മമ്മൂട്ടിയുടെ കാതൽ ആമസോൺ പ്രൈമിലെത്തി; സൗജന്യ സ്ട്രീമിങ്ങ് ഉടൻ ആരംഭിക്കുമെന്ന് വിവരം
1 min read

മമ്മൂട്ടിയുടെ കാതൽ ആമസോൺ പ്രൈമിലെത്തി; സൗജന്യ സ്ട്രീമിങ്ങ് ഉടൻ ആരംഭിക്കുമെന്ന് വിവരം

ജിയോ ബേബി – മമ്മൂട്ടി ചിത്രമായ കാതൽ ദി കോർ ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിച്ചു. ഇന്ത്യയ്ക്കു പുറത്തുള്ള രാജ്യങ്ങളിലാണ് ചിത്രം വാടകയ്ക്ക് ലഭിക്കുക. ഈ ആഴ്ചയിൽ തന്നെ ചിത്രം സൗജന്യമായി സ്ട്രീം ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നെന്നായിരുന്നു നിരൂപകരടക്കം കാതലിനെ വിശേഷിപ്പിച്ചത്.

സിനിമയെ പ്രശംസിച്ച് ന്യൂയോർക് ടൈംസും രംഗത്തെത്തിയിരുന്നു. മികച്ച നിരൂപക പ്രശംസയും വിജയവും നേടിയ കാതൽ- ദി കോറിലെ മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗാനുരാഗിയുടെ വേഷത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോർക് ടൈംസിന്റെ ലേഖനത്തിൽ പരാമർശിച്ചിരുന്നു.

ഗോവയിൽ നടന്ന ഐഎഫ്എഫ്ഐയിലും ചിത്രം പ്രദർശിപ്പിച്ചു. കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതലിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്.. മലയാളം സിനിമ ടുഡേ എന്ന വിഭാ​ഗത്തിലായിരുന്നു പ്രദർശനം. നവംബർ 23നാണ് ചിത്രം തിയറ്ററിൽ എത്തിയത്. ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യുന്ന സിനിമയായിട്ടു കൂടി അദ്ഭുതപ്പെടുത്തുന്ന ബോക്സ് ഓഫിസ് വിജയമാണ് ചിത്രം നേടിയത്.

മുടക്കുമുതൽ തിയറ്റർ കലക്‌ഷനിലൂടെ മാത്രം നേടിയെടുത്തു. വിദേശത്തു നിന്നും ചിത്രം കോടികൾ വാരി. മലയാളത്തിൽ നിന്നു മാത്രമല്ല തമിഴിൽ നിന്നും നിരവധിപ്പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തുവരുന്നത്. മമ്മൂട്ടിയെപ്പോലൊരു മഹാനടൻ ഇങ്ങനെയൊരു കഥാപാത്രം ചെയ്യാൻ കാണിച്ച ധൈര്യമാണ് പലരെയും അദ്ഭുതപ്പെടുത്തുന്നത്.

ജ്യോതികയുടെ കരിയറിലെയും ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് കാതലിലേത്. ജ്യോതിക, മമ്മൂട്ടി എന്നിവർക്കൊപ്പം ആർ.എസ്. പണിക്കർ, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്.