സിനിമയോട്‌ എതിർപ്പ്‌ കാണിച്ച പയ്യനിൽ നിന്ന് സിനിമയില്ലാതെ ഒരു നിമിഷം ജീവിക്കാനാകാത്ത മനുഷ്യനിലേക്ക്‌ തന്നെ മാറ്റിയ അപ്പന് പിറന്നാളാശംസിച്ച്‌ ചാക്കോച്ചൻ

മലയാള സിനിമയിലെ ചോക്ലേറ്റ്‌ നായകൻ എന്ന് കേട്ടാൽ ഓർമ്മ വരുന്ന ഒറ്റ പേരേ ഉള്ളൂ.അത്‌ കുഞ്ചാക്കോ ബോബൻ എന്നാണ്.സമീപ കാലത്തിറങ്ങിയ തന്റെ സിനിമകൾ കൊണ്ട്‌ ഈ ചോക്ലേറ്റ്‌ ഇമേജ്‌ പൊളിച്ചടക്കി കൊണ്ടിരിക്കുകയാണ് ചാക്കോച്ചൻ.സിനിമാ നടൻ ആകണമെന്ന് യാതൊരു ആഗ്രഹവുമില്ലാതിരിക്കുമ്പോൾ വീട്ടുകാരുടെ സിനിമാപശ്ചാത്തലം മൂലം സിനിമയിൽ എത്തിപെട്ടയാളാണ് കുഞ്ചാക്കോ ബോബൻ.ആ ഓർമ്മകൾ പുതുക്കുന്ന ഒരു കുറിപ്പാണ് തന്റെ പിതാവിന്റെ ജന്മ ദിനത്തിൽ ചാക്കോച്ചൻ പിതാവിനു ആശംസകളോടെ പങ്കു വെച്ചിരിക്കുന്നത്‌.

പിറന്നാളശംസകൾ അപ്പാ.ഈ വർഷം ആശംസിക്കുന്നതിൽ ഒരു ചെറിയ പ്രത്യേകതയുണ്ട്‌.

എല്ലാ തരത്തിലും സിനിമയോട്‌ വിമുഖത കാണിച്ചിരുന്ന പയ്യനിൽ നിന്നും സിനിമയോടുള്ള പാഷൻ കൊണ്ട്‌ ഒരു നിമിഷം പോലും സിനിമയില്ലാതെ ജീവിക്കാൻ സാധിക്കാത്ത മനുഷ്യനിലേക്ക്‌.

സിനിമയിൽ ഒരു വർഷം പോലും തികയ്ക്കുമോ എന്ന് സംശയിച്ചിരുന്ന പയ്യനിൽ നിന്ന് 25 വർഷം പൂർത്തിയാക്കുന്ന മനുഷ്യനിലേക്ക്‌.
ഉദയ എന്ന പേരിനെ പോലും വെറുത്തിരുന്ന പയ്യനിൽ നിന്നും ആ ബാനറിനു കീഴിൽ രണ്ടാമത്തെ ചിത്രം നിർമ്മിക്കുന്ന മനുഷ്യനിലേക്ക്‌.
ഞാൻ പോലും അറിയാതെ എന്നിൽ സിനിമയോടും അഭിനയത്തോടും ഉള്ള അഭിനിവേശം അപ്പാ നിങ്ങൾ പകർന്ന് തന്നു.എന്റെ സമ്പാദ്യവും അറിവും ഞാൻ നിങ്ങളിൽ നിന്ന് പഠിച്ച അടിസ്ഥാനങ്ങളിൽ നിന്നാണ്.ജീവിതത്തെ കുറിച്ചും സൗഹൃദങ്ങളെ കുറിച്ചും സ്നേഹത്തെ കുറിച്ചും സിനിമയെ കുറിച്ചും ഇപ്പോഴും ഞാൻ നിങ്ങളിൽ നിന്ന് പഠിച്ചു കൊണ്ടിരിക്കുന്നു.
ഇരുണ്ട സമയങ്ങളിൽ മുകളിൽ നിന്ന് എനിക്ക്‌ വെളിച്ചമാവുകയും മുന്നോട്ട്‌ കുതിക്കുവാനുള്ള അനുഗ്രഹങ്ങൾ എന്നിൽ ചൊരിയുകയും ചെയ്യുക.
എന്റെ എല്ലാ സ്നേഹവും അങ്ങേക്ക്‌..
എന്നാണ് അപ്പനോടോപ്പമുള്ള ഒരു മനോഹര ചിത്രത്തോടോപ്പം കുഞ്ചാക്കോ ബോബൻ എഴുതിയിരിക്കുന്നത്‌.

കുഞ്ചാക്കോ ബോബന്റെ അവസാനമായി പുറത്തിറങ്ങിയ ഭീമന്റെ വഴി എന്ന സിനിമ അദ്ദേഹത്തിന്റെ കരിയറിൽ തന്നെ വ്യത്യസ്ഥമായ ഒരു വേഷമാണു പ്രേക്ഷകർക്ക്‌ സമ്മാനിച്ചിരിക്കുന്നത്‌.ഒരു പിടി സിനിമകളാണു ചാക്കോച്ചന്റേതായി അണിയറയിൽ ഒരുങ്ങുന്നത്‌.

Related Posts