ടിക്കറ്റുകൾ കിട്ടാനില്ല! ടോവിനോയുടെ തല്ലുമാലയ്ക്ക്  വൻതിരക്ക്; ഹെവി കളക്ഷൻ കിട്ടുമെന്ന് റിപ്പോർട്ടുകൾ
1 min read

ടിക്കറ്റുകൾ കിട്ടാനില്ല! ടോവിനോയുടെ തല്ലുമാലയ്ക്ക് വൻതിരക്ക്; ഹെവി കളക്ഷൻ കിട്ടുമെന്ന് റിപ്പോർട്ടുകൾ

ചുരുങ്ങിയ കാലം കൊണ്ട് മലയാള പ്രേക്ഷകരുടെ മനസ്സുകളിൽ ഇടം നേടിയ യുവനടനാണ് ടോവിനോ തോമസ്. ടോവിനോ തോമസ് നായകനായ എത്തുന്ന ഒരു ആക്ഷൻ കോമഡി ചിത്രമാണ് ‘തല്ലുമാല’. മുഹ്സിൻ പരാരിയുടെ തിരക്കഥയിലും ഖാലിദ് റഹ്മാന്റെ സംവിധാനത്തിലും ഒരുങ്ങുന്ന ചിത്രമാണ് തല്ലുമാല. ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ആഷിക് ഉസ്മാനാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് കല്യാണി പ്രിയദർശനാണ്. ഷൈൻ ടോം ചാക്കോ, ലുക്മാൻ, അവറാൻ, അദ്രി ജോയ്, ബിനു പാപ്പു, ചെമ്പൻ വിനോദ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിഷ്ണു വിജയയാണ് ചിത്രത്തിൽ സംഗീതം നിർവഹിച്ചിരിക്കുന്നത്. സിനിമയിലെ പുറത്തിറങ്ങിയ പാട്ടുകളെല്ലാം തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമായിരുന്നു.

ഓഗസ്റ്റ് 12 – നാണ് സിനിമയുടെ റിലീസ്. ഓഗസ്റ്റ് 10 ബുധനാഴ്ച രാവിലെ 10 മണിക്ക് ആയിരുന്നു ചിത്രത്തിന്റെ പ്രീ ബുക്കിംഗ് തുടങ്ങിയത്. ഒട്ടനവധി തീയേറ്ററുകളിൽ ആദ്യ ദിവസത്തെ ടിക്കറ്റുകൾ എല്ലാം വിറ്റു പോയിരിക്കുകയാണ്. ബുക്കിംഗ് തുടങ്ങി മിനിറ്റുകൾക്ക് അകമാണ് ഇവ വിറ്റ് പോയത്. ഈ സാഹചര്യത്തിൽ സ്പെഷ്യൽ ഷോകൾ വരെ ഉൾപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ ടിക്കറ്റ് ബുക്കിംഗ് തുടങ്ങുന്നതിനു മുൻപ് ഗൾഫ് രാജ്യങ്ങളിൽ ബുക്കിംഗ് തുടങ്ങിയിരുന്നു. ഇവിടെയും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് കാണാൻ സാധിച്ചത്. അഡ്വാൻസ് ബുക്കിങ്ങിലെ ഈ മികച്ച പ്രതികരണങ്ങൾ തല്ലുമാലയുടെ വിജയസാധ്യത കൂട്ടുന്നു. കുറെ നാളുകൾക്ക് ശേഷം ഉത്സവ ഓളമുള്ള ചിത്രം പുറത്തിറങ്ങുന്ന സന്തോഷത്തിലാണ് പ്രേക്ഷകർ.

സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷൻ നല്ല രീതിയിൽ ആകുമെന്നാണ് മൂവി അനലിസ്റ്റുകൾ നിരീക്ഷിക്കുന്നത്. റിലീസിന് രണ്ടുദിവസം മാത്രം ബാക്കി ചിത്രത്തിന്റെ ട്രെയിലറും പ്രമോഷനുമെല്ലാം സോഷ്യൽ മീഡിയകളിൽ തരംഗമായി മുന്നേറി കൊണ്ടിരിക്കുകയാണ്. ദുബായിൽ വരെ മികച്ച രീതിയിൽ ആണ് ചിത്രത്തിന്റെ പ്രമോഷൻ നടന്നത്. ‘തല്ലുമാല’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോലും പ്രേക്ഷകരിൽ ആകാംക്ഷയുണ്ടാക്കുന്നു. ടോവിനോയുടെ ആരാധകരും ഒപ്പം സിനിമ പ്രേമികളും വളരെ പ്രതീക്ഷയോടെയാണ് റിലീസിനായി കാത്തിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ടോവിനോ തോമസ് ചിത്രമായ ‘വാശി’ നിരൂപക പ്രശംസ നേടിയിരുന്നു. ‘അന്വേഷിപ്പിൻ കണ്ടെത്തും’, ‘ആരവം’ തുടങ്ങിയ ഒട്ടനവധി ടോവിനോ ചിത്രങ്ങൾ ഈ വർഷം റിലീസിന് എത്തുന്നുണ്ട്.