെടുത്തൊരു ജനകീയ സര്‍ക്കാര്‍’ എന്നായിരുന്നു കുറിപ്പ്.

അതേസമയം, സിനിമയ്ക്ക് എതിരായ വിമര്‍ശനങ്ങള്‍ക്കെതിരെ വിടി ബല്‍റാം രംഗത്തെത്തി. കേരളത്തിലെ മുഴുവന്‍ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുള്‍പ്പെടുത്തി എന്നതിന്റെ പേരില്‍ ഒരു സിനിമയെ ബഹിഷ്‌ക്കരിക്കാനാവശ്യപ്പെടുന്നു ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാര്‍ക്‌സിസ്റ്റുകാരെന്നും ബല്‍റാം കുറിച്ചു. എന്നാല്‍ ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ മികച്ച റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ചാക്കോച്ചന്റെ ചോക്ലേറ്റ് ഹീറോ എന്നുള്ള ഇമേജ് ഈ ചിത്രം തകര്‍ത്തെറിഞ്ഞുവെന്ന് തന്നെ പറയാം. അത്രയും നല്ല പെര്‍ഫോമന്‍സാണ് കുഞ്ചാക്കോ ബോബന്‍ കാഴ്ച്ചവെച്ചിരിക്കുന്നത്. ഫസ്റ്റ് ഹാഫ് നല്ല കോമഡിയാണെന്നും സെക്കന്റ് ഹാഫും സൂപ്പറാണെന്നും പ്രേക്ഷകര്‍ പറയുന്നു.