പെരുമാറ്റം കൊണ്ട് അന്ന് ലാൽ അത്ഭുതപ്പെടുത്തിക്കളഞ്ഞു : വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ കാണാൻ പോയതിന്റെ ഓർമ്മ പങ്കിട്ട് കൊച്ചുപ്രേമൻ
ശബ്ദവും രൂപവും ഒപ്പം പ്രതിഭയും ഒത്തുചേർന്ന താരമായിരുന്നു കൊച്ചുപ്രേമൻ. നാടകത്തിലൂടെ സിനിമയിൽ എത്തിയ അദ്ദേഹം 250 ൽ അധികം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ എത്തി പ്രേക്ഷകരെ രസിപ്പിച്ചു. ഏഴു നിറങ്ങൾ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത് എങ്കിലും, 1997 ൽ പുറത്തിറങ്ങിയ ദില്ലിവാല രാജകുമാരനിലൂടെയാണ് സിനിമയിൽ കൊച്ചുപ്രേമൻ എന്ന നടൻ ഒരു ഇരിപ്പിടം സ്വന്തമാക്കിയത്.
ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ടിലൂടെ, മോഹൻലാലിനൊപ്പം ജനപ്രതിനിധിയായ സഹപ്രവർത്തകന്റെ വേഷത്തിലാണ് കൊച്ചുപ്രേമൻ അടുത്തിടെ വെള്ളിത്തിരയിൽ എത്തിയത്. ലാലിനൊപ്പം ഒരു ഇടവേളക്ക് ശേഷം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അന്ന് അദ്ദേഹം മാധ്യമങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ലാലിന്റെ തന്നോടുള്ള പെരുമാറ്റത്തെ കുറിച്ച് കൊച്ചുപ്രേമൻ മുൻപ് പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. നമ്മുക്ക് മോഹൻലാൽ എന്ന വ്യക്തി ഒരു സൂപ്പർ സ്റ്റാർ ആണ്. എന്നാൽ അദ്ദേഹം സെറ്റിൽ എത്തിയാൽ വലുപ്പ ചെറുപ്പം നോക്കാറില്ല എന്നു മാത്രമല്ല,ജൂണിയർ ആർറ്റിസ്റ്റുകളോട് ഒപ്പം ചേർന്ന് നിൽക്കും. കുട്ടിക്കാലം മുതൽ ലാലുമായി തനിക്ക് പരിചയമുണ്ട് എങ്കിലും മുതിർന്നപ്പോൾ ലാൽ സിനിമയിലും താൻ നാടകത്തിലും തിരക്കിൽ ആയി. വർഷങ്ങൾക്ക് ശേഷം ‘ പക്ഷേ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ലാലിനെ ആദ്യമായി കാണുന്നത്. അന്ന് കോമ്പിനേഷൻ സീനൊന്നുo സിനിമയിൽ ഇല്ലായായിരുന്നു.എങ്കിലും പരിചയം പുതുക്കാൻ കാരവാനിൽ പോയി അദ്ദേഹത്തെ കണ്ടു. തന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ആണ് അന്ന് ലാൽ പെരുമാറിയത്. മറന്നു എന്ന് സ്വയം കരുതിയപ്പോഴും ലാൽ തന്നെ ഓർത്തിരുന്നു എന്നാണ് കൊച്ചുപ്രേമൻ ആ സംഭവത്തെ ഓർത്തെടുക്കുന്നത്.
ശേഷം ഗുരു എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചു. വളരെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ആറാട്ടിൽ ലാലിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചത്. എൺപതിൽ അധികം ദിവസം ഒരുമിച്ചു അടുത്ത് ഇടപ്പെട്ടു. ഒപ്പം തന്നെ കോമ്പിനേഷൻ സീനുകൾ ധാരാളം ഉണ്ടായിരുന്നു സിനിമയിൽ .സിനിമ സുന്ദരമാർക്കും സുന്ദരികൾക്കും മാത്രമുള്ള മേഖലയാണ് എന്നായിരുന്നു തുടക്കകാലത്ത് ഒക്കെ തന്റെ കാഴ്ചപ്പാട്. എന്നാൽ പിന്നീട് ആണ് കഴിവുള്ളവർക്ക് സിനിമയിൽ എന്നും അവസരമുണ്ട് എന്ന തിരിച്ചറിവിലേക്ക് എത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.